Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സി.എസ്.ആർ. വിഹിതം ലാഭത്തിന്റെ രണ്ടു ശതമാനത്തിൽ നിന്ന് നാലു ശതമാനമായി ഉയർത്തണം: ജോർജ് എം. ജോർജ്

1 min read

രാജ്യത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കൃത്യമായി വിനിയോഗിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ വികസനം പതിന്മടങ്ങ് വേഗത്തിലാകും എന്നഭിപ്രായപ്പെടുകയാണ് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ് ഡയറക്റ്ററായ ജോര്‍ജ് എം ജോര്‍ജ്. ഒരു കമ്പനിക്ക് സമൂഹം നല്‍കിയ വരുമാനത്തിന്റെ ഒരു പങ്ക് സമൂഹത്തിന്റെ സമൂല ഉന്നമനത്തിനായി മടക്കി നല്‍കുവാന്‍ ഓരോ സ്ഥാപനത്തിനും ചുമതലയുണ്ട്. എങ്കില്‍ മാത്രമേ രാജ്യം വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് അതിവേഗം വളരുകയുള്ളൂ എന്നഭിപ്രായപ്പെടുന്ന ജോര്‍ജ് എം ജോര്‍ജ്, മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ വിഭാഗത്തിന്റെ നേതൃസ്ഥാനത്ത് നിന്നുകൊണ്ട് വിദ്യാഭ്യാസം, ആരോഗ്യം, പ്രകൃതിസംരക്ഷണം എന്നീ മേഖലകളിലാണ് പ്രധാനമായും ശ്രദ്ധ പതിപ്പിക്കുന്നത്. ഹൈടെക്ക് അംഗന്‍വാടികള്‍, സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള തുടര്‍പഠന പദ്ധതികള്‍, വയോജന ആരോഗ്യ സംരക്ഷണം, ആരോഗ്യ പരിശോധനകള്‍, മനുഷ്യ-മൃഗസംഘര്‍ഷം കുറയ്ക്കുന്നതിനും ഇല്ലാതാക്കുന്നതിനുമായുള്ള പദ്ധതികള്‍, അന്യം നിന്ന് പോകുന്ന അപൂര്‍വ സസ്യ- ജീവജാലങ്ങളുടെ സംരക്ഷണം തുടങ്ങി സമസ്തമേഖലകളെയും സ്വാധീനിക്കുന്ന സംരംഭങ്ങളാണ് മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍ മേഖലയില്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്നത്. ഫ്യൂച്ചര്‍ കേരള മാസികയ്ക്കനുവദിച്ച അഭിമുഖത്തില്‍ സിഎസ്ആര്‍ രംഗത്ത് താന്‍ വിഭാവനം ചെയ്യുന്ന ഭാവി പദ്ധതികളെക്കുറിച്ചും ഹോസ്പിറ്റാലിറ്റി രംഗത്ത് കേരളത്തിന്റെ വളര്‍ച്ച സാധ്യതകളെപ്പറ്റിയും ജോര്‍ജ് എം ജോര്‍ജ് സംസാരിക്കുന്നു
.
ലക്ഷ്മി എന്‍ കര്‍ത്ത

മുത്തൂറ്റ് ഫിനാന്‍സിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗത്തിന്റെ തലവനാണല്ലോ. സിഎസ്ആര്‍ എന്ന ആശയം ഇന്നത്തെ സമൂഹത്തില്‍ എത്രമാത്രം പ്രസക്തമാണെന്നാണ് കരുതുന്നത് ?

