ലോകത്തിലെ മികച്ച 100 ബി സ്‌കൂളുകളില്‍ ഇന്ത്യയില്‍ നിന്ന് 5 എണ്ണം
1 min readന്യൂഡെല്‍ഹി: ഫിനാന്‍ഷ്യല്‍ ടൈംസ് ഗ്ലോബല്‍ എംബിഎ റാങ്കിംഗ് 2021 അനുസരിച്ച് നാല് ലോകത്തിലെ മികച്ച 100 ബി സ്‌കൂളുകളുടെ പട്ടികയില്‍ 4 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ ബി സ്‌കൂളുകള്‍ ഇടം നേടി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് (ഐഎസ്ബി) പട്ടികയില്‍ 23-ാം സ്ഥാനത്തും ഐഐഎം ബാംഗ്ലൂര്‍ 35-ാം സ്ഥാനത്തും ഉണ്ട്. കൊല്‍ക്കത്തയിലെയും അഹമ്മദാബാദിലെയും ഐഐഎമ്മുകള്‍ യഥാക്രമം 44 ഉം 48 ഉം സ്ഥാനങ്ങളില്‍ ഇടം നേടി.
ഐഐഎം ഇന്‍ഡോര്‍ ആണ് മികച്ച 100 സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി എത്തുന്ന സ്ഥാപനം. ഐഎസ്ബി കഴിഞ്ഞ തവണത്തെ പട്ടികയെ അപേക്ഷിച്ച് നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി, ഐഐഎം-എ 13 സ്ഥാനങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ ഐഐഎം കൊല്‍ക്കത്ത രണ്ട് സ്ഥാനങ്ങള്‍ താഴേക്കുപോയി. ഐഐഎം ബാംഗ്ലൂര്‍ എട്ട് സ്ഥാനങ്ങള്‍ പുറകിലേക്ക് പോയി.
എഫ്ടി റാങ്കിംഗ് എംബിഎ ഗുണനിലവാരത്തിന്റെ അളവുകോലായാണ് കണക്കാക്കപ്പെടുന്നത്. എക്‌സിക്യൂട്ടീവുകളും മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളും ബിസിനസുകളുമെല്ലാം വലിയ മതിപ്പ് ഇതിന് നല്‍കുന്നുണ്ട്. ബിരുദം നേടി മൂന്നുവര്‍ഷത്തിനുശേഷം പൂര്‍വവിദ്യാര്‍ഥികളുടെ ശമ്പളം, ഗുണനിലവാരമുള്ള ജേണലുകളില്‍ പ്രസിദ്ധീകരിച്ച ഗവേഷണങ്ങളുടെ അളവ്, വിദ്യാര്‍ത്ഥികളുടെ മൊത്തത്തിലുള്ള സംതൃപ്തി, വിദ്യാര്‍ത്ഥികളിലും ഫാക്കല്‍റ്റികളിലുമുള്ള വൈവിധ്യം എന്നിവ ഉള്‍പ്പെടെയുള്ള ഡാറ്റ ഉപയോഗിച്ചാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.
ഈ വര്‍ഷം ഫ്രാന്‍സും സിംഗപ്പൂരും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സീഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തി. ലണ്ടന്‍ ബിസിനസ് സ്‌കൂള്‍ (യുകെ), ചിക്കാഗോ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസ് (യുഎസ്) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ്, വാര്‍ട്ടണ്‍ എന്നിവയുള്‍പ്പെടെ നിരവധി യുഎസ് സ്‌കൂളുകള്‍ റാങ്കിംഗിലെ തങ്ങളുടെ പങ്കാളിത്തം കൊറോണ മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ ഡാറ്റ ശേഖരണം തടസ്സപ്പെട്ടിരുന്നുവെന്ന്് എഫ് ടി വെബ്സൈറ്റില്‍ പറഞ്ഞു.