ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ആഗോള പ്രതിനിധിസംഘം
ന്യൂഡൽഹി: 23 രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് 75 പ്രതിനിധികൾ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യയിൽ എത്തി. അന്താരാഷ്ട്ര തെരഞ്ഞെടുപ്പു സന്ദർശക പരിപാടിയുടെ (IEVP) ഭാഗമായാണ് ഇവർ ഇന്ത്യയിലെത്തിയത്. സുതാര്യതയുടെ സംസ്കാരം വളർത്തുന്നതിനും ജനാധിപത്യ രാജ്യങ്ങൾക്കിടയിൽ ഉയർന്ന നിലവാരമുള്ള തെരഞ്ഞെടുപ്പ് രീതികളോടുള്ള പ്രതിബദ്ധത ആവർത്തിക്കുന്നതിനുമുള്ള ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിഐ) പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പരിപാടി നടക്കുന്നത്. പ്രതിനിധികളെ അഭിസംബോധന ചെയ്യവേ, ഇന്ത്യൻ തെരഞ്ഞെടുപ്പ് ഇടത്തിന്റെ സംഭാവനയും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പ്രവർത്തനങ്ങളും ലോകമെമ്പാടുമുള്ള ജനാധിപത്യ ഇടങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള ജനാധിപത്യ ഇടങ്ങളുടെ ചുരുങ്ങൽ അല്ലെങ്കിൽ തകർച്ചയെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകളിൽ ‘ജനാധിപത്യ മിച്ചങ്ങൾ’ എന്ന് നിയമാനുസൃതമായി വിളിക്കാവുന്ന പ്രക്രിയയുടെയും ശേഷിയുടെയും കാര്യത്തിൽ വലിയ പ്രാധാന്യമുണ്ട്.
ഇലക്ട്രൽ രജിസ്ട്രേഷൻ നിർബന്ധമോ വോട്ടിങ് നിർബന്ധമോ അല്ലാത്തതിനാൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് ഇടം സവിശേഷമാണെന്നും ശ്രീ കുമാർ പറഞ്ഞു. അതിനാൽ, വോട്ടർ പട്ടികയുടെ ഭാഗമാകാൻ ജനങ്ങളെ സ്വമേധയാ ക്ഷണിക്കുകയും തുടർന്ന്, ചിട്ടയായ വോട്ടർ ബോധവൽക്കരണ പരിപാടിയിലൂടെ, അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതിനായി, സമ്പൂർണമായി ബോധ്യമുണ്ടാകും വിധത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. “ഞങ്ങൾ ഏറ്റെടുക്കുന്ന പ്രക്രിയകളുടെ വിശ്വാസ്യത തിരഞ്ഞെടുപ്പുകളിലെ തികഞ്ഞ പോളിംഗിലൂടെയും ഇലക്ടറൽ-പോപ്പുലേഷൻ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടികയുടെ പരിപൂർണത വഴിയും സാധൂകരിക്കപ്പെടുന്നു എന്ന് പറയുന്നത് സ്വാഭാവികമാണ്” – അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വ്യാപ്തിയെക്കുറിച്ച് അഭിപ്രായപ്പെട്ട അദ്ദേഹം, രാജ്യത്തുടനീളമുള്ള ഒരു ദശലക്ഷത്തിലധികം പോളിംഗ് സ്റ്റേഷനുകളിൽ 15 ദശലക്ഷത്തിലധികം പോളിംഗ് ഉദ്യോഗസ്ഥർ 970 ദശലക്ഷം വോട്ടർമാരെ സ്വാഗതം ചെയ്യുമെന്ന് പറഞ്ഞു. രാജ്യത്തെ വോട്ടർമാരുടെ വൈവിധ്യം പോളിംഗ് സ്റ്റേഷനുകളിലെ സന്ദർശക പ്രതിനിധികൾക്ക് അതിന്റെ പൂർണമായ അർഥത്തിൽ സാക്ഷ്യം വഹിക്കാൻ കഴിയുമെന്നും രാജീവ് കുമാർ കൂട്ടിച്ചേർത്തു. ഇന്ത്യ ഉത്സവങ്ങളുടെ രാജ്യമാണെന്നും ജനാധിപത്യത്തിന്റെ ഉത്സവം നേരിട്ട് അനുഭവിക്കാൻ പ്രതിനിധികളെ ക്ഷണിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയുടെ ഭാഗമായി, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായും അവരുടെ പ്രതിനിധികളുമായും കമ്മീഷൻ ഉഭയകക്ഷി ആശയവിനിമയം നടത്തി. EVM-VVPAT, IT സംരംഭങ്ങൾ, മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പങ്ക് എന്നിവയുൾപ്പെടെ 2024-ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിന്റെ വിവിധ വശങ്ങളെക്കുറിച്ച് പ്രതിനിധികളോടു വിശദീകരിച്ചു.
പ്രതിനിധികൾ വിവിധ സംഘങ്ങളായി തിരിഞ്ഞ് മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങൾ സന്ദർശിക്കുകയും വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പും അനുബന്ധ തയ്യാറെടുപ്പുകളും നിരീക്ഷിക്കുകയും ചെയ്യും. പരിപാടി 2024 മെയ് 9-ന് അവസാനിക്കും. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ സൂക്ഷ്മതകളും ഇന്ത്യൻ തെരഞ്ഞെടുപ്പിലെ മികച്ച സമ്പ്രദായങ്ങളും വിദേശ ഇഎംബി പ്രതിനിധികളെ ഈ പരിപാടി പരിചയപ്പെടുത്തും.
ഈ വർഷം, നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024ന്റെ വ്യാപ്തിക്കും നിലവാരത്തിനും ആനുപാതികമായി, 23 രാജ്യങ്ങളിൽ നിന്നുള്ള വിവിധ തിരഞ്ഞെടുപ്പ് മാനേജുമെന്റ് ബോഡികളെയും (ഇഎംബി) സംഘടനകളെയും പ്രതിനിധാനംചെയ്യുന്ന ഏറ്റവും വലിയ പ്രതിനിധി സംഘമാണ് ഇന്ത്യയിൽ എത്തിച്ചേർന്നത്. ഭൂട്ടാൻ, മംഗോളിയ, ഓസ്ട്രേലിയ, മഡഗാസ്‌കർ, ഫിജി, കിർഗിസ് റിപ്പബ്ലിക്, റഷ്യ, മോൾഡോവ, ടുണീഷ്യ, സീഷെൽസ്, കംബോഡിയ, നേപ്പാൾ, ഫിലിപ്പീൻസ്, ശ്രീലങ്ക, സിംബാബ്‌വെ, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ജോർജിയ, ചിലി, ഉസ്‌ബെക്കിസ്ഥാൻ, മാലിദ്വീപ്, പാപുവ ന്യൂ ഗിനയ, നമീബിയ എന്നീ രാജ്യങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ഇലക്‌ട്രൽ സിസ്റ്റംസ് (IFES), ഭൂട്ടാനിലെയും ഇസ്രായേലിലെയും മീഡിയ ടീമുകളിലെ അംഗങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നു.