November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സംസ്ഥാനങ്ങളെയും ജനങ്ങളെയും സമ്പദ് വ്യവസ്ഥയെയും ഒരുപോലെ ശാക്തീകരിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികൾ: ധനമന്ത്രി

1 min read

സംസ്ഥാനങ്ങളെയും ജനങ്ങളെയും സമ്പദ് വ്യവസ്ഥയെയും ഒരുപോലെ ശാക്തീകരിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ സാധാരണക്കാര്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ക്ക് എങ്ങനെ ഗുണപ്രദമാകുന്നുവെന്ന് കണക്കുകള്‍ നിരത്തി ധനമന്ത്രി സമര്‍ത്ഥിക്കുന്നു. സമ്പദ് വ്യവസ്ഥയുടെ ശുഭകരമായ ഭാവിയാണ് ധനമന്ത്രിയുടെ വാക്കുകളില്‍ പ്രകടമാകുന്നത്.

സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വളരെയധികം പ്രതിജ്ഞാബദ്ധമാണ്. 1996-97 മുതല്‍ 2014-15 വരെ കെട്ടിക്കിടന്ന സെന്‍ട്രല്‍ ടാക്‌സ് കുടിശിക തീര്‍പ്പാക്കി എന്ന വസ്തുതയില്‍ നിന്ന് തന്നെ സര്‍ക്കാരിന്റെ അക്കാര്യത്തിലുള്ള ആത്മാര്‍ത്ഥത വ്യക്തമാണ്. 2021ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 81645 കോടി രൂപയുടെ കുടിശിക തീര്‍പ്പാക്കിയത്. കേന്ദ്ര വിഹിതവും കിഴിച്ച് 43,168 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച തുക.

1996-97 മുതല്‍ പരിഹാരമില്ലാതെ കിടന്ന ഒരു വിഷയമാണ് 2021ല്‍ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായി പരിഹരിക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ മുഖ്യമന്ത്രിയായിരുന്നു, അതിനാല്‍ തന്നെ യഥാസമയത്ത് സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് ലഭിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന് നന്നായി അറിയാം. 2020 മുതല്‍, കുറഞ്ഞത് അഞ്ച് തവണയെങ്കിലും, ധനമന്ത്രാലയം നികുതി വിഭജന ഗഡുക്കള്‍ മുന്‍കൂറായി നല്‍കി, സംസ്ഥാനങ്ങള്‍ കഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. സംസ്ഥാനങ്ങള്‍ ശേഖരിക്കുന്ന സ്റ്റേറ്റ് ജിഎസ്ടിയുടെ (എസ്ജിഎസ്ടി) 100% സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നു, സംസ്ഥാനങ്ങള്‍ ശേഖരിക്കുന്ന ഐജിഎസ്ടിയുടെ 50 ശതമാനവും സിജിഎസ്ടിയുടെ ഒരു ഭാഗവും ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നു.