വളര്‍ന്നു കൊണ്ടിരിക്കുന്ന ഏതൊരു സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചും സിഎസ്ആര്‍ എന്നത് ഏറെ നിര്‍ണായകമായ ഒരു സംരംഭമാണ്. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ ഉയര്‍ച്ചക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന സമൂഹത്തിന് വരുമാനത്തിന്റെ ഒരു പങ്ക് വികാസമോന്മുഖ പ്രവര്‍ത്തനങ്ങളിലൂടെ തിരിച്ചു നല്‍കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. കോര്‍പ്പറേറ്റുകളെ സംബന്ധിച്ച് അതൊരു കടമയും ചുമതലയും കൂടിയാണ്. എന്റെ വ്യക്തിപരമായ അഭിപ്രായം സിഎസ്ആര്‍ ഫണ്ടുകള്‍ ലാഭത്തിന്റെ രണ്ടു ശതമാനത്തില്‍ നിന്നും നാല് ശതമാനമായി ഉയര്‍ത്തണം എന്നാണ്. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് എന്ന രീതിയിലാണ് പ്രവര്‍ത്തികമാക്കേണ്ടത്. അതായത് ഇന്ന് നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ഫലം വരും തലമുറകള്‍ക്ക് കൂടി ഗുണകരമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നമ്മുടെ സമ്പദ്വ്യവസ്ഥ ശ്രദ്ധിച്ചാല്‍ മനസിലാകും ഇവിടെ പ്രൈമറി സെക്റ്ററായ കൃഷിയേക്കാള്‍ കൂടുതല്‍ സേവനമേഖലകള്‍ക്കാണ് പ്രാധാന്യം. അതിനാല്‍ പ്രസ്തുത മേഖലകളുടെ വികസനം അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ചെയ്യുന്നത് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും സാമൂഹിക ക്ഷേമത്തിനും നിദാനമാകും.

മുത്തൂറ്റ് ഫിനാന്‍സ് ഏതെല്ലാം മേഖലകളാണ് സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്?

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്നത് ഏറെ ഉത്തരവാദിത്വത്തോടെ ചെയ്യുന്ന ഒരു സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. സമൂഹത്തിനും വരും തലമുറയ്ക്കും ഒരേ രീതിയില്‍ ഗുണകരമാകുന്ന സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് (സുസ്ഥിര വികസനം) മാതൃകയിലുള്ള പദ്ധതികള്‍ കണ്ടെത്തുന്നതിനും അതിനെക്കുറിച്ച് പഠിച്ച്, നടപ്പിലാക്കുന്നതിനായി പൂര്‍ണസജ്ജമായ ടീം ഞങ്ങള്‍ക്കുണ്ട്. നിലവില്‍ സ്ഥാപനത്തിന്റെ സിഎസ്ആര്‍ പോര്‍ട്ട്‌ഫോളിയോയില്‍ പ്രാധാന്യം നല്‍കുന്നത് വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി  എന്നീ വിഷയങ്ങള്‍ക്കാണ്. ഇവ മൂന്നും സുസ്ഥിര വികസന മാതൃകയിലുള്ളതാണ്. വിദ്യാഭ്യാസപരമായി ഒരു വ്യക്തി മുന്നേറുമ്പോള്‍ അതിലൂടെ ഒരു കുടുംബവും സമൂഹവുമാണ് രക്ഷപ്പെടുന്നത്. സമാനമായ രീതിയില്‍ അനാരോഗ്യമാണ് ഒരു വ്യക്തിയുടെ, സമൂഹത്തിന്റെ ഉയര്‍ച്ചക്ക് തടസമാകുന്നത്. അനാരോഗ്യകരമായ അവസ്ഥ കണ്ടെത്തുന്നതിനും അത് മറികടക്കുന്നതിനുമുള്ള അവസരങ്ങളാണ് ആരോഗ്യരംഗത്തെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലൂടെ ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. പ്രകൃതിയില്ലാതെ മനുഷ്യര്‍ക്ക് മാത്രമായി നിലനില്‍പ്പില്ലെന്ന ചിന്തയില്‍ നിന്നുമാണ് പ്രകൃതിസംരക്ഷണം എന്ന ആശയം സിഎസ്ആറിന്റെ ഭാഗമാകുന്നത്.

  ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം

വിദ്യാഭ്യാസ രംഗത്ത് മുത്തൂറ്റ് ഫിനാന്‍സ് നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദീകരിക്കാമോ?

കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതികളാണ് ഓരോ തവണയും ഞങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ഞാന്‍ മുന്‍പ് സൂചിപ്പിച്ചത് പോലെ ഈ തലമുറയ്ക്കും വരും തലമുറയ്ക്കും ഗുണകരമാകുന്ന പദ്ധതികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ഇത്തരത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ഞങ്ങള്‍ നടപ്പിലാക്കുന്ന ഒരു പ്രധാന പദ്ധതിയാണ് നവീന സൗകര്യങ്ങളോട് കൂടിയ അംഗന്‍വാടികള്‍. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആരംഭഘട്ടം, പുതിയ കാര്യങ്ങള്‍ അറിയാനും മനസിലാക്കാനും കൗതുകം ഏറെയുള്ള മൂന്നു മുതല്‍ അഞ്ചു വയസ്സുവരെയുള്ള കാലഘട്ടത്തില്‍ മനോഹരമായ കാഴ്ചകളും പഠന സൗകര്യങ്ങളുമാണ് കുട്ടികള്‍ക്ക് ഒരുക്കി നല്‍കേണ്ടത്. ഇത് മനസിലാക്കിയാണ് സ്മാര്‍ട്ട് അംഗന്‍വാടികള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. വിശാലമായ സ്മാര്‍ട്ട് ക്ളാസ് റൂം, എല്‍ഇഡി മോണിറ്ററുകള്‍, മികച്ച അധ്യാപകരുടെ സേവനം, പോഷകസമ്പന്നമായ ഭക്ഷണം, കളിക്കോപ്പുകള്‍ എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ  ഒരുക്കിയിരിക്കുന്നു. ഒരു മാതൃകാ അംഗന്‍വാടി എന്ന നിലയ്ക്കാണ് ഞങ്ങള്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ നൂറില്‍പരം അംഗന്‍വാടികള്‍ ആരംഭിച്ച് കുട്ടികളെയും അമ്മമാരെയും സേവനങ്ങളിലൂടെ പിന്തുണയ്ക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇതിനു പുറമെ, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അര്‍ഹരായ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, തുടര്‍പഠന പദ്ധതികള്‍ എന്നിവയ്ക്ക് പുറമെ വിദ്യാലയങ്ങള്‍ക്കായി വൃത്തിയുള്ള ശൗചാലയങ്ങള്‍, വാട്ടര്‍ ഫില്‍റ്ററേഷന്‍ പ്ലാന്റുകള്‍, സോളാര്‍ പാനലുകള്‍ എന്നിവയും ഘടിപ്പിച്ചു നല്‍കുന്നുണ്ട്. ഇത് കൂടാതെ വിദ്യാഭ്യാസരംഗത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് അധിഷ്ഠിതമായി നിരവധി പദ്ധതികളും തയ്യാറാക്കി വരുന്നു.

ആരോഗ്യം, പരിസ്ഥിതി  എന്നീ മേഖലകളിലെ പദ്ധതികള്‍ ഏതെല്ലാമാണ് ?

ആരോഗ്യമുള്ള സമൂഹമാണ് സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ ഓരോ വ്യക്തിയും തന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതിനുതകുന്ന രീതിയില്‍ സൗജന്യ ആരോഗ്യ പരിശോധന മുന്‍നിര്‍ത്തി മൊബൈല്‍ ലാബുകള്‍ ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ സഞ്ചരിക്കുന്നു. ഇത്തരത്തില്‍ നടക്കുന്ന പ്രാഥമിക ആരോഗ്യപരിശോധനയില്‍ അനാരോഗ്യം കണ്ടെത്തുന്നവര്‍ക്ക് ചികിത്സയുടെ അടുത്ത ഘട്ടം എന്ന നിലയില്‍ ഡോക്റ്ററുടെ അപ്പോയിന്റ്‌മെന്റ് എടുക്കുന്നതിനും ചികിത്സ നടത്തുന്നതിനുമായുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. ഇതിനു പുറമെ പാലിയേറ്റിവ് കെയര്‍ സംവിധാനങ്ങളും ലഭ്യമാക്കുന്നു. വൃദ്ധ ജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതികളും അവശ്യവസ്തുക്കളുടെ വിതരണവും നടപ്പിലാക്കി വരുന്നു.

പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ വംശനാശം വന്നുകൊണ്ടിരിക്കുന്ന സസ്യജന്തുജാലങ്ങളെ ക്കുറിച്ച് പഠിക്കുന്നതിനുള്ള സാമ്പത്തിക പിന്തുണ നല്‍കുന്നതോടൊപ്പം വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ഹ്യൂമന്‍-അനിമല്‍ കോണ്‍ഫ്‌ളിക്റ്റ് പഠിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനായി ശ്രമിക്കുന്നു. പരിസ്ഥിതി സരംക്ഷണത്തെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക, കാലാവസ്ഥ വ്യതിയാനം പോലുള്ള വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുക, സോളാര്‍ പദ്ധതികള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് നടപ്പിലാക്കുന്നത്.  മഴ കുറവുള്ള വനപ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ക്ക് വെള്ളം കുടിക്കുന്നതിനാവശ്യമായ കൃത്രിമ തടാകങ്ങളും നിര്‍മിച്ചിട്ടുണ്ട്.

