നിരത്തുകള്‍ വാഴാന്‍ ഫെറാറി റോമ ഇന്ത്യയില്‍
എക്‌സ് ഷോറൂം വില 3.61 കോടി രൂപ. നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ ഉള്ളതിനാല്‍ വില പിന്നെയും വര്‍ധിക്കും
ഫെറാറി റോമ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3.61 കോടി രൂപയാണ് എക്‌സ് ഷോറൂം വില. നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ ഉള്ളതിനാല്‍ വില പിന്നെയും വര്‍ധിക്കും. ആഗോള അരങ്ങേറ്റം നടത്തി ഏകദേശം ഒരു വര്‍ഷം കഴിഞ്ഞാണ് ഫെറാറി റോമ ഇന്ത്യയിലെത്തുന്നത്.
സ്ലീക്ക് ഹെഡ്‌ലാംപുകള്‍, ഫ്‌ളെയേര്‍ഡ് ഫെന്‍ഡറുകള്‍, ബോഡിയുടെ അതേ നിറമുള്ള ഗ്രില്‍ എന്നിവ കാണാം. ‘ല ദോള്‍ച്ചെ വീറ്റ’ കണ്‍സെപ്റ്റ് അനുസ്മരിപ്പിക്കുന്നതാണ് ഗ്രില്‍. പുതിയതും മനോഹരവുമായ ഛായാരൂപം നയനാനന്ദകരമാണ്.
പുതിയ മോഡുലര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച ഷാസിയില്‍ നിര്‍മിച്ചതിനാല്‍ പുതിയ മോഡലിന് ഭാരം കുറവാണ്. 4.6 മീറ്റര്‍ നീളം വരുന്ന കാറിന് 1,472 കിലോഗ്രാമാണ് ഭാരം. സൈഡ് സ്ലിപ് കണ്‍ട്രോള്‍ 6.0, ഡൈനാമിക് എന്‍ഹാന്‍സര്‍ എന്നിവ സവിശേഷതകളാണ്.
ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം, 16 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ കാറിനകത്തെ വിശേഷങ്ങളാണ്. 8. 4 ഇഞ്ച് വലുപ്പമുള്ള ടാബ്ലറ്റ് സമാനമായ ടച്ച്‌സ്‌ക്രീന്‍ മധ്യത്തിലായി കുത്തനെ നല്‍കി.
ഫെറാറി 488 പിസ്റ്റ ഉപയോഗിക്കുന്ന അതേ 4.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ് ഫെറാറി റോമയുടെ ഹൃദയം. ഈ മോട്ടോര്‍ 5,750 7,500 ആര്‍പിഎമ്മില്‍ 603 ബിഎച്ച്പി കരുത്തും 3,000 5,750 ആര്‍പിഎമ്മില്‍ 760 എന്‍എം ടോര്‍ക്കും പരമാമധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു.
പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 3.4 സെക്കന്‍ഡില്‍ താഴെ സമയം മതി. മാത്രമല്ല, 3.9 സെക്കന്‍ഡില്‍ 200 കിമീ വേഗം കൈവരിക്കും. മണിക്കൂറില്‍ 320 കിലോമീറ്ററാണ് ടോപ് സ്പീഡ്.