ഐബിഎസിന് ടിഎംഎ സിഎസ്ആര്‍ അവാര്‍ഡ്
തിരുവനന്തപുരം: ആഗോള ട്രാവല്‍ വ്യവസായത്തിലെ മുന്‍നിര ഡിജിറ്റല്‍ ടെക്നോളജി സേവനദാതാക്കളായ ഐബിഎസ് സോഫ്റ്റ് വെയറിന് തിരുവനന്തപുരം മാനേജ്മെന്‍റ് അസോസിയേഷന്‍റെ (ടിഎംഎ) 2024 ലെ സിഎസ്ആര്‍ അവാര്‍ഡ്. ടിഎംഎയുടെ വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷനില്‍ ഐബിഎസ് സോഫ്റ്റ് വെയര്‍ വിപി & സെന്‍റര്‍ ഹെഡ് ലതാറാണി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് പുരസ്കാരം സ്വീകരിച്ചു. താഴേക്കിടയിലുള്ള മനുഷ്യരുടെ ഉന്നമനത്തിനായി നടപ്പാക്കിയ മാതൃകാപരമായ സാമൂഹിക പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ഐബിഎസിന്‍റെ ഫ്യൂച്ചര്‍പോയിന്‍റ് സംരംഭം പുരസ്കാരത്തിന് അര്‍ഹമായത്.
2022 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഐബിഎസ് ഫ്യൂച്ചര്‍പോയിന്‍റ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന നൈപുണ്യത്തിലെ മികവിന്‍റെ കേന്ദ്രമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി വിപുലമായ സ്വീകാര്യത നേടിയ ഈ കേന്ദ്രം നിരാലംബരായ ചെറുപ്പക്കാര്‍, കലാലയ പഠനത്തില്‍ നിന്ന് കൊഴിഞ്ഞു പോയവര്‍, തൊഴില്‍രഹിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് തൊഴില്‍ വൈദഗ്ധ്യവും മികവും നേടാന്‍ സഹായിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ‘കാന്‍ഡില്‍’ (കെയര്‍ ആന്‍ഡ് ലവ്) എന്ന ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ സിഎസ്ആര്‍ സംരംഭത്തില്‍ നിലവില്‍ 15-ലധികം പ്രോജക്ടുകള്‍ ഉണ്ട്. 2200-ലധികം കുട്ടികള്‍ക്കും 300-ലധികം ചെറുപ്പക്കാര്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കുന്നു. അവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യ പരിപാലന സൗകര്യങ്ങളും വളരാനുള്ള നല്ല അന്തരീക്ഷവും ഇത് ഉറപ്പാക്കുന്നു.
ഒരു സ്ഥാപനത്തിന്‍റെ വിജയം അതിന്‍റെ ബിസിനസ് നേട്ടങ്ങള്‍ മാത്രമല്ലെന്നും അത് സമൂഹത്തിന് നല്‍കുന്ന ഗുണപരമായ സംഭാവനയും സമൂഹത്തിന് വരുത്തുന്ന പരിവര്‍ത്തനവുമാണെന്ന് വിശ്വസിക്കുന്നതായി ഐബിഎസ് സോഫ്റ്റ് വെയര്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ് പറഞ്ഞു.