മാര്‍ച്ച് അവസാനത്തോടെ എന്‍ബിഎഫ്സികളിലെ സമ്മര്‍ദിത ആസ്തി 1.5-1.8 ട്രില്യണ്‍ രൂപയിലെത്തും: ക്രിസില്‍
1 min readകൊറോണ മൂലം ഇപ്പോള്‍ നിലവിലുള്ള വെല്ലുവിളികള്‍ മിക്കവാറും എല്ലാ എന്‍ബിഎഫ്സി അസറ്റ് സെഗ്മെന്‍റുകളെയും ബാധിച്ചു
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലെ മൊത്തം സമ്മര്‍ദിത ആസ്തി മാര്‍ച്ച് അ വസാനത്തോടെ അവരുടെ മൊത്തം ആസ്തിയുടെ 6-7.5 ശതമാനത്തിലെത്തുമെന്ന് റേറ്റിംഗ് ഏജന്‍സി ക്രിസില്‍ നിരീക്ഷിക്കുന്നു. സമ്മര്‍ദിത ആസ്തികള്‍ അടിസ്ഥാനപരമായി മോശം വായ്പകളുടെയും പുനഃസംഘടിപ്പിച്ച വായ്പകളും കൂടിച്ചേര്‍ന്നതാണ്. 1.5-1.8 ട്രില്യണ്‍ രൂപയുടെ സമ്മര്‍ദിത ആസ്തി സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തോടെ എന്‍ബിഎഫ്സികളില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. റിയല്‍ എസ്റ്റേറ്റ് വിഭാഗത്തിലാണ് പരമാവധി വീഴ്ചകള്‍ പ്രതീക്ഷിക്കുന്നത്.
എന്നിരുന്നാലും, ഒറ്റത്തവണ കോവിഡ് -19 പുനഃ ക്രമീകരണ ജാലകം, എംഎസ്എംഇ പുനഃ ക്രമീകരണ പദ്ധതി എന്നിങ്ങനെ മഹാമാരിയുടെ ആഘാതം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ചില നിയന്ത്രണ നടപടികള്‍ റിപ്പോര്‍ട്ടുചെയപ്പെടുന്ന മൊത്തം നിഷ്ക്രിയ ആസ്തികളെ (ജിഎന്‍പിഎ) പരിമിതപ്പെടുത്തുമെന്ന് റേറ്റിംഗ് ഏജന്‍സി അറിയിച്ചു. മുമ്പത്തെ പ്രതിസന്ധികളില്‍ നിന്ന് വ്യത്യസ്തമായി, കൊറോണ മൂലം ഇപ്പോള്‍ നിലവിലുള്ള വെല്ലുവിളികള്‍ മിക്കവാറും എല്ലാ എന്‍ബിഎഫ്സി അസറ്റ് സെഗ്മെന്‍റുകളെയും ബാധിച്ചിട്ടുണ്ടെന്നും ക്രിസില്‍ കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുണ്ടായ വലിയ ഇടിവ് ഏറ്റവുമധികം ബാധിച്ച ഒരു മേഖലയാണ് എന്‍ബിഎഫ്സികള്‍. അതിനുശേഷം സമാഹരണത്തിലെ കാര്യക്ഷമത മെച്ചപ്പെട്ടു, പക്ഷേ ഇത് കൊറോണയ്ക്ക് മുന്‍പുള്ള തലത്തിലേക്ക് എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.