തമിഴ്‌നാട് പോലുള്ള വ്യവസായ സംസ്ഥാനങ്ങള്‍ കേന്ദ്രമാക്കിയ നിരവധി കമ്പനികള്‍ രാജ്യത്തുടനീളം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കണ്‍കറന്റ് ടാക്‌സ് പേമെന്റുകള്‍ ബാധകമായവയാണത്. തമിഴ്‌നാട് ഉദാഹരണമായെടുക്കാം. ഇന്ത്യയിലെ മുന്‍നിര ഓട്ടോമൊബൈല്‍ നിര്‍മാണ സംസ്ഥാനമാണ് തമിഴ്‌നാട്. ഇവിടുന്നുള്ള വാഹനങ്ങള്‍ രാജ്യത്തുടനീളം വിറ്റിട്ടാണ് ഓട്ടോമൊബൈല്‍ കമ്പനികള്‍ ലാഭം ഉണ്ടാക്കുന്നത്. അതുപോലെ തന്നെയാണ് കേരളത്തിലെ തോട്ടങ്ങളും. വില്‍പ്പന രാജ്യത്തുടനീളമുണ്ട്, അങ്ങനെ ലാഭം കൊയ്യുന്നു. പ്രത്യക്ഷ നികുതി കളക്ഷനുമായും അതിന്റെ പങ്കിടലുമായും ബന്ധപ്പെട്ട് ലൊക്കേഷന്‍ എന്ന ഘടകം മാത്രം പരിഗണിക്കുന്നത് നീതിയുക്തവും തുല്യതയലിധിഷ്ഠി തവുമായ നയമല്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഇന്ത്യയിലെ എല്ലായിടത്തുനിന്നും പണം വരുന്നുണ്ടെങ്കിലും, സംസ്ഥാനത്ത് റെജിസ്റ്റര്‍ ചെയ്തതിനാല്‍ നികുതി അവിടെ അടയ്ക്കുന്നു. ഓട്ടോമൊബൈല്‍ കമ്പനികള്‍ ഇന്ത്യയിലുടനീളം അവരുടെ മോഡലുകള്‍ വില്‍ക്കുക യാണെങ്കില്‍ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്യുകയും അവിടെ നിന്ന് നികുതി അടയ്ക്കുകയും ചെയ്യുന്നു. തമിഴ്നാടിന്റെ നികുതിപ്പണം മാത്രമല്ല അവിടെയുള്ളത് എന്ന് സാരം. ഇത് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.

സംസ്ഥാനങ്ങളുടെ മൂലധന ചെലവിടല്‍

പതിമൂന്നാം ധനകാര്യ കമ്മിഷന്റെ (എഫ്സി) കാലത്ത് കേരളത്തിന് 33,368 കോടി രൂപ ലഭിച്ചിരുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുമതലയേറ്റ ശേഷം നികുതി വിഭജനം 42 ശതമാനത്തിലേക്ക് ഉയര്‍ന്നു. 14-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകള്‍ക്ക് ശേഷമായിരുന്നു അത്. 14-ാം ധനകാര്യകമ്മീഷന്റെ കാലയളവില്‍ കേരളത്തിന് ലഭിച്ചത് 80,188 കോടി രൂപയാണ്. 15-ാം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ 1.11 ലക്ഷം കോടി രൂപ ലഭിക്കുകയും ചെയ്യും. അതുപോലെ, തമിഴ്‌നാടിന്, 13-ാം ധനകാര്യ കമ്മീഷന്‍ കാലയളവില്‍ 70,825 കോടി രൂപയാണ് ലഭിച്ചത്. പതിനാലാം കമ്മീഷന്റെ കാലത്ത് 1.29 ലക്ഷം കോടി രൂപയാണ് തമിഴ്‌നാട് സ്വീകരിച്ചത്. 15ാം ധനകാര്യ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ വരുമ്പോള്‍ ഇത് 2.36 ലക്ഷം കോടി രൂപയായി ഉയരും.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി മൂലധന ആസ്തികള്‍ സൃഷ്ടിക്കുന്നതിനായി പൊതുചെലവിടലില്‍ കാര്യമായ വര്‍ധന വരുത്തുന്നുണ്ട്. 50 വര്‍ഷത്തെ പലിശ രഹിത വായ്പകളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. 2023-24 ലെ ബജറ്റില്‍ 1.3 ലക്ഷം കോടി രൂപ ഞങ്ങള്‍ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി, സംസ്ഥാനങ്ങളുടെ മൂലധന ചെലവിടലില്‍ കാര്യമായ വര്‍ധന വന്നു, 2024 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 74.3 ശതമാനം വാര്‍ഷിക വര്‍ധനയാണ് സംസ്ഥാനങ്ങളുടെ മൂലധനചെലവിടലില്‍ ഉണ്ടായിരിക്കുന്നത്.

ജനങ്ങളുടെ ശാക്തീകരണം

സര്‍ക്കാര്‍ പിന്തുണ അര്‍ഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളിലേക്കുമെത്തുന്ന നിരവധി പദ്ധതികളാണ് മോദി സര്‍ക്കാര്‍ തുടങ്ങിയത്. അതിനൊന്നും തുല്യമായ സ്‌കീമുകള്‍ നേരത്തെ ഉണ്ടായിരുന്നില്ല. അവയില്‍ ചിലത് നോക്കാം.

