നഗര തൊഴിലുറപ്പ് പദ്ധതി അവതരിപ്പിക്കുക: ജീന്‍ ഡ്രെസ്
1 min readകോഴിക്കോട്: ദാരിദ്ര്യത്തിന്‍റെയും ലിംഗ അസമത്വത്തിന്‍റെയും ഇരട്ടപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു നഗര തൊഴിലുറപ്പു പദ്ധതി നടപ്പാക്കുന്നത് ഇന്ത്യ പരിഗണിക്കമെന്ന് പ്രശസ്ത വികസന സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. ജീന്‍ ഡ്രെസ്. കോവിഡ് 19 ദാരിദ്രത്തിന്‍റെ അന്തരീക്ഷം രൂക്ഷമാക്കിയെന്നും നിലവിലുള്ള പ്രോഗ്രാമുകള്‍, നയങ്ങള്‍ എന്നിവയുടെ നടപ്പാക്കലില്‍ അസമത്വം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന വനിതാ-ശിശു ക്ഷേമ വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കും യുഎന്‍ വുമണും ചേര്‍ന്ന് കോഴിക്കോട് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംഗ അസമത്വത്തെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ഇന്ന് അവസാനിക്കും.
നഗരങ്ങളിലെയും പട്ടണങ്ങളിലെയും തൊഴിലില്ലാത്തവരുടെ സേവനം സ്വീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ്, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് ഇത്തരം പദ്ധതി പ്രയോജനപ്പെടുത്താം. വികേന്ദ്രീകൃത നഗര തൊഴിലും പരിശീലനവും എന്നാണ് തന്‍റെ നിര്‍ദേശത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ സാമൂഹ്യാന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളാണ് ഡോ. ജീന്‍ ഡ്രെസ്.
നഗര തൊഴിലുറപ്പില്‍ മൂന്നിലൊന്ന് ജോലികള്‍ സ്ത്രീകള്‍ക്ക് നല്‍കണമെന്ന് ഡോ. ഡ്രെസ് പറഞ്ഞു. ഈ പദ്ധതി പ്രകാരം സര്‍ക്കാര്‍ തൊഴിലുടമകള്‍ക്ക് ജോബ് സ്റ്റാമ്പുകള്‍ നല്‍കണം. പണം നേരിട്ട് നല്‍കുന്നതിലൂടെ നടത്തുന്ന തട്ടിപ്പ് ഒഴിവാക്കാന്‍ ഇത് സഹായിക്കും. പദ്ധതി പ്രകാരം ആരംഭിക്കുന്ന തൊഴിലാളി സഹകരണസംഘങ്ങളുമായി ചേരുന്നവര്‍ക്ക് മാത്രമേ അത്തരം തൊഴില്‍ നല്‍കാവൂ. ഇല്ലാത്ത തൊഴിലാളികളുടെ പേരില്‍ പണം വാങ്ങുന്നത് ഒഴിവാക്കാനാണിത്.
വിപുലമായി ഈ പദ്ധകി നടപ്പാക്കുന്നതിന് മുമ്പ് ഒരു പൈലറ്റ് പ്രോജക്റ്റ് വഴി പരീക്ഷിക്കണമെന്ന് അദ്ദേഹം കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.