ക്ലബ്ഹൗസ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍
1 min readആപ്പ് ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും സൈന്‍ അപ്പ് ചെയ്യാന്‍ തല്‍ക്കാലം നിര്‍വാഹമില്ല
ന്യൂഡെല്‍ഹി: ഇന്‍വൈറ്റ് ഓണ്‍ലി ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ക്ലബ്ഹൗസ് ഒടുവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലെത്തി. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും സൈന്‍ അപ്പ് ചെയ്യാന്‍ തല്‍ക്കാലം നിര്‍വാഹമില്ല. ഇപ്പോള്‍ വെയ്റ്റ്‌ലിസ്റ്റില്‍ അംഗമാകൂ, മൊബീല്‍ ആപ്പില്‍ തങ്ങള്‍ സൈന്‍ അപ്പ് ആരംഭിക്കുമ്പോള്‍ നിങ്ങളെ അറിയിക്കുമെന്നാണ് ആന്‍ഡ്രോയ്ഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് മുന്നില്‍ തെളിയുന്ന സന്ദേശം. ക്ലബ്ഹൗസ് ആപ്പ് ഇതുവരെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ മാത്രമാണ് ലഭ്യമായിരുന്നത്. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്ന് ഇതിനകം എണ്‍പത് ലക്ഷത്തിലധികം തവണ ആപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിരുന്നു.
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പ്ലേ സ്റ്റോറില്‍നിന്ന് ക്ലബ്ഹൗസ് ആപ്പ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും ഉപയോഗിക്കാന്‍ കഴിയില്ല. പ്ലേ സ്റ്റോറില്‍നിന്ന് പത്ത് ലക്ഷത്തോളം തവണ ഇതിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ 12,000 ഓളം തവണ ഡൗണ്‍ലോഡ് ചെയ്തു. 2020 ഡിസംബറിനുശേഷം ക്ലബ്ഹൗസിന്റെ ഉപയോക്താക്കളുടെ എണ്ണം നാല് മടങ്ങിലധികമാണ് വര്‍ധിച്ചത്. 2020 ഏപ്രില്‍ മാസത്തിലാണ് ആഗോളതലത്തില്‍ ആദ്യമായി ക്ലബ്ഹൗസ് പുറത്തിറക്കിയത്. വളരെ വേഗമാണ് ഇന്ത്യയുള്‍പ്പെടെ ആഗോളതലത്തില്‍ ആപ്പ് ജനപ്രീതി പിടിച്ചുപറ്റിയത്.
ക്ലബ്ഹൗസ് ഉപയോഗിക്കുന്നവരുടെ ഓഡിയോ ഡാറ്റ ചൈനീസ് സര്‍ക്കാരിന് ചോര്‍ത്തിനല്‍കിയേക്കുമെന്ന് ഇതിനിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. അതേസമയം സ്റ്റാന്‍ഫഡ് റിപ്പോര്‍ട്ടിനോട് ക്ലബ്ഹൗസ് പ്രതികരിച്ചു. ഡാറ്റ സംരക്ഷണത്തിനും ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ക്ലബ്ഹൗസ് വ്യക്തമാക്കി.