ഡൗണ്‍ലോഡുകളില്‍ മുന്നില്‍ ടെലഗ്രാം
2021 ജനുവരിയില്‍ 63 മില്യണ്‍ തവണയാണ് ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ആകെ ഡൗണ്‍ലോഡുകളില്‍ 24 ശതമാനം ഇന്ത്യയിലാണ്
ന്യൂഡെല്‍ഹി: ഈ വര്‍ഷം ജനുവരിയില്‍ ആഗോളതലത്തില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത നോണ്‍ ഗെയിമിംഗ് ആപ്പ് ടെലഗ്രാം. ആകെ ഡൗണ്‍ലോഡുകളില്‍ 24 ശതമാനം ഇന്ത്യയിലാണ്. 2021 ജനുവരിയില്‍ 63 മില്യണ്‍ തവണയാണ് ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ഈ കണക്കനുസരിച്ച് ജനുവരിയില്‍ ഇന്ത്യയില്‍ ഏകദേശം 15 മില്യണ്‍ ഡൗണ്‍ലോഡുകള്‍ നടന്നു. 2020 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ജനുവരിയില്‍ ടെലഗ്രാമിന്റെ ആഗോള ഡൗണ്‍ലോഡുകള്‍ 3.8 മടങ്ങായി വര്‍ധിച്ചു. വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം വിവാദമായതോടെ നിരവധി പേര്‍ ടെലഗ്രാം ഉപയോഗിച്ചുതുടങ്ങിയതാണ് ഡൗണ്‍ലോഡുകളുടെ എണ്ണം കുതിച്ചുയര്‍ന്നത്.
2021 ജനുവരിയില്‍ ആഗോള ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ടിക്‌ടോക് രണ്ടാമതാണ്. മൂന്നും നാലും സ്ഥാനങ്ങളില്‍ സിഗ്‌നല്‍, ഫേസ്ബുക്ക് എന്നിവ വന്നു. 2020 ഡിസംബറില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന വാട്‌സ്ആപ്പ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. ടെലഗ്രാം, ടിക്‌ടോക് ആപ്പുകളുടെ ഡൗണ്‍ലോഡ് വ്യത്യാസം നേരിയതാണ്. ആറാം സ്ഥാനത്ത് ഇന്‍സ്റ്റഗ്രാമാണ്. ആപ്പ് സ്‌റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് 2021 ജനുവരി ഒന്നിനും ജനുവരി 31 നുമിടയില്‍ ഡൗണ്‍ലോഡ് ചെയ്ത കണക്കുകളാണ് സെന്‍സര്‍ ടവര്‍ പുറത്തുവിട്ടത്.
2021 ജനുവരിയില്‍ ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ കഴിഞ്ഞാല്‍ പിന്നീട് ഏറ്റവുമധികം ഡൗണ്‍ലോഡുകള്‍ നടന്നത് ഇന്തോനേഷ്യയിലാണ്. ആകെ ഡൗണ്‍ലോഡുകളുടെ പത്ത് ശതമാനം ഇന്തോനേഷ്യയിലാണ്. കഴിഞ്ഞ മാസം 62 മില്യണ്‍ ഡൗണ്‍ലോഡുകള്‍ നേടാന്‍ ടിക്‌ടോക്കിന് കഴിഞ്ഞു. ഇതില്‍ 17 ശതമാനം ചൈനയിലും പത്ത് ശതമാനം അമേരിക്കയിലുമാണ്. ടിക്‌ടോക് ഇപ്പോഴും ഇന്ത്യയില്‍ നിരോധിത ആപ്പുകളുടെ കൂട്ടത്തിലാണ്.
2020 ഡിസംബറില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ടിക്‌ടോക് ആയിരുന്നു. ആദ്യ അഞ്ച് ആപ്പുകളുടെ പട്ടികയില്‍പ്പോലും ടെലഗ്രാം ഉണ്ടായിരുന്നില്ല.