അടുത്ത 5 വര്‍ഷത്തെ മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് വിഭാവനം ചെയ്തിരിക്കുന്നത്?

പ്രധാന ഫോക്കസ് തീര്‍ച്ചയായും വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി എന്നിവ തന്നെയായിരിക്കും. എന്നാല്‍ നിലവില്‍ ചെയ്യുന്നതിന്റെ പതിന്മടങ്ങ് കാര്യങ്ങള്‍ മികച്ച രീതിയില്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രദ്ധിക്കും. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി എന്‍ജിഒകളെ ഏല്‍പ്പിക്കുന്ന രീതിയല്ല മുത്തൂറ്റ് ഫിനാന്‍സ് പിന്തുടരുന്നത്. ഞങ്ങളുടെ ടീം അംഗങ്ങളുടെ തന്നെ സഹായത്തോടെയാണ് ഓരോ പദ്ധതിയും പൂര്‍ത്തീകരിച്ചു ജനങ്ങളിലേക്ക് എത്തിക്കുന്നത്. അതിനാല്‍ തന്നെ സ്ഥാപനത്തിലെ ഓരോ വ്യക്തിയും വ്യക്തിഗത സോഷ്യല്‍ സര്‍വീസിന്റെ കൂടി ഭാഗമാകുന്നു. സിഎസ്ആറിന്റെ പേരില്‍ വിനിയോഗിക്കുന്ന ഓരോ രൂപയും കൃത്യമായ കൈകളില്‍ തന്നെയാണ് എത്തുന്നത് എന്നുറപ്പിക്കാന്‍ ഈ കൂട്ടായ പ്രയത്‌നം സഹായിക്കും. നടപ്പിലാക്കുന്ന ഓരോ പദ്ധതിയിലും ഇതേ രീതി തന്നെ തുടരും. വരും വര്‍ഷങ്ങളില്‍ ഇംപാക്റ്റ് സ്റ്റഡി കൂടുതല്‍ മികവുറ്റതാക്കും. ഏതെങ്കിലും ഒരു പദ്ധതി നടപ്പിലാക്കുന്നതോടെ ജോലി കഴിഞ്ഞു എന്ന് ഞങ്ങള്‍  വിശ്വസിക്കുന്നില്ല. കൃത്യമായ ഇടവേളകളില്‍ പ്രസ്തുത പദ്ധതികൊണ്ടുണ്ടായ നേട്ടങ്ങള്‍, ഗുണഭോക്താക്കളുടെ നിലവിലെ അവസ്ഥ എന്നിവയെല്ലാം വിലയിരുത്തും.

  ആഗോള സമ്പദ് വ്യവസ്ഥയില്‍ നിര്‍മ്മിത ബുദ്ധി നിര്‍ണായകമാകുമെന്ന് വിദഗ്ധന്‍

സിഎസ്ആറിന്റെ ഫലം ഭാവി തലമുറയ്ക്ക് കൂടി പ്രയോജനപ്പെടുന്നുണ്ടെന്നു ഉറപ്പിക്കാനായി ഇത്തരം ഇമ്പാക്റ്റ് സ്റ്റഡി സഹായിക്കും. കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് ആരോഗ്യരംഗത്ത് സ്ത്രീകള്‍ക്കായി സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രല്‍ കപ്പുകള്‍ പരിചയപ്പെടുത്തുന്ന ഒരു പദ്ധതി നടപ്പിലാക്കിയിരുന്നു. എന്നാല്‍ പദ്ധതിക്ക് ശേഷം സ്ത്രീകള്‍ അത് ഉപയോഗിക്കുന്നുണ്ടോ എന്ന് ഇംപാക്റ്റ് സ്റ്റഡി നടത്തി. പദ്ധതിയുടെ വിജയം മനസിലാക്കാന്‍ കഴിഞ്ഞത് അതിലൂടെയാണ്. അതിനാല്‍ തന്നെ ഇത്തരം പഠനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി അതിന്റെ ഫലം കൂടി പരിഗണിച്ച് കൊണ്ടായിരിക്കും വരും വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ മുന്നോട്ട് പോകുക.

സംസ്ഥാനത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത മനസിലാക്കിയാണ് മുന്നേറുന്നതെന്ന് തോന്നിയിട്ടുണ്ടോ?

