മി നെക്ക്ബാന്‍ഡ് ബ്ലൂടൂത്ത് ഇയര്‍ഫോണ്‍സ് പ്രോ, മി പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍ (16 വാട്ട്) പുറത്തിറക്കി
യഥാക്രമം 1,799 രൂപയും 2,499 രൂപയുമാണ് വില
ന്യൂഡെല്‍ഹി: മി നെക്ക്ബാന്‍ഡ് ബ്ലൂടൂത്ത് ഇയര്‍ഫോണ്‍സ് പ്രോ, മി പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍ (16 വാട്ട്) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 1,799 രൂപയും 2,499 രൂപയുമാണ് വില. ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ (എഎന്‍സി) സവിശേഷതയോടെയാണ് വയര്‍ലെസ് നെക്ക്ബാന്‍ഡ് ഇയര്‍ഫോണുകള്‍ വരുന്നത്. ഇരട്ട ഡ്രൈവര്‍ സംവിധാനം, 16 വാട്ട് ഔട്ട്പുട്ട്, ഐപിഎക്‌സ്7 വാട്ടര്‍ റെസിസ്റ്റന്‍സ് എന്നിവയാണ് വയര്‍ലെസ് സ്പീക്കറിന്റെ സവിശേഷതകള്‍.
ഷവോമിയുടെ പുതിയ ഓഡിയോ ഉല്‍പ്പന്നങ്ങള്‍ മി ബ്രാന്‍ഡിലാണ് വിപണിയിലെത്തിക്കുന്നത്. മല്‍സരാധിഷ്ഠിത വിലയില്‍ പ്രീമിയം ഫീച്ചറുകളും രൂപകല്‍പ്പനയും സമ്മാനിക്കുന്നു. റിയല്‍മി, ബോട്ട് എന്നീ എതിരാളി ബ്രാന്‍ഡുകളെയാണ് വെല്ലുവിളിക്കുന്നത്. മി ഓണ്‍ലൈന്‍ സ്‌റ്റോറില്‍നിന്ന് രണ്ട് ഉല്‍പ്പന്നങ്ങളും വാങ്ങാന്‍ കഴിയും.
2019 ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച മി നെക്ക്ബാന്‍ഡ് ബ്ലൂടൂത്ത് ഇയര്‍ഫോണ്‍സിന്റെ പ്രോ വേര്‍ഷനാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. കൂടുതല്‍ ഫീച്ചറുകള്‍ ലഭിച്ചു. എഎന്‍സിയാണ് ഇതില്‍ ഏറ്റവും പ്രധാനം. കൂടാതെ ഹെഡ്‌സെറ്റില്‍ മറ്റുചില ചെറിയ മെച്ചപ്പെടുത്തലുകളും നടത്തി. മെച്ചപ്പെട്ട ബ്ലൂടൂത്ത് കോഡെക് സപ്പോര്‍ട്ട്, ഐപിഎക്‌സ്5 വാട്ടര്‍ റെസിസ്റ്റന്‍സ് എന്നിവയാണ് പരിഷ്‌കാരങ്ങള്‍.
മൈക്രോ യുഎസ്ബി പോര്‍ട്ട് വഴി ചാര്‍ജ് ചെയ്യാം. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ മി നെക്ക്ബാന്‍ഡ് ബ്ലൂടൂത്ത് ഇയര്‍ഫോണുകള്‍ 20 മണിക്കൂര്‍ വരെ ഉപയോഗിക്കാം. 10 എംഎം ഡൈനാമിക് ഡ്രൈവറുകള്‍ കൂടാതെ പ്ലേബാക്ക്, ശബ്ദം, എഎന്‍സി എന്നിവ നിയന്ത്രിക്കുന്നതിന് നെക്ക്ബാന്‍ഡില്‍ കണ്‍ട്രോള്‍ സംവിധാനം നല്‍കി. രണ്ട് 8 വാട്ട് ഫുള്‍ റേഞ്ച് ഡ്രൈവറുകളാണ് മി പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ നല്‍കിയിരിക്കുന്നത്. 16 വാട്ട് ഔട്ട്പുട്ട് ലഭിക്കും.