കിയ രണ്ട് ലക്ഷം കാറുകൾ വിറ്റു
രാജ്യത്ത് കാർ വിൽപ്പന ആരംഭിച്ച് പതിനേഴ് മാസങ്ങൾക്കുള്ളിലാണ് ഈ സുപ്രധാന നേട്ടം
ന്യൂഡെൽഹി: ഇന്ത്യയിൽ രണ്ട് ലക്ഷം യൂണിറ്റ് കാർ വിൽപ്പനയെന്ന നാഴികക്കല്ല് കിയ താണ്ടി. രാജ്യത്ത് കാർ വിൽപ്പന ആരംഭിച്ച് പതിനേഴ് മാസങ്ങൾക്കുള്ളിലാണ് ഈ സുപ്രധാന നേട്ടം. ഇന്ത്യയിൽ ഇത്ര വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബ്രാൻഡാണ് കിയ. 1,49,428 യൂണിറ്റ് സെൽറ്റോസ്, 45,195 യൂണിറ്റ് സോണറ്റ്, 5,409 യൂണിറ്റ് കാർണിവൽ എന്നിങ്ങനെയാണ് ഇന്ത്യയിലെ കിയ വിൽപ്പന.
ഒരു ലക്ഷം യൂണിറ്റ് വിൽപ്പന 2020 ജൂലൈയിൽ മറികടന്നിരുന്നു. പിന്നീടുള്ള ആറ് മാസങ്ങളിലാണ് രണ്ടാമത്തെ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന നടത്തിയത്. സെൽറ്റോസ്, കാർണിവൽ, സോണറ്റ് എന്നീ മോഡലുകളാണ് നിലവിൽ ഇന്ത്യയിൽ കിയ വിൽക്കുന്നത്.
എല്ലാ മോഡലുകളുടെയും ടോപ് വേരിയൻ്റുകളാണ് ആകെ വിറ്റുപോയവയിൽ അറുപത് ശതമാനത്തിലധികം. അതായത്, ജിടിഎക്സ് വേരിയൻ്റുകൾ. ഇന്ത്യയിൽ കിയ വിറ്റ ഒരു ലക്ഷത്തിലധികം കാറുകൾ കണക്റ്റഡ് കാർ സാങ്കേതികവിദ്യ ഉള്ളവയാണ്. കിയ ഇന്ത്യയിൽ രണ്ട് കാറുകൾ വിൽക്കുമ്പോൾ അതിലൊന്ന് കണക്റ്റഡ് ആയിരിക്കും. രാജ്യത്ത് ഓരോ മാസവും ടോപ് 5 കാർ നിർമാതാക്കളുടെ പട്ടികയിൽ കിയ ഇടം പിടിച്ചിരുന്നു.