ഗെയിം ചേഞ്ചറാകുമോ മോദി സര്‍ക്കാരിന്റെ ബജറ്റ്?
1 min read♦ സമ്പദ് വ്യവസ്ഥയെ തിരിച്ചു ട്രാക്കിലെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍
♦ ആരോഗ്യസേവനരംഗത്ത് ചെലവിടല്‍ കൂട്ടാന്‍ സാധ്യത
♦ സ്വകാര്യവല്‍ക്കരണത്തിനും കാര്യമായ ഊന്നല്‍ നല്‍കും
ന്യൂഡെല്‍ഹി: കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ സാമ്പത്തിക പ്രതീക്ഷകളുടെ നടുവില്‍ ചരിത്ര പ്രാധാന്യമുള്ള ബജറ്റ് നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. എന്തായിരിക്കും ബജറ്റിലെ പ്രഖ്യാപനങ്ങളെന്ന ആകാംക്ഷയിലാണ് രാജ്യം. ഗെയിം ചേഞ്ചറാകുന്ന പദ്ധതികളായിരിക്കും ബജറ്റില്‍ പ്രഖ്യാപിക്കുകയെന്നാണ് ബിജെപി നേതാക്കളുടെ വാഗ്ദാനം.
സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച തിരിച്ച് ട്രാക്കിലെത്തിക്കാനുള്ള കഠിനമായ ശ്രമത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. അതിനനുസൃതമായ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സര്‍ക്കാര്‍ അതിപ്രാധാന്യം നല്‍കുന്ന മേഖലകളില്‍ ആരോഗ്യസേവനമുണ്ടാകുമെന്നത് തീര്‍ച്ചയാണ്. ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ ചെലവിടല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ അവതരിപ്പിച്ചേക്കും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ നാല് ശതമാനത്തിലേക്ക് ആരോഗ്യസേവന രംഗത്തിനായുള്ള ചെലവിടല്‍ ഉയര്‍ത്തുകയാണ് ലക്ഷ്യം. കോവിഡ്-19 മഹാമാരിയുടെ വരവോട് കൂടി ആരോഗ്യ സേവനരംഗത്തെ ന്യൂനതകള്‍ മറ നീക്കി പുറത്തുവന്നതോടെ ഈ മേഖലയില്‍ കാര്യമായി ശ്രദ്ധ വയ്ക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം.
പലതരത്തിലുള്ള നികുതി വരുമാനങ്ങളിലൂടെ ആരോഗ്യസേവനരംഗത്ത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം.
സ്വകാര്യവല്‍ക്കരണം ശക്തിപ്പെടുത്തും
സ്വകാര്യവല്‍ക്കരണ പദ്ധതികളിലൂടെ 40 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഊര്‍ജം, മൈനിംഗ്, ബാങ്കിംഗ് തുടങ്ങിയ കമ്പനികളിലെ ഓഹരികള്‍ വിറ്റും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലെ ന്യൂനപക്ഷ ഓഹരികള്‍ വിറ്റും വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമം ത്വരിതപ്പെടുത്താനാണ് ഉദ്ദേശ്യം. ബാഡ് ബാങ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ടായേക്കും. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യയുടെ ബാങ്കിംഗ് മേഖലയില്‍ വലിയ തോതില്‍ കിട്ടാക്കടം കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. ഇതിനെ നേരിടാനാണ് ബാഡ് ബാങ്ക് രൂപീകരിക്കുക. പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം എല്ലാം കൂടി ഒരൊറ്റ ബാങ്കിലേക്ക് മാറ്റി ഡിസ്‌കൗണ്ട് വിലയ്ക്ക് വിപണിയില്‍ വില്‍ക്കുകയെന്നതാണ് സങ്കല്‍പ്പം.
അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് ഫണ്ട് ഉറപ്പ് വരുത്തുന്നതിനായി ഡെവലപ്‌മെന്റ് ഫൈനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സ്ഥാപിക്കാനുള്ള പദ്ധതിയും ബജറ്റിലുണ്ടായേക്കും. 1.02 ട്രില്യണ്‍ ഡോളറിന്റെ അടിസ്ഥാനസൗകര്യ പദ്ധതികളാണ് രാജ്യം നടപ്പാക്കാനുദ്ദേശിക്കുന്നത്.
50തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി നികുതി കൂട്ടാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്. അഞ്ച് മുതല്‍ 10 ശതമാനം വരെ ഇറക്കുമതി തീരുവ കൂട്ടിയേക്കുമെന്നാണ് വിവരം. ആഭ്യന്തരതലത്തില്‍ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കാനാണ് ഇറക്കുമതി നികുതി കൂട്ടുന്നത്. സ്മാര്‍ട്ട്‌ഫോണ്‍, ഇലക്ട്രോണിക് ഘടകങ്ങള്‍, അപ്ലയന്‍സസ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നികുതി കൂട്ടാനാണ് സാധ്യത.
അതേസമയം കോര്‍പ്പറേറ്റ് നികുതിയില്‍ ഇനിവി ഇളവിന് സാധ്യതയില്ലെന്നാണ് വിവരം. കോവിഡ് മഹമാരിക്ക് മുമ്പ് കോര്‍പ്പറേറ്റ് നികുതി 22 ശതമാനമായും ഉല്‍പ്പാദന കമ്പനികള്‍ക്ക് 15 ശതമാനമായും കുറച്ചിരുന്നു.