ജനുവരി : റെയില്‍വേയില്‍ റെക്കോഡ് ചരക്കു നീക്കം
1 min readന്യൂഡെല്‍ഹി: ഇക്കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ചരക്കുനീക്കം 119.79 മെട്രിക് ടണ്‍ എന്ന റെക്കോഡ് തലത്തില്‍ എത്തി. 2019 മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 119.74 മെട്രിക് ടണ്ണിന്റെ ചരക്കുനീക്കത്തെയാണ് മറികടന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ റെയില്‍വേയുടെ ചരക്ക് ലോഡിംഗ് കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ രേഖപ്പെടുത്തിയ ലോഡിംഗും വരുമാനവും മറികടക്കുന്നുണ്ട്. സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായും ചരക്കുനീക്കം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്.
2021 ഫെബ്രുവരിയിലെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ റെയില്‍വേയുടെ ലോഡിംഗ് 30.54 ദശലക്ഷം ടണ്‍ ആണ്. ഇതില്‍ 13.61 ദശലക്ഷം ടണ്‍ കല്‍ക്കരി, 4.15 ദശലക്ഷം ടണ്‍ ഇരുമ്പ് അയിര്, 1.04 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍, 1.03 ദശലക്ഷം ടണ്‍ രാസവളങ്ങള്‍, 0.96 ദശലക്ഷം ടണ്‍ ധാതു എണ്ണ, 1.97 ദശലക്ഷം ടണ്‍ സിമന്റ് എന്നിവ ഉള്‍പ്പെടുന്നു.
പുതിയ ബിസിനസുകളെ ആകര്‍ഷിക്കുന്നതിനും നിലവിലുള്ള ക്ലയന്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനും റെയില്‍വേ മന്ത്രാലയം ഇരുമ്പ്, ഉരുക്ക്, സിമന്റ്, വൈദ്യുതി, കല്‍ക്കരി, ഓട്ടോമൊബൈല്‍, ലോജിസ്റ്റിക് സേവന ദാതാക്കളുടെ ഉന്നത നേതൃത്വങ്ങളുമായി അടുത്തിടെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.