November 29, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളം ഭാവിയിലെ ഉല്‍പ്പന്ന വികസന കേന്ദ്രം: മുഖ്യമന്ത്രി

1 min read

തിരുവനന്തപുരം: ഭാവിയിലെ ഉല്‍പ്പന്ന വികസന കേന്ദ്രം എന്ന നിലയില്‍ വലിയ നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ 2024 ന്‍റെ ആറാം പതിപ്പ് കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ ഡീപ് ടെക് തലസ്ഥാനമായി മാറുന്നതിനുള്ള രാജ്യത്തിന്‍റെ ശ്രമത്തില്‍ കേരളം ഒരു പ്രധാന പങ്ക് വഹിക്കാന്‍ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യ-കൃഷി, ബഹിരാകാശ സാങ്കേതികവിദ്യ, പുനരുപയോഗ ഊര്‍ജം, ഡിജിറ്റല്‍ മീഡിയ-വിനോദം, ഹെല്‍ത്ത്കെയര്‍-ലൈഫ് സയന്‍സസ് എന്നീ അഞ്ച് പ്രത്യേക മേഖലകളിലെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന എമര്‍ജിംഗ് ടെക്നോളജി ഹബ് (ഇടിഎച്ച്) ഭാവി ഉല്‍പ്പന്ന വികസന കേന്ദ്രമായാണ് കേരളം വിഭാവനം ചെയ്യുന്നത്. തിരുവനന്തപുരത്തെ ടെക്നോസിറ്റിയില്‍ 3 ഏക്കര്‍ കാമ്പസില്‍ ഒരു പൊതു-സ്വകാര്യ പങ്കാളിത്ത കമ്പനിയായിട്ടാണ് ഇടിഎച്ച് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ മതിപ്പ് ചെലവ് 350 കോടിയാണ്. ലോകമെമ്പാടുമുള്ള സ്വകാര്യ നിക്ഷേപകരും സംരംഭകരും ഈ പുതിയ കമ്പനിയില്‍ നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം രാജ്യത്തെ ഏറ്റവും മികച്ചതായിട്ടാണ് റാങ്കിംഗ് ചെയ്തിരിക്കുന്നതെന്നും സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം അഭിവൃദ്ധി പ്രാപിക്കാന്‍ പ്രാരംഭ ഘട്ട മൂലധനം വളരെ പ്രധാനമായതിനാല്‍ ഏഞ്ചല്‍ ഫണ്ടുകള്‍ സൃഷ്ടിക്കുന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള, മലബാര്‍ ഏഞ്ചല്‍ നെറ്റ് വര്‍ക്കുകള്‍ ഇതിന് ഉദാഹരണമാണ്. സംസ്ഥാനത്ത് ഇപ്പോള്‍ 6,100 സ്റ്റാര്‍ട്ടപ്പുകളുണ്ട്. ഇത് 62,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും 5,800 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്തു. സ്റ്റാര്‍ട്ടപ്പുകളുടെ കോ-വര്‍ക്കിംഗ് സ്പേസുകളായ ലീപ് (ലോഞ്ച് എംപവര്‍ ആക്സിലറേറ്റ് ആന്‍ഡ് പ്രോസ്പര്‍), വിദ്യാര്‍ഥി സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐഇഡിസി (ഇന്നൊവേഷന്‍ എന്‍റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് ഡവലപ്മെന്‍റ് സെന്‍റേഴ്സ്) തുടങ്ങിയ സംരംഭങ്ങള്‍ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലോകബാങ്ക് ധനസഹായം നല്‍കുന്ന 200 ദശലക്ഷം ഡോളറിന്‍റെ പ്രോജക്ട് മാനേജുമെന്‍റ് യൂണിറ്റുകളിലൊന്നായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. വരാനിരിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയില്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു ഇന്‍വെസ്റ്റ്മെന്‍റ് പിച്ച് സെഷന്‍ നടത്തും. ലോകമെമ്പാടുമുള്ള പ്രമുഖ നിക്ഷേപകര്‍ക്ക് മുന്നില്‍ നൂതന ആശയങ്ങളും ബിസിനസ് മോഡലുകളും പ്രദര്‍ശിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് അവസരം നല്‍കും. സംരംഭകര്‍ക്ക് നിക്ഷേപകരുമായി നേരിട്ട് ബന്ധപ്പെടാനും അവരുടെ സംരംഭങ്ങളെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാനും ഇത്തരം അവസരങ്ങള്‍ വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അഡെസോ സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി, എആര്‍എഐ, ഇ റ്റു ഇ നെറ്റ് വര്‍ക്ക്സ്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി (യുഎസ്എ), എല്‍ഒഐ ബ്രിട്ടീഷ് കൗണ്‍സില്‍ എന്നിവയുമായുള്ള ധാരണാപത്രങ്ങളും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറി. സ്റ്റാര്‍ട്ടപ്പുകളുമായുള്ള സംവാദത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, സ്റ്റാര്‍ട്ടപ് ഇന്ത്യ ഡയറക്ടര്‍ ഡോ.