2030 ഓടെ യൂറോപ്പിലെ എല്ലാ കാര്‍ മോഡലുകളും ഓള്‍ ഇലക്ട്രിക്: ഫോഡ്
1 min readകാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ഫോസില്‍ ഇന്ധന വാഹനങ്ങളെ ചില രാജ്യങ്ങള്‍ നിരോധിക്കുന്നത് മുന്‍കൂട്ടി കണക്കിലെടുത്തുമാണ് സുപ്രധാന പ്രഖ്യാപനം
കൊളോണ്‍: 2030 ഓടെ യൂറോപ്പിലെ എല്ലാ കാര്‍ മോഡലുകളും ഓള്‍ ഇലക്ട്രിക് ആയിരിക്കുമെന്ന് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോഡ് മോട്ടോര്‍ കമ്പനി. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ഫോസില്‍ ഇന്ധന വാഹനങ്ങളെ ചില രാജ്യങ്ങള്‍ നിരോധിക്കുന്നത് മുന്‍കൂട്ടി കണക്കിലെടുത്തുമാണ് സുപ്രധാന പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട് അടുത്ത മുപ്പത് മാസങ്ങള്‍ക്കുള്ളില്‍ ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. യൂറോപ്പിനോടുള്ള തങ്ങളുടെ പ്രതിബദ്ധത തെളിയിക്കുന്നതാണ് പുതിയ തീരുമാനമെന്ന് ഫോഡ് യൂറോപ്യന്‍ ഓപ്പറേഷന്‍സ് മേധാവി സ്റ്റുവര്‍ട്ട് റൗളി പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി ജര്‍മനിയിലെ കൊളോണില്‍ പ്രവര്‍ത്തിക്കുന്ന വാഹന അസംബ്ലി പ്ലാന്റില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തും. യൂറോപ്പില്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളുടെ ആദ്യ ഇലക്ട്രിക് വാഹന ഉല്‍പ്പാദന കേന്ദ്രമായി കൊളോണ്‍ പ്ലാന്റ് അറിയപ്പെടും. യൂറോപ്പിലെ ആദ്യ ഓള്‍ ഇലക്ട്രിക് പാസഞ്ചര്‍ വാഹനം 2023 ല്‍ ഈ പ്ലാന്റില്‍ നിര്‍മിച്ചുതുടങ്ങും. രണ്ടാമതൊരു മോഡല്‍ നിര്‍മിക്കുന്നതും കമ്പനി പരിഗണിക്കുന്നു.
ഫോക്‌സ്‌വാഗണുമായി ഫോഡ് മോട്ടോര്‍ കമ്പനി തന്ത്രപ്രധാന സഖ്യത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതനുസരിച്ച് ചില മോഡലുകള്‍ നിര്‍മിക്കുന്നതിന് ജര്‍മന്‍ പങ്കാളിയുടെ എംഇബി എന്ന ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോം ഉപയോഗിക്കും. ഫോക്‌സ്‌വാഗണിന്റെ എംഇബി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആദ്യ മോഡല്‍ കൊളോണ്‍ പ്ലാന്റില്‍നിന്ന് പുറത്തുവരും.
യൂറോപ്പില്‍ വില്‍ക്കുന്ന എല്ലാ പാസഞ്ചര്‍ കാറുകളുടെയും ഇലക്ട്രിക് വേര്‍ഷനുകള്‍ 2026 ഓടെ വിപണിയിലെത്തും. മാത്രമല്ല, 2030 ഓടെ യൂറോപ്പിലെ വാണിജ്യ വാഹന വില്‍പ്പനയുടെ മൂന്നില്‍ രണ്ട് ഫുള്ളി ഇലക്ട്രിക് അല്ലെങ്കില്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് ആയിരിക്കും. 2024 ഓടെ മുഴുവന്‍ വാണിജ്യ വാഹന മോഡലുകളുടെയും പ്ലഗ് ഇന്‍ ഹൈബ്രിഡ് അല്ലെങ്കില്‍ ഫുള്ളി ഇലക്ട്രിക് വേര്‍ഷനുകള്‍ അവതരിപ്പിക്കുമെന്നും ഫോഡ് അറിയിച്ചു. യുഎസിലെയും യൂറോപ്പിലെയും പെട്രോള്‍ വാണിജ്യ വാഹനങ്ങളുടെ വിപണിയില്‍ അമേരിക്കന്‍ കമ്പനിയാണ് ആധിപത്യം പുലര്‍ത്തുന്നത്. യഥാക്രമം 40 ശതമാനവും 15 ശതമാനവുമാണ് വിപണി വിഹിതം.