മൂന്നാം പാദം : അദാനി എന്റര്‍പ്രൈസസിന്റെ ലാഭത്തില്‍ 10.39% ഇടിവ്
1 min readന്യൂഡെല്‍ഹി: 2020 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ അദാനി എന്റര്‍പ്രൈസസിന്റെ സംയോജിത അറ്റാദായം 10.39 ശതമാനം ഇടിഞ്ഞ് 343.17 കോടി രൂപയായി കുറഞ്ഞു. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 382.98 കോടി രൂപ ലാഭം നേടിയിരുന്നു.
കഴിഞ്ഞ പാദത്തിലെ മൊത്തം വരുമാനം 11,787.82 കോടി രൂപയായി ഉയര്‍ന്നുവെന്നും റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു. മുന്‍വര്‍ഷം ഇത് 11,075.32 കോടി രൂപയായിരുന്നു. മൊത്തം ചെലവ് 11,303.97 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,635.16 കോടി രൂപയായിരുന്നു.
സോളാര്‍ മാനുഫാക്ചറിംഗ് ബിസിനസിലെ വില്‍പ്പന വര്‍ദ്ധിച്ചത് വരുമാന വളര്‍ച്ചയെ നയിച്ചു. ആഭ്യന്തര ആവശ്യകത വര്‍ധിച്ചതിനെ തുടര്‍ന്ന് സോളാര്‍ മാനുഫാക്ചറിംഗ് ബിസിനസ് വളര്‍ച്ച തുടരുകയാണ്. കമ്പനിയുടെ പലിശയ്ക്കും തിരിച്ചടവുകള്‍ക്കും മുമ്പുള്ള നേട്ടം 6 ശതമാനം ഉയര്‍ന്ന് 939 കോടി രൂപയായി. നികുതിക്ക് ശേഷം ഉടമകളിലേക്ക് എത്തുന്ന ലാഭം 297 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം സമാന പാദത്തിലിത് 426 കോടി രൂപയായിരുന്നു.