  • പിഎം കിസാന്‍: 11 കോടി ഗുണഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വരുമാന സഹായമായി ലഭിക്കുന്നു.
  • പ്രധാനമന്ത്രി മുദ്ര: ഇപ്പോള്‍ 44 കോടി ഗുണഭോക്താക്കള്‍ക്ക് 25 ലക്ഷം കോടി വിതരണം ചെയ്തു, അതില്‍ 68% സ്ത്രീകളാണ്.
  • പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന: 18.58 കോടി ഗുണഭോക്താക്കള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ. പ്രതിദിനം 1.19 രൂപയ്ക്ക് അതായത് പ്രതിവര്‍ഷം 436 രൂപയ്ക്കാണ് 2 ലക്ഷം രൂപയുടെ പരിരക്ഷ.
  • പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്ബിവൈ): 41.16 കോടി ഗുണഭോക്താക്കള്‍ക്ക് അപകട, ഭാഗിക വൈകല്യ പരിരക്ഷ ലഭിക്കുന്നു.
  • സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ: 2.08 ലക്ഷം ഗുണഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കി. 22,000 കോടി രൂപയുടെ മൂല്യമുള്ള വായ്പകളാണ് വിതരണം ചെയ്തിട്ടുള്ളത്.

രക്ഷാബന്ധന് മുമ്പാണ് എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ പ്രധാനമന്ത്രി 200 രൂപയുടെ കുറവ് വരുത്തിയത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്ക് കീഴില്‍ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നുണ്ട് സര്‍ക്കാര്‍. 81.35 കോടി ഗുണഭോക്താക്കള്‍ക്ക് ഇത് ലഭ്യമായി. കേന്ദ്രം നികുതി കുറച്ചിട്ടും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാത്ത അവസ്ഥയിലാണ് ഇതെല്ലാം കേന്ദ്രം ചെയ്യുന്നത്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ് പോലെ പ്രതിപക്ഷം ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ ജനക്ഷേമം കണക്കിലെടുക്കാതെ വില കൂട്ടാന്‍ വരെ തയാറായി.

യുപിഎ ഭരണകാലത്ത് രാജീവ്ഗാന്ധി ഗ്രാമീണ്‍ എല്‍പിജി വിതരണ്‍ യോജന (ആര്‍ജിജിഎല്‍വിവൈ) പ്രകാരമാണ് എല്‍പിജി കണക്ഷനുകള്‍ നല്‍കിയിരുന്നത്. 2014 ജൂണ്‍ 1 വരെയുള്ള കണക്കനുസരിച്ച് 5.82 ലക്ഷം ബിപിഎല്‍ ഗുണഭോക്താക്കളാണുണ്ടായിരുന്നത്. 2014ല്‍ മൊത്തത്തിലുള്ള എല്‍പിജി കണക്ഷനുകള്‍ 14.5 കോടിയായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ തുടക്കമിട്ട പിഎം ഉജ്ജ്വല യോജന പദ്ധതിയിലൂടെ 2021 ആയപ്പോള്‍ തന്നെ 99.8 ശതമാനം കുടുംബങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിച്ചു. ഇന്ന് 9.8 കോടി ഗുണഭോക്താക്കളാണ് പദ്ധതിക്കുള്ളത്. ആഭ്യന്തര എല്‍പിജി കണക്ഷനുകളുടെ എണ്ണം 31.4 കോടിയായി ഉയരുകയും ചെയ്തു.

