എസ്ഐഎഫ്എല്‍ : എയ്റോസ്പേസ് ഹീറ്റ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു
1 min readതൃശൂര്‍: വ്യവസായ വകുപ്പിന് കീഴില്‍ അത്താണി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ് ലിമിറ്റഡില്‍ എയ്റോസ്പേസ് ഹീറ്റ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിന്‍റെ ഉദ്ഘാടനം വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു. പ്രതിരോധ- എയ്റോസ്പേസ് മേഖലയില്‍ ആവശ്യമായ ഫോര്‍ജിംഗുകളുടെ ഉല്‍പ്പാദനവും വിതരണവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതാണ് പുതിയ പ്ലാന്‍റ്.
അലുമിനിയം ഫോര്‍ജിംഗുകളുടെ ട്രീറ്റ്മെന്‍റിനായുള്ള ഫര്‍ണസും രണ്ട് ഏജിംഗ് ഫര്‍ണസും ടൈറ്റാനിയം, നിക്കല്‍, സ്റ്റീല്‍ നിര്‍മ്മിത ഫോര്‍ജിംഗുകളുടെ ഹീറ്റ്ട്രീറ്റ്മെന്‍റിനുള്ള ഫര്‍ണസും ടെമ്പറിംഗ് ഫര്‍ണസും പുതിയ പ്ലാന്‍റിന്‍റെ ഭാഗമാണ്. പ്ലാന്‍റ് നിലവില്‍ വരുന്നത് വിപണന സാധ്യതയില്‍ 25 ശതമാനം വര്‍ധനവുണ്ടാക്കുന്നതിനും ആഗോള തലത്തില്‍ തന്നെ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ആന്‍റ് ഫോര്‍ജിംഗ് ലിമിറ്റഡിന്‍റെ വിപണി സാധ്യത വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.
ഏഴ്കോടി രൂപമാത്രം വിറ്റുവരവ് ഉണ്ടായിരുന്ന സ്ഥാപനം 50 കോടി രൂപയോളം വിറ്റുവരവ് സ്വന്തമാക്കുന്ന നിലയിലേക്കാണ് കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ ഉയര്‍ന്നത്. ഓട്ടോ മൊബൈല്‍ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സ്ഥാപനം ഹെവി എഞ്ചിനീയറിംഗ് മേഖലയിലേക്കും റെയില്‍വേ മേഖലയിലേക്കും വൈവിധ്യവത്ക്കരണത്തിന്‍റെ ഭാഗമായി കടന്നു. നവീകരണത്തിലൂടെ 100 കോടി രൂപയുടെ വിറ്റുവരവിലേക്ക് എത്തുന്നതിനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.