കീടനാശിനികളുടെ ജിഎസ്ടി 5% ആക്കിയേക്കും
ന്യൂഡെല്‍ഹി: കാര്‍ഷിക അസംസ്കൃത വസ്തുക്കള്‍ക്ക് നികുതി ഉദാരമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കീടനാശിനികളുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. രാസ, പെട്രോ കെമിക്കല്‍സ് വകുപ്പ് ഇതുസംബന്ധിച്ച നിര്‍ദേശം ധനമന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്.
കാര്‍ഷിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ കീടനാശിനികളും പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ രാസവളങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടി ഉള്ളപ്പോള്‍ കീടനാശിനിക്ക് ജിഎസ്ടി 18 ശതമാനമാണ്. ജിഎസ്ടി നടപ്പിലാക്കുന്നതിന് മുമ്പുണ്ടായിരുന്ന 12 ശതമാനം മൂല്യവര്‍ധിത നികുതിയേക്കാള്‍ ഉയര്‍ന്നതാണ് ഇപ്പോഴത്തെ നികുതി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പാര്‍ലമെന്‍റില്‍ അടുത്തിടെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു പാര്‍ലമെന്‍ററി കാര്യ സമിതിയും കീടനാശിനികളുടെ ഉയര്‍ന്ന നികുതിയില്‍ നിരാശ പ്രകടമാക്കിയിരുന്നു. ഇത് 5 ശതമാനമാക്കി കുറയ്ക്കണമെന്ന നിര്‍ദേശവും സമിതി സര്‍ക്കാരിനു മുന്‍പാകെ വെച്ചിരുന്നു.