ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ ഓട്ടോ ടെക്നോളജി സാധ്യതകളുമായി കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മികവുറ്റ ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ ആഗോള പ്രേക്ഷകരുടെ മുന്നില്‍ അനാവരണം ചെയ്ത് ഇന്‍വെസ്റ്റ് കേരള പവലിയന്‍. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന രാജ്യത്തെ പ്രമുഖ ഓട്ടോമോട്ടീവ് എക്സ്പോയായ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025 ലാണ് സംസ്ഥാനം ഓട്ടോമോട്ടീവ് ആവാസവ്യവസ്ഥയുടെ കരുത്ത് പ്രകടമാക്കിയത്. ‘കേരളം: ഒഇഎം, ടയര്‍-1 കമ്പനികള്‍ക്കുള്ള ആഗോള ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബ്’ എന്ന പ്രമേയത്തിലാണ് 117 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഇന്‍വെസ്റ്റ് കേരള പവലിയന്‍ ഒരുക്കിയത്. ആദ്യമായാണ് സംസ്ഥാനം ഈ എക്സ്പോയില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തിന്‍റെ വ്യാവസായിക നയത്തിന്‍റെ സവിശേഷതകള്‍ വ്യക്തമാക്കുന്നതായിരുന്നു എക്സ്പോ. ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി), സോഫ്റ്റ് വെയര്‍-ഡിഫൈന്‍ഡ് വാഹനങ്ങള്‍ (എസ് ഡിവി), ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, ബാറ്ററി മാനേജ്മെന്‍റ് തുടങ്ങിയ മേഖലകളില്‍ ഓട്ടോമോട്ടീവ് ശൃംഖലയിലുള്ളവര്‍ക്ക് കേരളം നല്‍കുന്ന ആകര്‍ഷകമായ നിക്ഷേപ അവസരങ്ങള്‍ എക്സ്പോയില്‍ വിശദമാക്കി. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്സിയ ടെക്നോളജീസ്, ഹൈകണ്‍ ഇന്ത്യ, ചാര്‍ജ് എംഒഡി, സി-ഇലക്ട്രിക് ഡ്രൈവ്സ് എന്നീ നാല് കമ്പനികള്‍ എക്സോപോയില്‍ പങ്കെടുത്തു. ആന്‍ഡ്രോയിഡ് ഓട്ടോമോട്ടീവ്, എഐ/എംഎല്‍, ഇലക്ട്രിക് പവര്‍ ട്രെയിന്‍സ്, ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനങ്ങള്‍, ലിഥിയം ബാറ്റിറികള്‍, ഇവി ചാര്‍ജിംഗ് സൊല്യൂഷനുകള്‍ തുടങ്ങിയ ടെക്നോളജി മേഖലയിലെ തങ്ങളുടെ വിവിധ ഉത്പന്നങ്ങള്‍ കമ്പനികള്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനാണ് (കെഎസ്ഐഡിസി) സംസ്ഥാനത്തെ ഓട്ടോമോട്ടീവ് കമ്പനികള്‍ക്ക് ആഗോള ശ്രദ്ധ ആകര്‍ഷിക്കുന്നതിനുള്ള ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്. ഫെബ്രുവരി 6 ന് ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മേളനത്തിന് (കെഎടിഎസ്-2025) മുന്നോടിയായുള്ള പ്രചരണ പരിപാടിയുടെ കൂടി ഭാഗമായിരുന്നു എക്സ്പോ. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ)യുടെ സഹകരണത്തോടെയാണ് കെഎസ്ഐഡിസി ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. ആഗോള ഓട്ടോമോട്ടീവ് വ്യവസായത്തിന് മുതല്‍ക്കൂട്ടാകുന്നതിന് കഴിവും വൈദഗ്ധ്യവുമുള്ള പ്രതിഭകളെ കണ്ടെത്തുന്നതിന് വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധേയമാണെന്നും കേരളത്തെ ആഗോള ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബാക്കി മാറ്റുന്നതിന് ഇത്തരം ശ്രമങ്ങള്‍ നിര്‍ണായകമാണെന്നും സിഐഐ തിരുവനന്തപുരം സോണ്‍ ചെയറും അക്സിയ ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു.