ഡബിള്‍ ടാപ്പ് ഫീച്ചറുമായി ആന്‍ഡ്രോയ്ഡ് 12
ഗൂഗിള്‍ പിക്‌സല്‍ ഫോണുകളില്‍ ഡബിള്‍ ടാപ്പ് ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും
കാലിഫോര്‍ണിയ: സ്മാര്‍ട്ട്‌ഫോണുകളുടെ പിറകിലെ പാനലില്‍ ഡബിള്‍ ടാപ്പ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നു. ആന്‍ഡ്രോയ്ഡ് മൊബീല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ 12ാം പതിപ്പില്‍ പുതിയ ഫീച്ചര്‍ നല്‍കുമെന്നാണ് പുറത്തുവരുന്ന വിവരം. ഗൂഗിള്‍ പിക്‌സല്‍ ഫോണുകളില്‍ ഡബിള്‍ ടാപ്പ് ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും. ആന്‍ഡ്രോയ്ഡ് 11 ഡെവലപ്പര്‍ പ്രിവ്യൂവിന്റെ ആദ്യ റിലീസുകളില്‍ ഈ ഫീച്ചര്‍ നല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ പിറകിലെ പാനലില്‍ രണ്ടു തവണ തട്ടിയാല്‍ സേവനസന്നദ്ധനായി ഗൂഗിള്‍ അസിസ്റ്റന്റ് രംഗത്തെത്തും. ടൈമര്‍ ഡിസ്മിസ് ചെയ്യുക, അലാം സ്‌നൂസ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ഗൂഗിള്‍ അസിസ്റ്റന്റിനെ പ്രയോജനപ്പെടുത്താം. ഡബിള്‍ ടാപ്പ് ഫീച്ചര്‍ വേണ്ടെന്നുവെയ്ക്കാനും ഗൂഗിള്‍ പിക്‌സല്‍ ഡിവൈസ് ഉപയോഗിക്കുന്നവര്‍ക്ക് കഴിയും.
സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിനും മീഡിയ പ്ലേബാക്ക് പോസ് ചെയ്യുന്നതിനും പുനരാരംഭിക്കുന്നതിനും ഒടുവില്‍ ഉപയോഗിച്ച ആപ്പുകള്‍ ഏതെന്ന് അറിയുന്നതിനും നോട്ടിഫിക്കേഷന്‍ പാനല്‍ തുറക്കുന്നതിനും ഡബിള്‍ ടാപ്പ് ഫീച്ചര്‍ ഉപയോഗപ്പെടുത്താം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പകുതിയോടെയാണ് ആദ്യ ആന്‍ഡ്രോയ്ഡ് 11 ഡെവലപ്പര്‍ പ്രിവ്യൂ എത്തിയത്. ആന്‍ഡ്രോയ്ഡ് 12 പ്രിവ്യൂ ഈ വര്‍ഷം ഇതേ സമയത്ത് പ്രതീക്ഷിക്കാം.
ആപ്പിള്‍ ഐഒഎസ് 14 പുറത്തിറക്കിയപ്പോള്‍ ഐഫോണുകളില്‍ സമാന ഫീച്ചര്‍ ലഭ്യമായിരുന്നു. ബാക്ക് ടാപ്പ് എന്ന ഫീച്ചര്‍ ഉപയോഗിച്ച് സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിനും കണ്‍ട്രോള്‍ സെന്റര്‍ തുറക്കുന്നതിനും മറ്റും കഴിയും.