ഇന്ദിര ആവാസ് യോജന ആരംഭിച്ചത് 1985 ലാണ്. 1985 മുതല്‍ 2014 വരെയുള്ള 29 വര്‍ഷം കൊണ്ട് ആകെ നിര്‍മിച്ചത് 3.25 കോടി ഗ്രാമീണ വീടുകളാണ്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ മാത്രം പിഎം ആവാസ് യോജന പദ്ധതിയിലുള്‍പ്പെടുത്തി പണിതത് 3.6 കോടി വീടുകളാണ്. യുപിഎ കാലത്ത് 2009-ലാണ് നിര്‍മ്മല്‍ ഭാരത് അഭിയാന്‍ പദ്ധതി ആരംഭിച്ചത്. 2014 ആയപ്പോള്‍ 38.7% ആയിരുന്നു രാജ്യത്തുടനീളമുള്ള ഗ്രാമീണ ശുചിത്വ പരിരക്ഷ. എന്‍ഡിഎ സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍, സ്വച്ഛ് ഭാരത് അഭിയാന്‍ ആരംഭിച്ചത് 2014ലാണ്. 2022 ആയപ്പോഴേക്കും 95.4% കുടുംബങ്ങള്‍ക്കും ശൗചാലയങ്ങള്‍ ലഭ്യമായി.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ

2008ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ജന്‍ ഔഷധി പദ്ധതി ആരംഭിക്കുന്നത്. 2014 ആയപ്പോള്‍ 80 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 2023 ഡിസംബറില്‍ 10,000ത്തില്‍ എത്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത് 25000 ആയി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ഉയര്‍ത്താനാണ്. 1,800-ലധികം മരുന്നുകള്‍ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ ലഭ്യമാണ്. വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഭാഗമായി ഞാന്‍ ജന്‍ ഔഷധി കേന്ദ്രം നേരിട്ട് സന്ദര്‍ശിച്ചിരുന്നു. ജനങ്ങളുമായി ഇടപഴകുകയും പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ സാധാരണ രോഗങ്ങള്‍ക്ക് വിപണി വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാകുന്നുവെന്ന് കാണുകയും ചെയ്തു.

യുപിഎ ഭരണകാലത്ത് 2008ലാണ് രാഷ്ട്രീയ സ്വസ്ത്ഥ്യ ഭീമ യോജനയും തുടങ്ങിയത്. 2014 ആയപ്പോഴേക്കും 3.85 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇതനുസരിച്ച് ലഭ്യമായിരുന്നത്. പ്രതിവര്‍ഷം 30,000 രൂപയുടേതായിരുന്നു പരിരക്ഷ. എന്നാല്‍ 2018ല്‍ മോദി സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് ആരംഭിച്ചു. 2023 ഡിസംബറോടെ 27.89 കോടി വ്യക്തികള്‍ പദ്ധതിയുടെ കീഴില്‍ വന്നു. ഒരു കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന വലിയ പദ്ധതിയാണത്.

ഉദ്ഘാടനം ചെയ്യപ്പെടുകയും നടപ്പാക്കപ്പെടാതെ പോവുകയും ചെയ്ത പേരിന് മാത്രമുള്ള പല പദ്ധതികളും യുപിഎ കാലത്ത് അവതരിപ്പിക്കപ്പെട്ടു. അതുകൊണ്ടുതന്നെ അതൊന്നും സാധാരണ മനുഷ്യരിലേക്ക് എത്തിയില്ല. എന്നാല്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതികളെല്ലാം തന്നെ സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നതായിരുന്നു, ആ തലത്തിലാണ് അതെല്ലാം നടപ്പിലാക്കപ്പെട്ടത്.

