ട്രാവല്‍ ആപ്പ് കണ്‍ഫിംടിക്കറ്റിനെ ഇക്‌സിഗോ ഏറ്റെടുക്കുന്നു
1 min readന്യൂഡെല്‍ഹി: ബെംഗളൂരു ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ട്രെയിന്‍ സെര്‍ച്ചിംഗ് ബുക്കിംഗ് പ്ലാറ്റ്ഫോമായ കണ്‍ഫിംടിക്കറ്റിനെ (Confirmtkt) ഏറ്റെടുക്കുന്നതായി ഗുരുഗ്രാം ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ട്രാവല്‍ അഗ്രിഗേറ്റര്‍ ഇക്‌സിഗോ (Ixigo) പ്രഖ്യാപിച്ചു. പണവും ഇക്‌സിഗോയുടെ ഓഹരികളും ഉള്‍പ്പെടുന്നതാണ് ഏറ്റെടുക്കല്‍ കരാര്‍. കരാര്‍ മൂല്യം എത്രയാണെന്ന് ഇരു കമ്പനികളും പ്രഖ്യാപിച്ചിട്ടില്ല.
ഈ ഏറ്റെടുക്കലിന് ശേഷം രണ്ട് കമ്പനികളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് ഇക്‌സിഗോ പറഞ്ഞു. ഇക്‌സിഗോ സ്ഥാപകര്‍ കണ്‍ഫിംടിക്കറ്റ് ബോര്‍ഡിന്റെ ഭാഗമാകും. കണ്‍ഫിംടിക്കറ്റിന്റെ വെന്‍ചര്‍ കാറ്റലിസ്റ്റ്‌സ് ഉള്‍പ്പടെയുള്ള നിലവിലെ നിക്ഷേപകര്‍ ഏറ്റെടുക്കല്‍ കരാറിന്റെ ഭാഗമായി കമ്പനിയില്‍ നിന്നും പൂര്‍ണ്ണമായും പുറത്തുകടക്കും.
ഇന്ത്യയിലെ ഓണ്‍ലൈന്‍ ട്രെയിന്‍ റിസര്‍വേഷനുകള്‍ക്കായുള്ള ഔദ്യോഗിക ഐആര്‍സിടിസി ബി 2 സി (ബിസിനസ്-ടു-കസ്റ്റമര്‍) ടിക്കറ്റിംഗ് പങ്കാളികളാണ് ഇക്‌സിഗോയും കണ്‍ഫിംടിക്കറ്റും. ഈ ഇടപാടിലൂടെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ സാന്നിധ്യം വിപുലപ്പെടുത്താന്‍ ഇക്‌സിഗോയ്ക്ക് സാധിക്കും. സംയോജിത സംരംഭത്തിന് പ്രതിമാസം 35 ദശലക്ഷം സജീവ ഉപയോക്താക്കള്‍ ഉണ്ടാകും.
ദിനേശ് കുമാര്‍ കോത്തയും ശ്രീപദ് വൈദ്യയും ചേര്‍ന്നാണ് 2015ല്‍ കണ്‍ഫിംടിക്കറ്റ് സ്ഥാപിച്ചത്. കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം 21.4 കോടി രൂപയും പ്രവര്‍ത്തന ലാഭം 1.54 കോടി രൂപയുമാണ്.