രാജ്യത്ത് താങ്ങുവില ഉണ്ട് ; അത് നിലനില്‍ക്കും: മോദി
1 min read-
വെല്ലുവിളികളുണ്ട്; പരിഹാരത്തിന്റെ ഭാഗമാകണോ എന്ന് നിശ്ചയിക്കേണ്ടത് നാമാണ്.
-
വാക്‌സിനുകള്‍ കാത്തിരുന്ന കാലം കടന്നുപോയി; നാം ഇന്ന് ലോകത്തിനായി മരുന്നുകള്‍ വിതരണം ചെയ്യുന്നു
-
കോവിഡ് മഹാമാരി ഫലപ്രദമായി കൈകാര്യം ചെയ്തത് രാജ്യത്തിന്റെ വിജയം
ന്യൂഡെല്‍ഹി: ഇന്ത്യ ഇന്ന് അവസരങ്ങളുടെ നാടാണെന്നും ലോകത്തിന്റെ കണ്ണുകള്‍ ഇന്ത്യയിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ നിന്ന് പ്രതീക്ഷകളേറുകയാണ്. ലോകത്തെ മെച്ചപ്പെടുത്താന്‍ ഇന്ത്യക്ക് സംഭാവന നല്‍കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, അത് പ്രചോദനത്തിന്റെ ഒരു ആഘോഷമായി മാറ്റണം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് രാജ്യസഭയില്‍ മറുപടി നല്‍കുന്ന വേളയിലാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ ആഹ്വാനം നല്‍കിയത്.
കോവിഡ് മഹാമാരി ഫലപ്രദമായി കൈകാര്യം ചെയ്തത് ഒരു കക്ഷിയുടെയോ വ്യക്തിയുടെയോ വിജയമല്ല, മറിച്ച് അത് രാജ്യത്തിന്റെ വിജയമാണെന്നും അത് അപ്രകാരം ആഘോഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പോളിയോ, സ്‌മോള്‍ പോക്‌സ് എന്നിവ വലിയ ഭീഷണി ഉയര്‍ത്തിയിരുന്ന ദിനങ്ങള്‍ നാം കണ്ടിട്ടുണ്ട്. ഇന്ത്യയ്ക്ക് വാക്‌സിന്‍ എന്ന് ലഭിക്കുമെന്നോ എത്ര പേര്‍ക്ക് കിട്ടുമെന്നോ ആര്‍ക്കും അന്ന് അറിയുമായിരുന്നില്ല. ആ അവസ്ഥയില്‍നിന്നും നമ്മുടെ രാഷ്ട്രം ഇന്ന് ലോകത്തിനായി വാക്‌സിനുകള്‍ നിര്‍മിക്കുകയും ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞം രാജ്യത്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.
കോവിഡ് -19 കാലഘട്ടം നമ്മുടെ ഫെഡറല്‍ ഘടനയ്ക്കും സഹകരണ ഫെഡറലിസത്തിന്റെ ചൈതന്യത്തിനും പുതിയ കരുത്ത് പകര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ചുള്ള വിമര്‍ശനത്തെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. ഇന്ത്യന്‍ ജനാധിപത്യം ഒരു പാശ്ചാത്യ സ്ഥാപനമല്ലെന്ന് മോദി തുറന്നടിച്ചു. ഇന്ത്യന്‍ ദേശീയതയ്ക്കെതിരായ ആക്രമണത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. നേതാജി സുഭാഷ് ചന്ദ്രബോസിനെ ഉദ്ധരിച്ച്, കൊണ്ട് ഇന്ത്യന്‍ ദേശീയത ഇടുങ്ങിയതോ സ്വാര്‍ത്ഥമോ ആക്രമണാത്മകമോ അല്ല, മറിച്ച് ഇത് സത്യം, ശിവം സുന്ദരം എന്ന സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ കേവലം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാത്രമല്ല, ഇന്ത്യയാണ് ‘ജനാധിപത്യത്തിന്റെ മാതാവ്’, ഇതാണ് നമ്മുടെ ധാര്‍മ്മികത. നമ്മുടെ രാജ്യത്തിന്റെ ഗുണവിശേഷം ജനാധിപത്യപരമാണ് ‘, പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ കാലത്ത് രാജ്യങ്ങള്‍ക്ക് വിദേശ നിക്ഷേപം നഷ്ടപ്പെടുന്നിടത്ത് ഇന്ത്യയ്ക്ക് റെക്കോര്‍ഡ് നിക്ഷേപം ലഭിച്ചതായി മോദി പറഞ്ഞു. വിദേശ കറന്‍സി, നേരിട്ടുള്ള വിദേശ നിക്ഷേപം, ഇന്റര്‍നെറ്റ് വ്യാപനം, ഡിജിറ്റല്‍, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, ശൗചാലയങ്ങളുടെ വ്യാപനം, താങ്ങാനാവുന്ന ചെലവു വരുന്ന ഭവനനിര്‍മാണം, എല്‍പിജി ലഭ്യതയുടെ വര്‍ധന തുടങ്ങിയവയിലെ പ്രകടനം മോദി എടുത്തുകാട്ടി. വെല്ലുവിളികളുണ്ടെന്നും പരിഹാരത്തിന്റെ ഭാഗമാകണോ അതോ പ്രശ്നമാകണോ എന്ന് തീരുമാനിക്കേണ്ടത് നാമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ 2014 മുതല്‍ ഗവണ്‍മെന്റ് കാര്‍ഷിക മേഖലയില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടതായി പ്രധാനമന്ത്രി പറഞ്ഞു. വിള ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ കര്‍ഷക സൗഹൃദമാക്കി മാറ്റി. പിഎം-കിസാന്‍ പദ്ധതിയും കൊണ്ടുവന്നു. ചെറുകിട കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരികയാണ്. പിഎംഎഫ്ബിവൈ പ്രകാരം കര്‍ഷകര്‍ക്ക് 90,000 കോടി രൂപയുടെ ക്ലെയിം ലഭിച്ചു.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, സമ്മാന്‍ നിധി എന്നിവയും കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്തു. റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുമ്പോള്‍, അത് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിദൂര സ്ഥലങ്ങളില്‍ എത്തിക്കാന്‍ പ്രാപ്തമാക്കുന്നു. കിസാന്‍ റെയില്‍, കിസാന്‍ ഉഡാന്‍ തുടങ്ങിയ ശ്രമങ്ങളും നടന്നുവരുന്നു. ചെറുകിട കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം. കര്‍ഷകരുടെ ക്ഷേമത്തിനായി മുന്നോട്ട് പോകാന്‍ എല്ലാ പാര്‍ട്ടികളെയും പ്രധാനമന്ത്രി ക്ഷണിച്ചു. എംഎസ്പിയെക്കുറിച്ച് പ്രധാനമന്ത്രി ആവര്‍ത്തിച്ചു, ”എംഎസ്പി ഉണ്ട്, എംഎസ്പി ഉണ്ടായിരുന്നു. എംഎസ്പി ഭാവിയില്‍ നിലനില്‍ക്കും. പാവപ്പെട്ടവര്‍ക്ക് റേഷന്‍ തുടരും. ചന്തകള്‍ നവീകരിക്കും. കര്‍ഷകരുടെ ക്ഷേമത്തിനായി നാം രാഷ്ട്രീയ കണക്കുകൂട്ടലുകളെക്കാള്‍ ഉയരേണ്ടതുണ്ട്”, അദ്ദേഹം പറഞ്ഞു.
സിഖുകാരുടെ സംഭാവനയില്‍ ഇന്ത്യ വളരെ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി വളരെയധികം ചെയ്ത ഒരു സമൂഹമാണിത്. ഗുരു സാഹിബുകളുടെ വാക്കുകളും അനുഗ്രഹങ്ങളും വിലപ്പെട്ടതാണ്. നഗര-ഗ്രാമീണ ഭിന്നത പരിഹരിക്കാന്‍ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.