കേരളത്തില്‍ മാസ്റ്റര്‍ ബുക്കിംഗ് തുടങ്ങി, തിയറ്റര്‍ തുറക്കുന്നത് നാളെ
9 മാസങ്ങള്‍ക്ക് ശേഷം കേരളത്തിതിലെ തിയറ്ററുകള്‍ നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കുകയാണ്. വിജയ് നായകനാകുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗും തിയറ്ററുകളിലെ നേരിട്ടുള്ള ബുക്കിംഗും തുടങ്ങി. കേരളത്തിലെയും വലിയ ഇനീഷ്യല്‍ ക്രൌഡ് പുള്ളറാണ് വിജയ് എന്നതു കൊണ്ടും ഏറെക്കാലത്തിനു ശേഷം തിയറ്ററുകള്‍ തുറക്കുന്നു എന്നതിനാലും വലിയ ആവശ്യകതയാണ് ടിക്കറ്റുകള്‍ക്ക് അനുഭവപ്പെടുന്നത്. ചില തിയറ്ററുകളില്‍ തിയറ്ററുകള്‍ക്ക് മുമ്പില്‍ ക്യൂവും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് രൂപപ്പെട്ടിട്ടുണ്ട്
നാളെ മാസ്റ്ററിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ആഗോള വ്യാപകമായി ഇറങ്ങും. ഹിന്ദി പതിപ്പ് ‘വിജയ് ദ മാസ്റ്റര്‍’ 14ന് ഇറങ്ങും. ലോക്ക്ഡൌണിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ റിലീസാണ് മാസ്റ്റര്‍. മറ്റ് വലിയ ചിത്രങ്ങള്‍ ഇല്ലാത്തതിനാല്‍ തമിഴ്‍നാട്ടില്‍ 70 ശതമാനത്തിലേറേ തിയറ്ററുകള്‍ ലഭിക്കുമെന്നാണ് വിവരം. 50 ശതമാനം സീറ്റുകളിലാണ് ടിക്കറ്റ് നല്‍കാന്‍ അനുമതി. മാസ്റ്റര്‍ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ മാജിക് ഫ്രെയിംസും വടക്കന്‍ ജില്ലകളില്‍ ഐഎഎംപി ഫിലിംസും വിതരണത്തിന് എത്തിക്കുന്നു. മറ്റ് റിലീസുകള്‍ ഇല്ലാത്തതിനാല്‍ കേരളത്തിലും സ്ക്രീനുകളുടെ എണ്ണത്തില്‍ റെക്കോഡ് റിലീസാകും മാസ്റ്ററിന് ലഭിക്കുക.
വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നതും സവിശേഷതയാണ്. മാളവിക മോഹന്‍ നായികയാകുന്ന ചിത്രത്തില്‍ ശന്തനു, ഗൗരി കിഷാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. അനിരുദ്ധിന്‍റേതാണ് സംഗീതം.