പിന്ററസ്റ്റിനുമേല്‍ മൈക്രോസോഫ്റ്റിന് കണ്ണുണ്ടായിരുന്നു
വാഷിംഗ്ടണ്‍: സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ പിന്ററസ്റ്റ് ഏറ്റെടുക്കാന്‍ കഴിഞ്ഞ മാസങ്ങളില്‍ മൈക്രോസോഫ്റ്റ് ചര്‍ച്ചകള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമല്ലെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. മൈക്രോസോഫ്റ്റ്, പിന്ററസ്റ്റ് കമ്പനികളില്‍ രണ്ടും ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിച്ചില്ല.
കൊവിഡ് 19 മഹാമാരി കാലത്ത് പിന്ററസ്റ്റിന്റെ വിപണി മൂല്യം 600 ശതമാനത്തിലധികം വര്‍ധിച്ചിരുന്നു. എന്നാല്‍ സ്വതന്ത്ര കമ്പനിയായി തുടരാനാണ് തീരുമാനം. ഹ്രസ്വ വീഡിയോ ആപ്പായ ടിക് ടോക് ഏറ്റെടുക്കാനും മൈക്രോസോഫ്റ്റ് നേരത്തെ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഫലവത്തായില്ല.
സിഇഒ സത്യ നദെല്ലയുടെ കീഴില്‍ ചില സുപ്രധാന കമ്പനികളെ ടെക് ഭീമന്‍ ഏറ്റെടുത്തിരുന്നു. 26 ബില്യണ്‍ യുഎസ് ഡോളറിന് ലിങ്ക്ഡ്ഇന്‍, 7.5 ബില്യണ്‍ ഡോളറിന് ഗിറ്റ്ഹബ് എന്നിവയാണ് ഏറ്റെടുക്കപ്പെട്ടവരില്‍ പ്രമുഖര്‍. പ്രൈവറ്റ് ഗെയിമിംഗ് കമ്പനിയായ സെനിമാക്‌സിനെ 7.5 ഡോളര്‍ നല്‍കി കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയിരുന്നു.
നാലാം പാദത്തില്‍ മികച്ച പ്രകടനമാണ് പിന്ററസ്റ്റ് നടത്തിയത്. 706 മില്യണ്‍ യുഎസ് ഡോളറാണ് വരുമാനം. മുന്‍ വര്‍ഷം നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍, അമേരിക്കയില്‍ മാത്രം 67 ശതമാനത്തിന്റെ വരുമാന വര്‍ധനയാണ് നേടിയത്. അന്താരാഷ്ട്ര വിപണികളില്‍നിന്നുള്ള വരുമാനത്തില്‍ 145 ശതമാനത്തിന്റെ വളര്‍ച്ചയും പിന്ററസ്റ്റ് കൈവരിച്ചു.