കടക്ക് പുറത്ത് ( ഗൂഗിള്‍ നീക്കിയത് നൂറോളം വായ്പാ ആപ്പുകള്‍ )
ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഐടി മന്ത്രാലയം വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്
ന്യൂഡെല്‍ഹി: ഗൂഗിള്‍ ഇതുവരെ ഇന്ത്യയില്‍ പ്ലേ സ്റ്റോറില്‍നിന്ന് നീക്കിയത് നൂറോളം വായ്പാ ആപ്പുകള്‍. ഇലക്ട്രോണിക്, ഐടി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉപയോക്താക്കളുടെ വ്യക്തിപരമായ ഡാറ്റ ശേഖരിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്ത ആപ്പുകളാണ് നടപടി നേരിട്ടത്. മാത്രമല്ല, വായ്പാ തുക തിരിച്ചുപിടിക്കുന്നതിന് നിയമവിരുദ്ധ മാര്‍ഗങ്ങളും ഭീഷണികളും ബലപ്രയോഗവും നടത്തിയ ആപ്പുകളും ഇക്കൂട്ടത്തില്‍പ്പെടും. ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഐടി മന്ത്രാലയം വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.
2020 ഡിസംബറിനും 2021 ജനുവരി 20 നുമിടയിലാണ് നൂറോളം ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്തത്. വായ്പാ ആപ്പുകള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി ഐടി മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ വായ്പ നല്‍കുന്ന നൂറുകണക്കിന് ആപ്പുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നതായും ആപ്പ് സംബന്ധിച്ച നയങ്ങള്‍ ലംഘിച്ചതിന് നിരവധി ആപ്പുകളെ നീക്കിയതായും ഗൂഗിള്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. പ്ലേ സ്റ്റോറില്‍ അവശേഷിക്കുന്ന വായ്പ ആപ്പുകള്‍ ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കുന്നുണ്ടെന്ന് ഡെവലപ്പര്‍മാര്‍ തെളിയിക്കണമെന്നും ഗൂഗിള്‍ ആവശ്യപ്പെട്ടിരുന്നു. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്‍ഡ് പ്രൈവസി, പ്രൊഡക്റ്റ് വിഭാഗം വൈസ് പ്രസിഡന്റ് സൂസന്‍ ഫ്രേയാണ് അന്ന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.