ചില പദ്ധതികളുടെ താരതമ്യം കൂടി നോക്കാം. 2005ലാണ് ബേസിക് സേവിംഗ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട്‌സ് സ്‌കീം അവതരിപ്പിക്കപ്പെട്ടത്. 2014ലെ കണക്കനുസരിച്ച് ഏകദേശം 24.3 കോടി ബിഎസ്ബിഡിഎ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി. എന്‍ഡിഎ സര്‍ക്കാരിന്റെ കീഴില്‍ 2014ലാണ് ജന്‍ ധന്‍ യോജന പദ്ധതി തുടങ്ങിയത്. 2023 ഡിസംബര്‍ ആയപ്പോഴേക്കും 51 കോടി ജന്‍ ധന്‍ അക്കൗണ്ടുകളാണ് നിലവില്‍ വന്നത്. അതായത് 9 വര്‍ഷത്തിനുള്ളിലാണ് ഇത്രയും അക്കൗണ്ടുകള്‍ തുടങ്ങിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2010ലാണ് സ്വാവലംബന്‍ സ്‌കീം ലോഞ്ച് ചെയ്തത്. 2014 ആയപ്പോഴേക്കും 29 ലക്ഷം അക്കൗണ്ടുകള്‍ ഇത് പ്രകാരം തുറന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് 2015ലാണ് അടല്‍ പെന്‍ഷന്‍ യോജന പദ്ധതി തുടങ്ങിയത്. 2023 ഡിസംബര്‍ ആയപ്പോഴേക്കും ഈ പദ്ധതിയില്‍ 5.95 കോടി വരിക്കാരാണുള്ളത്. യുപിഎ സര്‍ക്കാരിന്റെ സ്‌കീമിന്റെ 20 മടങ്ങാണ് ഈ കണക്കുകള്‍.

ഗ്രാമീണ ഇന്ത്യയില്‍ നിരവധി മാറ്റങ്ങളാണ് സംഭവിച്ചത്. അത് പ്രതിഫലിപ്പിക്കുന്ന ചില കണക്കുകളിലേക്ക് നോക്കാം:

  • ഭക്ഷ്യധാന്യ ഉല്‍പ്പാദനം 2014-ല്‍ 265 എംഎംടി ആയിരുന്നത് 2023-ല്‍ 323.55 എംഎംടി ആയി ഉയര്‍ന്നു.
  • കര്‍ഷകരില്‍ നിന്നുള്ള പയറുവര്‍ഗ്ഗങ്ങളുടെ സംഭരണം 2014-ലെ 1.5 എല്‍എംടിയില്‍ നിന്ന് 82.21 എല്‍.എം.ടി. ആയി 2023ല്‍ ഉയര്‍ന്നു. 54 മടങ്ങ് വര്‍ധനയാണ് സംഭവിച്ചിരിക്കുന്നത്.
  • 2014ലെ 146.39 ദശലക്ഷം ടണ്ണില്‍ നിന്ന് പാലുല്‍പ്പാദനം 2023ല്‍ എത്തിയപ്പോഴേക്കും 221.06 ദശലക്ഷം ടണ്‍ ആയി ഉയര്‍ന്നു.
  • കര്‍ഷകരില്‍ നിന്നുള്ള എത്തനോള്‍ സംഭരണം 2014ലെ 38 കോടി ലിറ്ററില്‍ നിന്ന് 2023ല്‍ 434 കോടി ലിറ്റര്‍ ആയി ഉയര്‍ന്നു.
  • എംജിഎന്‍ആര്‍ഇജിഎയ്ക്ക് കീഴില്‍, 2014 ലെ ശരാശരി വാര്‍ഷിക വ്യക്തി ദിനങ്ങള്‍ 208 കോടി ദിവസമായിരുന്നു. 2023-ല്‍ ഇത് 248 കോടി ദിവസമായി ഉയര്‍ന്നു.
  • 2014ല്‍ പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്ക് കീഴില്‍ റോഡിന്റെ ദൈര്‍ഘ്യം 3.81 ലക്ഷം കിലോമീറ്ററായിരുന്നു. ഇപ്പോള്‍ അത് 6.21 ലക്ഷം കിലോമീറ്ററാണ്, കഴിഞ്ഞ 9 വര്‍ഷം കൊണ്ട് 2.40 ലക്ഷം കി.മീ. അധികം ചേര്‍ക്കാനായി.
  • 2013-14ല്‍ കാര്‍ഷിക ബജറ്റ് 21,933 കോടി രൂപയായിരുന്നു. 2014നെ അപേക്ഷിച്ച് 2023-24ല്‍ ഇത് 5.7 മടങ്ങ് വര്‍ധിച്ച് 1,25,036 കോടി രൂപയായി ഉയര്‍ന്നു.
  • 2006-14 കാലഘട്ടത്തില്‍ ഗോതമ്പിനുള്ള എംഎസ്പി (മിനിമം സപ്പോര്‍ട്ട് പ്രൈസ്) പേമെന്റ് 2.39 ലക്ഷം കോടി രൂപയായിരുന്നു. 2014-22 കാലയളവില്‍ ഇത് 4.52 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
  • നെല്ലിനുള്ള എംഎസ്പി പേയ്മെന്റുകളുടെ എണ്ണത്തിലെ വര്‍ധന കൂടുതല്‍ ശ്രദ്ധേയമാണ്. 2006-14 കാലത്ത്, കര്‍ഷകര്‍ക്ക് 3.09 ലക്ഷം കോടി നല്‍കിയപ്പോള്‍ 2014-22ല്‍ 10.06 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തത്.
  • വിവിധ മേഖലകളിലുള്ളവര്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ പിന്തുണ ലഭിച്ചതിന്റെ സൂചകങ്ങളാണ് ഇവയെല്ലാം.
  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

