ഡിജിറ്റല്‍ കറന്‍സി അവതരണത്തിന് ആര്‍ബിഐ നീക്കം
ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകാര്യത കണക്കാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്
ന്യൂഡെല്‍ഹി: രൂപയുടെ ഡിജിറ്റല്‍ പതിപ്പ് പുറത്തിറക്കാനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ”സ്വകാര്യ ഡിജിറ്റല്‍ കറന്‍സികള്‍ (പിഡിസി) / വെര്‍ച്വല്‍ കറന്‍സികള്‍ (വിസി) / ക്രിപ്‌റ്റോ കറന്‍സികള്‍ (സിസി) എന്നിവ അടുത്ത കാലത്തായി പ്രചാരം നേടിയത് വിലയിരുത്തുന്നു,” റിസര്‍വ് ബാങ്കിന്റെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിജിറ്റല്‍ പേയ്മെന്റിന്റെ പരിണാമത്തില്‍ ഇന്ത്യയെ മുന്‍നിരയിലേക്ക് എത്തിക്കാന്‍ കേന്ദ്ര ബാങ്ക് സ്വീകരിച്ച നടപടികള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയില്‍, റെഗുലേറ്റര്‍മാരും സര്‍ക്കാരുകളും ഡിജിറ്റല്‍ കറന്‍സികളെ കുറിച്ച് സംശയാലുക്കളാണ് എന്നും അവയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകാര്യത കണക്കാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബാങ്ക് ശാഖകള്‍, എടിഎമ്മുകള്‍, പിഒഎസ്് ടെര്‍മിനലുകള്‍, ബിസി തുടങ്ങിയവ ഉള്‍പ്പെടെയുള്ള പേയ്മെന്റ് സിസ്റ്റം ടച്ച് പോയിന്റുകളുടെ ഭൂമിശാസ്ത്രപരമായ ലൊക്കേഷനുകളും രാജ്യവ്യാപകമായി ഉണ്ടായിരിക്കേണ്ടത് ഡിജിറ്റല്‍ പേമെന്റുകള്‍ക്ക് അത്യാവശ്യമാണെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനകം ബാങ്ക് ശാഖകള്‍, എടിഎമ്മുകള്‍, ബിസി എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഒരു ചട്ടക്കൂട് അവതരിപ്പിച്ചിട്ടുണ്ട്. പിഒഎസ് ടെര്‍മിനലുകള്‍ക്കും മറ്റ് പേയ്മെന്റ് സംവിധാനങ്ങള്‍ക്കും സമാനമായ ഒരു ചട്ടക്കൂട് നടപ്പിലാക്കാനാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്.
നിരവധി പേയ്മെന്റ് സംവിധാനങ്ങള്‍ നിലവില്‍ വന്നതോടെ കഴിഞ്ഞ ദശകത്തില്‍ പേയ്മെന്റുകളില്‍ ഗണ്യമായ വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചത്. പേയ്മെന്റുകളുടെ വളര്‍ച്ച നിലനിര്‍ത്തുക, ഉപഭോക്താക്കളുടെ ഇടപാട് ശീലത്തിന്റെ പണത്തില്‍ നിന്ന് ഡിജിറ്റല്‍ പേയ്മെന്റുകളിലേക്കുള്ള മാറ്റം ഉറപ്പാക്കുക എന്നിവയാണ് ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
റീട്ടെയില്‍ പേയ്മെന്റുകളുടെ വളര്‍ച്ചയ്ക്ക് ഇന്ധനം നല്‍കുന്നതില്‍ നെഫ്റ്റ്, എന്‍പിസിഐ എന്നിവ വലിയ സംഭാവന നല്‍കി. യുപിഐ, ഐഎംപിഎസ്, എഇപിഎസ്, ബിബിപിഎസ്, ഭാരത് ക്യുആര്‍ തുടങ്ങി നൂതന ഉല്‍പ്പന്നങ്ങളിലൂടെ ഈ സമീപനം മികച്ച ഫലങ്ങള്‍ നല്‍കി. നൂതനവും വേഗതയേറിയതുമായ ഡിജിറ്റല്‍ പേയ്മെന്റുകളിലേത്ത് രാജ്യത്തെ റീട്ടെയ്ല്‍ പണമിടപാടുകള്‍ എത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.