ചര്‍ച്ചയ്ക്ക് മുമ്പ് ഇറാനെതിരായ ഉപരോധം പിന്‍വലിക്കണമെന്ന സമ്മര്‍ദ്ദത്തിന് കീഴടങ്ങില്ലെന്ന് അമേരിക്ക
ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതിനായുള്ള ആദ്യ നടപടി സംബന്ധിച്ച് ഇറാനും അമേരിക്കയ്ക്കുമിടയില്‍ അഭിപ്രായഭിന്നത
വാഷിംഗ്ടണ്‍: 2015ലെ ആണവ കരാറിലേക്ക് മടങ്ങി വരുന്ന വിഷയത്തില്‍ ഇറാന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുമ്പില്‍ തല കുനിക്കേണ്ടതില്ലെന്ന് അമേരിക്കയുടെ തീരുമാനം. ഇറാനുമായോ കരാറിലെ മറ്റ് ശക്തികളുമായോ ഉള്ള ചര്‍ച്ചകള്‍ക്ക് മുമ്പ് കരാറുമായി ബന്ധപ്പെട്ട് അമേരിക്ക കൂടുതല്‍ നടപടികള്‍ എടുക്കില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ആദ്യ നടപടി ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നത് സംബന്ധിച്ചാണ് ഇറാനും അമേരിക്കയ്ക്കുമിടയില്‍ വാദപ്രതിവാദങ്ങള്‍ കൊഴുക്കുന്നത്.
ആദ്യം മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ അമേരിക്ക പിന്‍വലിക്കണമെന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കരാര്‍ വ്യവസ്ഥകളിലേക്ക് ആദ്യം ഇറാന്‍ മടങ്ങിവന്നെങ്കില്‍ മാത്രമേ അമേരിക്ക തുടര്‍ നടപടികള്‍ എടുക്കുകയുള്ളുവെന്നാണ് അമേരിക്ക പറയുന്നത്.
ആണവായുധങ്ങള്‍ നിര്‍മിക്കുന്നതില്‍ നിന്നും ഇറാനെ പിന്തിരിപ്പിക്കുന്ന ആണവ കരാറിലേക്ക് ഇരു രാജ്യങ്ങളും മടങ്ങിവരുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം അമേരിക്ക അറിയിച്ചിരുന്നു. ഇറാനെതിരായ ഉപരോധങ്ങള്‍ പുനഃരാരംഭിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പിന്‍വലിക്കുമെന്ന് അമേരിക്കയുടെ ആക്ടിംഗ് അംബാസഡറായ റിച്ചാര്‍ഡ് മില്‍സ്് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയെ അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം അമേരിക്ക ഉപരോധങ്ങള്‍ പിന്‍വലിച്ചാല്‍ അപ്പോള്‍ത്തന്നെ കരാര്‍ വ്യവസ്ഥകളിലേക്ക് മടങ്ങിവരാമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് അമേരിക്കയുടെ ഓഫറിനോട് പ്രതികരിച്ചത്. എന്നാല്‍, കൂടുതല്‍ നടപടികള്‍ എടുക്കാന്‍ അമേരിക്കയ്ക്ക് യാതൊരു പദ്ധതിയും ഇല്ലെന്ന് വൈറ്റ്ഹൗസ് വക്താവ് ജെന്‍ സാകി വ്യക്തമാക്കി.
കരാര്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കുന്ന കാര്യം പ്രസിഡന്റ് ജോ ബൈഡന്റെ പരിഗണനയില്‍ ഉണ്ടോ എന്ന ചോദ്യത്തിന് യൂറോപ്യന്‍ യൂണിയന്റെ ക്ഷണപ്രകാരം ഇറാനുമായും കരാറിലെ മറ്റംഗങ്ങളുമായും നയതന്ത്ര സംഭാഷണം നടത്തുന്നതിന് കൂടുതല്‍ ഭരണപരമായ നടപടികള്‍ ആവശ്യമില്ലെന്നായിരുന്നു സാകിയുടെ മറുപടി.