വനിതകള്‍ക്ക് കൂടുതല്‍ തൊഴില്‍

സ്ത്രീകള്‍ക്കിടയില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നമോ ഡ്രോണ്‍ ദീദി എന്ന പദ്ധതി ആരംഭിച്ചത്. വലിയ ആവേശമാണ് ഇത് ജനിപ്പിച്ചത്. സ്വയം സഹായ സംഘങ്ങളിലെ സ്ത്രീ തൊഴിലാളികളാണ് അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഇതിന് തിരഞ്ഞെടുക്കപ്പെടുന്നത്. ഡ്രോണുകളെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി അവര്‍ക്ക് 15 ദിവസത്തെ പരിശീലനം നല്‍കുകയും ചെയ്യുന്നു. വനിതാ സ്വയം സഹായ സംഘങ്ങളില്‍ നിന്നുള്ള 15,000 അംഗങ്ങള്‍ക്ക് ഡ്രോണുകള്‍ നല്‍കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. 1,261 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ പൂര്‍ണ ഫണ്ടും നല്‍കുന്നത് കേന്ദ്രമാണ്. 2024-25 മുതല്‍ 2025-26 വരെയാണ് പദ്ധതി. ഗ്രാമങ്ങളിലെ സ്ത്രീകളെ വലിയ തോതില്‍ ശാക്തീകരിക്കുന്ന പദ്ധതിയല്ലേ ഇത്.

അടുത്തിടെ വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ‘ദ ക്ലിയറസ്റ്റ് സൈന്‍ ഓഫ് ഇന്ത്യാസ് വെരി ഗുഡ് ഇയര്‍’ എന്ന തലക്കെട്ടിലായിരുന്നു അത്. അതില്‍ പറയുന്നു, ‘ഫലത്തില്‍ ഇന്ത്യക്ക് എല്ലാം ശരിയായിട്ടാണ് പോകുന്നത്.’ ഈ വര്‍ഷം ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഒരു ശതമാനം ഇടിവുണ്ടായതായും അതില്‍ പറയുന്നുണ്ട്. എന്നാല്‍ ചൈനീസ് യുവാന്‍ 3 ശതമാനവും, സൗത്ത് ആഫ്രിക്കന്‍ റാന്‍ഡ് 9 ശതമാനവും, ജാപ്പനീസ് യെന്‍ 11 ശതമാനവും ഇടിവ് രേഖപ്പെടുത്തിയെന്നും കണക്കുകള്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്‌കരണ പദ്ധതികളില്‍ നിന്നും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ പ്രയോജനം നേടുന്നുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. അത് തീര്‍ച്ചയായും എല്ലാവരും വായിക്കണം. അപ്പോഴേ അനുദിനം കുതിച്ചുയരുന്ന യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ എങ്ങനെയാണ് തല ഉയര്‍ത്തി നില്‍ക്കുന്നതെന്ന് അറിയാന്‍ സാധിക്കൂ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും അതിന്റെ അടിത്തറയും ശക്തമായതുകൊണ്ട് മാത്രമാണ് അത് സംഭവിക്കുന്നത്.

Maintained By : Studio3