സുമീത് കുമാര്‍ ജറങ്കല്‍, ഇന്‍ഫോസിസ് സഹസ്ഥാപകനും സംസ്ഥാന സര്‍ക്കാരിന്‍റെ ഹൈപവര്‍ ഐടി കമ്മിറ്റി വൈസ് ചെയര്‍മാനുമായ എസ്.ഡി ഷിബുലാല്‍, നബാര്‍ഡ് ചെയര്‍മാന്‍ ഷാജി കെ.വി, കെഎസ് യുഎം സിഇഒ അനൂപ് അംബിക, എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ ഭുവനേശ്വരി എ, കെഎസ് യുഎം സിഒഒ ടോം തോമസ് എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. കേരളത്തിന്‍റെ കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ മികവ് പ്രകടിപ്പിക്കാനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ആഗോള ബിസിനസ് പങ്കാളിത്തം ഉറപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍ക്ക് ഹഡില്‍ ഗ്ലോബല്‍-2024 വഴിയൊരുക്കും. ഡീപ്ടെക്, ആര്‍ ആന്‍ഡ് ഡി സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ നിന്നുള്ള അത്യാധുനിക പരിഹാരങ്ങള്‍ നവംബര്‍ 30 വരെ നടക്കുന്ന സമ്മേളനത്തിലെ മുഖ്യ ആകര്‍ഷണമാണ്. എമര്‍ജിങ്ടെക് സോണ്‍, ഡീപ്ടെക് സോണ്‍ എന്നിങ്ങനെ വിഭാവനം ചെയ്തിരിക്കുന്ന എക്സ്പോയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്പന്നങ്ങള്‍ ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന് വേദിയാകും. വിജ്ഞാന സെഷനുകള്‍, ഡീപ്ടെക് സ്റ്റാര്‍ട്ടപ്പ് എക്സ്പോ, ഡീപ്ടെക് സ്റ്റുഡന്‍റ് ഇന്നൊവേഷന്‍സ് തുടങ്ങിയ പരിപാടികള്‍ ഡീപ്ടെക് സോണിന്‍റെ ഭാഗമായി നടക്കും. പ്രായോഗിക അനുഭവങ്ങളിലൂടെ സാങ്കേതികവിദ്യയുടെ ഭാവിസാധ്യതകള്‍ മനസിലാക്കുന്നതിന് പരിപാടി അവസരമൊരുക്കും. ഊര്‍ജ്ജം, ആരോഗ്യസംരക്ഷണം, ഡിജിറ്റല്‍ മീഡിയയും വിനോദവും, ഭക്ഷണവും കൃഷിയും, ബഹിരാരകാശം തുടങ്ങി അഞ്ച് മേഖലയിലെ മുന്നേറ്റങ്ങള്‍ എമര്‍ജിങ് ടെക്നോളജി സോണില്‍ പ്രദര്‍ശിപ്പിക്കും. ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വിദഗ്ധര്‍, ഇന്നൊവേറ്റേഴ്സ്, ഉപദേഷ്ടാക്കള്‍, ഫണ്ടിംഗ് ഏജന്‍സികള്‍ തുടങ്ങിയവര്‍ സമ്മേളനത്തിന്‍റെ ഭാഗമാകും. പുതിയ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുക എന്നതാണ് ഹഡില്‍ ഗ്ലോബല്‍ 2024 ന്‍റെ പ്രധാന ലക്ഷ്യം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ക്ക് ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുള്ള പ്ലാറ്റ് ഫോം ഹഡില്‍ ഗ്ലോബലില്‍ സജ്ജമാക്കും. ചെലവ് കുറയ്ക്കുന്നതിനൊപ്പം ബിസിനസ് വര്‍ധിപ്പിക്കാനും ചെറുകിട സംരംഭകര്‍ക്ക് ഇതിലൂടെ സാധിക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ്റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐസിഎആര്‍-സിടിസിആര്‍ഐ), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (എന്‍ഐഇഎല്‍ഐടി), സെല്‍ക്ത ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്), കേരള സ്പേസ് പാര്‍ക്ക് (കെ-സ്പേസ്), കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെഎഫ്ആര്‍ഐ), നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ (കെഎസ്സിഎസ്ടിഇ-നാറ്റ്പാക്), ഐസിഎആര്‍-സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി എന്നിവ ഹഡില്‍ ഗ്ലോബല്‍-2024 ന്‍റെ പങ്കാളികളാണ്. സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള കേരള സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയായ കെഎസ് യുഎം 2018 മുതല്‍ ‘ഹഡില്‍ കേരള’ സംഘടിപ്പിക്കുന്നു.

  ഉത്തരവാദിത്ത-ലിംഗസമത്വ ടൂറിസം; അന്താരാഷ്ട്ര വനിതാ സമ്മേളനം മൂന്നാറില്‍
Maintained By : Studio3