“ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർലാബ്സ് ഉടൻ ആരംഭിക്കും”: സഹമന്ത്രി രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: ഇലക്ട്രോണിക്സ് മേഖലയിൽ സർക്കാരും സ്റ്റാർട്ടപ്പുകളും വൻകിട സംരംഭങ്ങളും തമ്മിലുള്ള പങ്കാളിത്തം സാധ്യമാക്കുന്ന ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ ലാബ്‌സിന്റെ പ്രവർത്തനം താമസിയാതെ ആരംഭിക്കുമെന്ന് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, ജലശക്തി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇതോടനുബന്ധിച്ച് അർദ്ധചാലക വ്യവസായ വികസനത്തിന് സഹായകമാവുന്ന ഇന്ത്യ സെമികണ്ടക്റ്റർ ഗവേഷണ കേന്ദ്രവും സ്‌ഥാപിതമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ് സെമി കണ്ടക്റ്റർ അസോസിയേഷൻ ബംഗളുരുവിൽ സംഘടിപ്പിക്കുന്ന പതിനെട്ടാമത് അന്താരാഷ്ട്ര സമ്മേളനം (എ ഐഇഎസ്‌എ വിഷൻ ഉച്ചകോടി 2024) ഡൽഹിയിൽ നിന്ന് വീഡിയോ കോൺഫെറൻസ് വഴി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീ. രാജീവ് ചന്ദ്രശേഖർ.
ഇലക്ട്രോണിക്സ് വ്യവസായത്തിൽ ഭാവിയിലെ സംവിധാനങ്ങളെ നയിക്കുന്നത്തിനു പര്യാപ്തമാവും വിധം എല്ലാ മേഖലകളിലും വ്യാപിച്ചുകിടക്കുന്ന സെമി കണ്ടക്ടറുകളുടെ നവീകരണത്തിന്റെ കേന്ദ്രമായി ഇന്ത്യ അർദ്ധചാലക ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.
സർക്കാർ ലാബുകൾ, ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ, വൻകിട സംരംഭങ്ങൾ, ഇലക്ട്രോണിക്സ് മേഖലയിലെ കോർപ്പറേഷനുകൾ എന്നിവ ഉൾപ്പെടുന്ന ഒരു സംയുക്ത സഹകരണവു സംരംഭമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . ടയർ 1 വിതരണക്കാരും ഓട്ടോമോട്ടീവ് വ്യാവസായിക പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടുന്ന ഈ സംരംഭം ഭാവിയിലേക്കുള്ള ഇലക്ട്രോണിക്സ് , അർദ്ധചാലക സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും നവീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.അതിലൂടെ ഒരു ഗവേഷണ നവീകരണ ചട്ടക്കൂട് സ്ഥാപിച്ച് ഇന്ത്യയുടെ ഇലക്ട്രോണിക്സ് & ഐടി മേഖലയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിടുന്നു.
സി-ഡാക് നോഡൽ ഏജൻസിയായ ഫ്യൂച്ചർലാബ്‌സ്, ഓട്ടോമോട്ടീവ്, മൊബിലിറ്റി, കമ്പ്യൂട്ട്, കമ്മ്യൂണിക്കേഷൻ, സ്ട്രാറ്റജിക് ഇലക്‌ട്രോണിക്‌സ്, ഇൻഡസ്ട്രിയൽ ഐഒടി തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സിസ്റ്റങ്ങൾ, സ്റ്റാൻഡേർഡുകൾ, ഐപി കോറുകൾ എന്നിവ സംയുക്തമായി വികസിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകൾ, എംഎൻസികൾ, ആർ & ഡി സ്ഥാപനങ്ങൾ, അക്കാദമികൾ എന്നിവ തമ്മിലുള്ള സഹകരണം ഇത് സുഗമമാക്കും.
ഇലക്ട്രോണിക്സ് ഉൽപ്പാദന ആവാസവ്യവസ്ഥയെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച കാഴ്ചപ്പാടും പാതയും മന്ത്രി രാജീവ് ചന്ദ്രശേഖർ എടുത്തുപറഞ്ഞു. സ്റ്റാർട്ടപ്പുകളേയും വൻകിട സംരംഭങ്ങളേയും ഉത്തേജിപ്പിക്കുന്ന ഇന്നൊവേഷൻ ആവാസ വ്യവസ്‌ഥ സ്ഥാപിക്കുന്നതിലെ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഓട്ടോമോട്ടീവ്, കംപ്യൂട്ടർ, വയർലെസ് ടെലികമ്മ്യൂണിക്കേഷൻ, വ്യാവസായിക ആപ്ലിക്കേഷനുകൾ, ഐഒടി, തന്ത്രപരമായ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ മുഴുവൻ മേഖലകളിലും ഇന്ത്യയുടെ കയ്യൊപ്പ് ചാർത്തുകയെന്നതിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു,” മന്ത്രി കൂട്ടിച്ചേർത്തു.
ഇന്നാരംഭിച്ച ദ്വിദിന വ്യവസായ സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഇലക്ട്രോണിക്സ് വ്യവസായ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നുണ്ട്.