ജനുവരി റിപ്പോര്‍ട്ട് തൊഴില്‍ സൃഷ്ടിയില്‍ കുത്തനേ വീണ്ടെടുപ്പ്, തൊഴിലില്ലായ്മയിലും ഇടിവ്
1 min readകഴിഞ്ഞ ആറ് മാസ കാലയളവില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ തൊഴിലില്ലായ്മയില്‍ പ്രകടമായിരുന്നു.
ന്യൂഡെല്‍ഹി: തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ കഴിഞ്ഞ മാസം ഇന്ത്യയില്‍ കുത്തനെയുള്ള വീണ്ടെടുപ്പ് പ്രകടമായതായി സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി പുറത്തിറക്കിയ ഡാറ്റ വ്യക്തമാക്കുന്നു.
ജനുവരിയില്‍ 12 മില്യണ്‍ ആളുകള്‍ പുതുതായി രാജ്യത്ത് ജോലിയില്‍ പ്രവേശിച്ചുവെന്നാണ് കണക്കാക്കുന്നത്. ഇതിന്‍റെ ഫലമായി ഡിസംബറിലെ 9.1 ശതമാനത്തില്‍ നിന്ന് തൊഴിലില്ലായ്മാ നിരക്ക് ജനുവരിയില്‍ 6.5 ശതമാനമായി കുറഞ്ഞു.
തൊഴില്‍ വിപണിയിലെ സിഎംഐഇ പ്രതിവാര ഡാറ്റ അനുസരിച്ച്, ഇത് ഒരു മാസത്തില്‍ രേഖപ്പെടുത്തുന്ന തൊഴിലാളികളുടെ ഏറ്റവും വലിയ കൂട്ടിച്ചേര്‍ക്കലാണ്. ലോക്ക്ഡൗണിന് മുമ്പ് ഒരു മാസത്തില്‍ ശരാശരി അഞ്ച് ലക്ഷം പേരാണ് പുതുതായി തൊഴില്‍ സേനയില്‍ എത്തിയിരുന്നത്. ലൊക്ക്ഡൗണും കൊറോണയും മൂലമുണ്ടായ വലിയ തൊഴില്‍ നഷ്ടത്തില്‍ നിന്നുള്ള വീണ്ടെടുപ്പിനെയാണ് ഇത് സൂചിപ്പിക്കുന്നത്. തൊഴിലെടുക്കുന്ന ആളുകളുടെ എണ്ണം ഡിസംബറിലെ 388.8 ദശലക്ഷത്തില്‍ നിന്ന് ജനുവരിയില്‍ 400.7 ദശലക്ഷമായി ഉയര്‍ന്നു. 2020 മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡിസംബറിലെ 36.9 ശതമാനത്തില്‍ നിന്ന് തൊഴില്‍ നിരക്ക് 37.9 ശതമാനമായി വര്‍ദ്ധിച്ചു.
‘ലോക്ക്ഡൗണിന് മുമ്പുള്ളതിനേക്കാള്‍ കുറവാണ് ഇന്ത്യയില്‍ ഇപ്പോഴും തൊഴിലുള്ളവരുടെ എണ്ണം. എന്നാല്‍ ജോലിയില്ലാത്തവരില്‍ വീണ്ടും തൊഴിലില്‍ പ്രവേശിക്കാന്‍ സജ്ജമായിട്ടുള്ളവരും കുറവാണ്. വീണ്ടെടുക്കല്‍ ഇപ്പോഴും അപൂര്‍ണ്ണമാണ്, പക്ഷേ 2021 ജനുവരിയില്‍ നല്ല പുരോഗതി കൈവരിച്ചു, ‘സിഎംഐഇ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരിയിലെ തൊഴില്‍ വര്‍ദ്ധനവ് തൊഴിലില്ലായ്മയുടെ എണ്ണം ശരാശരി 33 ദശലക്ഷത്തില്‍ നിന്ന് 27.9 ദശലക്ഷമായി കുറച്ചു. 2019-20നെ അപേക്ഷിച്ച് ജോലി ചെയ്യാന്‍ സന്നദ്ധരും ജോലി അന്വേഷിക്കുന്നവരുമായ തൊഴില്‍ രഹിതരുടെ എണ്ണം വളരെ കുറവാണ്. ജോലിചെയ്യാന്‍ സന്നദ്ധരും എന്നാല്‍ തൊഴില്‍ ലഭിക്കാത്തതുമായവരുടെ എണ്ണവും ജനുവരിയില്‍ രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലമായ 40 ദശലക്ഷത്തില്‍ എത്തി.
സിഎംഐഇയുടെ കണക്കനുസരിച്ച്, കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ശരാശരി തൊഴിലില്ലായ്മാ നിരക്ക് 7.4 ശതമാനമാണ്. ഇക്കാലയളവില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ തൊഴിലില്ലായ്മയില്‍ പ്രകടമായിരുന്നു. തൊഴിലില്ലായ്മ നിരക്ക് നവംബറില്‍ 6.5 ശതമാനം ആയിരുന്നത് ഡിസംബറില്‍ 9.1 ശതമാനമായി ഉയര്‍ന്നിരുന്നു.
“സാധാരണയായി തൊഴിലില്ലായ്മയില്‍ പ്രകടമാകുന്ന ഉയര്‍ന്ന പ്രതിമാസ ചാഞ്ചാട്ടം ഇന്ത്യയിലെ അനൗപചാരിക മേഖലകളിലെ തൊഴിലിന്‍റെ ഉയര്‍ന്ന അനുപാതത്തെ പ്രതിഫലിപ്പിക്കുന്നു,” റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ജോലി ചെയ്യുന്ന വലിയൊരു വിഭാഗത്തിന് സ്ഥിരമായി ജോലിയില്ല. ഓരോ ദിവസത്തെയും സമ്പദ്വ്യവസ്ഥയുടെ അവസ്ഥയെയും പ്രാദേശിക പരിസ്ഥിതിയെയും ബിസിനസ്സ് സാഹചര്യങ്ങളെയും ആശ്രയിച്ചാണ് അവരുടെ തൊഴില്‍ സാധ്യതയെന്ന് സിഎംഐഇ പറയുന്നു.