അംബാനിക്ക് തിരിച്ചടി; ബെസോസ് ചിരിക്കുന്നു
1 min readഫ്യൂച്ചര്‍ ഗ്രൂപ്പ്-റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡീല്‍ തല്‍ക്കാലത്തേക്ക് തടഞ്ഞ് സുപ്രീം കോടതി
ആമസോണിന്‍റെ പരാതിയിലാണ് നടപടി
3.4 ബില്യണ്‍ ഡോളറിനായിരുന്നു റിലയന്‍സിന്‍റെ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുക്കല്‍
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മിലുള്ള വമ്പന്‍ ഇടപാടിന് തടയിട്ട് സുപ്രീം കോടതി. ആമസോണിന് ഇത് വിജയം. രാജ്യത്തെ റീട്ടെയ്ല്‍ മേഖലയിലെ ആധിപത്യം ആര്‍ക്കെന്ന ചോദ്യത്തിനുള്ള ഉത്തരം ഇനിയും നീളും. 3.4 ബില്യണ്‍ ഡോളറിനാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ ആസ്തികള്‍ റിലയന്‍സ് ഏറ്റെടുത്തത്. ഇതിന് തല്‍ക്കാലത്തേക്ക് അനുമതി നല്‍കേണ്ടെന്നാണ് ഇന്ത്യയുടെ കമ്പനി ട്രൈബ്യൂണലിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആമസോണിന്‍റെ പരാതിയില്‍ രേഖാമൂലമുള്ള മറുപടി വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഫ്യൂച്ചര്‍ ഗ്രൂപ്പിന് നോട്ടിസ് അയച്ചിട്ടുണ്ട്. ജസ്റ്റിസ് രോഹിന്‍ടണ്‍ എഫ് നരിമാന്‍ അടങ്ങുന്ന അണ്ടംഗ പാനല്‍ അഞ്ചാഴ്ച്ചയ്ക്ക് ശേഷം കേസ് വീണ്ടും കേള്‍ക്കും.
ശതകോടീശ്വര സംരംഭകനായ ജെഫ് ബെസോസിന്‍റെ ആമസോണിന് മുന്‍തൂക്കം നല്‍കുന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവ്. തങ്ങളുമായുണ്ടാക്കിയ പങ്കാളിത്ത കരാറിന്‍റെ ലംഘനമാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ ഡീല്‍ എന്നാണ് ആമസോണിന്‍റെ പരാതി. കഴിഞ്ഞ വര്‍ഷമാണ് ആസ്തികള്‍ വില്‍ക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് തീരുമാനിച്ചത്. കടബാധ്യത ഉള്‍പ്പടെയുള്ള പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു നീക്കം. ഏകദേശം 26000 കോടി രൂപയുടെ കടബാധ്യത ഗ്രൂപ്പിനുണ്ടെന്നാണ് കണക്കുകള്‍.
കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടരാമെങ്കിലും സുപ്രീം കോടതി തീരുമാനം വരുന്നത് വരെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് ഡീലിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സാധിച്ചേക്കില്ല.
2020 ഒക്റ്റോബര്‍ 25ന് സിംഗപ്പൂര്‍ ഇന്‍റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്‍റര്‍ പുറപ്പെടുവിച്ച എമര്‍ജന്‍സി ആര്‍ബിട്രേറ്റര്‍ ഓര്‍ഡറും ആമസോണിന് അനുകൂലമായിരുന്നു. റിലയന്‍സ് റീട്ടെയ്ലുമായുള്ള കരാര്‍ നടപ്പാക്കുന്നതിന് തടസം നില്‍ക്കുന്നതായിരുന്നു ഉത്തരവ്. ഫ്യൂച്ചര്‍ റീട്ടെയ്ലും റിലയന്‍സും തമ്മിലുള്ള ഇടപാട് ചോദ്യം ചെയ്ത് ആമസോണ്‍ നല്‍കിയ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാനുള്ള ഉത്തരവ് ഡെല്‍ഹി ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോഴത്തെ സുപ്രീം കോടതി ഉത്തരവ്.
ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ അണ്‍ലിസ്റ്റഡ് ബിസിനസിന്‍റെ 49 ശതമാനം വാങ്ങാമെന്ന് 2019ല്‍ ആമസോണ്‍ കരാറിലെത്തിയിരുന്നു. തുടര്‍ന്ന് 3 മുതല്‍ 10 വര്‍ഷത്തിനിടയില്‍ ഫ്യൂച്ചര്‍ റീട്ടെയ്ലും വാങ്ങാമെന്നായിരുന്നു കരാര്‍. എന്നാല്‍ ഇത് ലംഘിച്ചാണ് മുകേഷ് അംബാനിയുടെ റിലയന്‍സുമായി ഫ്യൂച്ചര്‍ ഗ്രൂപ്പ് പുതിയ ഡീല്‍ വെച്ചതെന്നായിരുന്നു ആമസോണിന്‍റെ പരാതി. അതേസമയം ശരിയായ നിയമോപദേശങ്ങള്‍ തേടിയ ശേഷം മാത്രമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള കരാറിലേക്ക് കടന്നതെന്നാണ് റിലയന്‍സിന്‍റെ നിലപാട്.