പ്ലാന്‍റേഷന്‍ മേഖലയില്‍ പുതിയ നയം നടപ്പിലാക്കും: മന്ത്രി
തിരുവനന്തപുരം: പ്ലാന്‍റേഷന്‍ മേഖലയുടെ വൈവിധ്യവല്‍ക്കരണവും നവീകരണവും സംബന്ധിച്ച് സമഗ്ര നയം നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന വ്യവസായ വകുപ്പ്. പ്ലാന്‍റേഷന്‍ മേഖലയുടെ വൈവിധ്യവല്‍ക്കരണ ത്തെക്കുറിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് കോഴിക്കോട് (ഐഐഎംകെ) സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നയം നടപ്പിലാക്കുക. മേഖലയുടെ സമഗ്ര പുരോഗതിയ്ക്ക് റിപ്പോര്‍ട്ട് വഴിയൊരുക്കും. പ്ലാന്‍റേഷന്‍ മേഖലയിലെ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പുതിയ നയം നടപ്പാക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പ്ലാന്‍റേഷന്‍ മേഖലയെക്കുറിച്ചുള്ള സമഗ്രപഠനം നടത്തുന്നതിനായി ഐഐഎംകെയുമായി പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇന്ത്യയിലെ ആദ്യ പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിച്ചത് കേരളമാണ്. പ്ലാന്‍റേഷന്‍ മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് നടപ്പിലാക്കുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് ഡയറക്ടറേറ്റുമായി സഹകരിച്ച് ഐഐഎംകെ പഠനം നടത്തിയത്. അതിന്‍റെ അടിസ്ഥാനത്തിലാണ് പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചതെന്നതും ശ്രദ്ധേയം. തോട്ടം ഉടമകള്‍ ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ഈ സാധ്യത ഉപയോഗപ്പെടുത്തിയാല്‍ വലിയ തോതിലുള്ള നിക്ഷേപമാണ് തോട്ടം മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്ലാന്‍റേഷന്‍ ഭൂമിയുള്ളത്. പ്ലാന്‍റേഷന്‍ ഭൂമി അതേപടി നിലനിര്‍ത്തിക്കൊണ്ടുള്ള വൈവിധ്യവത്ക്കരണമാണ് നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറഞ്ഞത് പത്ത് വര്‍ഷത്തെയെങ്കിലും ആയുര്‍ദൈര്‍ഘ്യമുള്ള വിളകളാണ് പ്ലാന്‍റേഷന്‍ ഭൂമിയില്‍ കൃഷി ചെയ്യേണ്ടത്. സര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് തോട്ടം ഉടമയ്ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകും. വന്യമൃഗങ്ങളില്‍ നിന്നുള്ള വിള സംരംക്ഷണത്തിനായി കൃഷിഭൂമിയില്‍ ബഫര്‍സോണ്‍ സ്ഥാപിക്കണം. ടൂറിസം മേഖലയെ ബാധിക്കാത്ത വിധമാകണം പ്ലാന്‍റേഷന്‍ മേഖലയുടെ നവീകരണവും വൈവിധ്യവല്ക്കരണവും നടപ്പിലാക്കേണ്ടത്. ടൂറിസം മേഖലയില്‍ പ്ലാന്‍റേഷന്‍റെ അഞ്ച് ശതമാനം ഭൂമി പ്രയോജനപ്പെടുത്തുമ്പോള്‍ ഒരു അംഗീകൃത മാസ്റ്റര്‍ പ്ലാന്‍ ആവശ്യമാണ്. ഇതിനെല്ലാം ഒരു ഏകജാലക ക്ലിയറന്‍സ് സംവിധാനം തോട്ടം മേഖലയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്‍റേഷന്‍ മേഖല ലാഭകരമാക്കുന്നതിനൊപ്പം തൊഴിലാളികളുടെ വേതനം ഉള്‍പ്പെടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാനാകണം. ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. തോട്ടം മേഖലയെ സര്‍ക്കാര്‍ ഒരു വ്യവസായമായി കണക്കാക്കുന്നു. ലയങ്ങളുടെ നിര്‍മ്മാണം സംബന്ധിച്ച പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്‍റെ തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിനുള്ള മാര്‍ഗരേഖയാണ് പുതിയ ഐഐഎംകെ റിപ്പോര്‍ട്ടിലൂടെ വിഭാവനം ചെയ്യുന്നതെന്ന് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. കാര്‍ഷിക രീതികളിലും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിലും മാറ്റം കൊണ്ടുവരുന്നതിലൂടെ തോട്ടം മേഖലയെ ശക്തിപ്പെടുത്താനാകും. ഇതിനായി വിവിധ വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വാണിജ്യ ഡയറക്ടര്‍ ആനി ജൂല തോമസ്, പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. എസ് കൃപകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോക് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള കാഴ്ചപ്പാട് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പങ്കുവെച്ചു. ഐഐഎംകെ പ്രതിനിധികളായ പ്രൊഫ. വെങ്കിട്ടരാമന്‍ .എസ്, പ്രൊഫ. അശുതോഷ് സര്‍ക്കാര്‍ എന്നിവരാണ് പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കേരളത്തിലെ തോട്ടം മേഖലയെ നവീകരിക്കാനുള്ള നിര്‍ദേശങ്ങളാണ് ഐഐഎംകെ യുടെ പഠനറിപ്പോര്‍ട്ടിലുള്ളത്. തോട്ടം മേഖലയില്‍ മൂല്യവര്‍ധനവും വൈവിധ്യവത്ക്കരണവും പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍തലത്തില്‍ സ്വീകരിക്കേണ്ട നിരവധി നയരൂപീകരണത്തെക്കുറിച്ചും പഠനറിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. കേരളത്തിലെ തോട്ടം ഭൂമിയില്‍ നിന്നുള്ള ലാഭത്തിന്‍റെ കുറവാണ് ഇത്തരമൊരു പഠനത്തിന് പ്രേരിപ്പിച്ച പ്രാഥമിക ഘടകമെന്ന് ഐഐഎംകെ പ്രതിനിധികള്‍ പറഞ്ഞു. സാമ്പത്തിക-സാമൂഹിക സുസ്ഥിരത കൈവരിക്കുന്നതിനായി തോട്ടം മേഖലയില്‍ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് വെളിച്ചം വീശുന്നതാണ് 69 പേജുള്ള റിപ്പോര്‍ട്ട്. ഒന്നിലധികം വിളകള്‍ പ്ലാന്‍റേഷന്‍ ഭൂമിയില്‍ കൃഷിചെയ്യുന്നതിലൂടെ തോട്ടം മേഖല ലാഭകരമാക്കാമെന്നും പുതിയ വിപണി കണ്ടെത്താമെന്നും പരിസ്ഥിതി സംരംക്ഷണത്തിലൂന്നി മുന്നോട്ട് പോകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.