എല്ലാ സ്ഥാപനങ്ങളും ഈ വിഷയത്തില്‍ ഒരേ പോലെ മികച്ച രീതിയില്‍ മുന്നേറുന്നുവെന്ന് പറയാന്‍ കഴിയില്ല. എന്നിരുന്നാലും ഈ രംഗത്ത് തീര്‍ത്തും പോസിറ്റിവ് ആയ സമീപനമാണ് മിക്ക കോര്‍പ്പറേറ്റുകളില്‍ നിന്നും ലഭിക്കുന്നത്. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ നിയമം കൊണ്ട് ക്രോഡീകരിക്കപ്പെട്ട ഒരു രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ ലാഭത്തിന്റെ കുറഞ്ഞത് രണ്ട് ശതമാനം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണം എന്നുള്ളത് നിയമമാണ്. ഇതിനായി പല സ്ഥാപനങ്ങളും എന്‍ജിഒകളെയും മറ്റ് സ്ഥാപനങ്ങളെയും സമീപിക്കാറുണ്ട്. അത് ഓരോ സ്ഥാപനത്തിന്റെ താല്‍പ്പര്യമാണ്. എങ്ങനെ ആണെങ്കിലും സമൂഹത്തിന് ഫലം കിട്ടുന്നുണ്ടോ എന്നതാണ് പ്രധാനം. വ്യക്തിപരമായി പറഞ്ഞാല്‍ സിഎസ്ആര്‍ എന്നത് ഞാന്‍ വളരെ ആസ്വദിച്ചു ചെയ്യുന്ന ഒരു കാര്യമാണ്. സമാനമായ രീതിയില്‍ ചിന്തിക്കുന്ന നിരവധിയാളുകളുണ്ട്. നമ്മള്‍ ചെലവഴിക്കുന്ന ഓരോ ചെറിയ തുകയും മറ്റുള്ളവരുടെ ജീവിതത്തില്‍ വരുത്തുന്ന വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.

സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ പോലെ തന്നെ താങ്കള്‍ക്ക് ഏറെ താല്‍പ്പര്യമുള്ള മേഖലയാണല്ലോ ഹോസ്പിറ്റാലിറ്റി. ഈ ഒരു മേഖലയിലേക്ക് താങ്കളെ ആകര്‍ഷിച്ച ഘടകമെന്താണ്?

ടൂറിസത്തെ മുന്‍നിര്‍ത്തി ധാരാളം ഹോട്ടലുകളും റിസോര്‍ട്ടുകളും നിര്‍മിക്കുന്നത് അല്ല യഥാര്‍ത്ഥത്തില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്. ഇത്തരമൊരു തിരിച്ചറിവാണ് എന്നെ ഈ മേഖലയിലേക്ക് കൂടുതലായി ആകര്‍ഷിച്ചത്. കമ്മ്യൂണിറ്റി, കൊളാബറേഷന്‍, കണ്‍സര്‍വേഷന്‍ എന്നീ ആശയങ്ങളില്‍ അധിഷ്ഠിതമായാണ് ഞാന്‍ ഹോസ്പിറ്റാലിറ്റി മേഖലയെ കാണുന്നത്. ഇതില്‍ തന്നെ കണ്‍സേര്‍വേഷന്‍ എന്ന ഘടകത്തിന് ഞാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നു. ആളുകള്‍ക്ക് മികച്ച അനുഭവങ്ങള്‍ സമ്മാനിക്കുക എന്നതിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്.

നിലവില്‍ ഇവിടുത്തെ ഹോസ്പിറ്റാലിറ്റി രംഗത്ത് ബഹുഭൂരിപക്ഷം ആളുകളും അടിസ്ഥാന സൗകര്യങ്ങള്‍, മാലിന്യ സംസ്‌കരണം എന്നിവയെക്കുറിച്ചൊന്നും ബോധവാന്മാരല്ല. സസ്റ്റൈനബിലിറ്റി എന്ന ആശയത്തിന് ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രാധാന്യമുണ്ട്. അത് മനസിലാക്കി വേണം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍. ഇത്തരം ആശയങ്ങള്‍ കോര്‍ത്തിണക്കി, അനുഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. ഉദാഹരണമായി പറഞ്ഞാല്‍ ഗ്രൂപ്പിന്റെ ഭാഗമായ ബീച്ച് റിസോര്‍ട്ടില്‍ പോലും ഒരു ഭാഗം പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയുടെ കൃഷിക്കായി മാറ്റി വച്ചിരിക്കുകയാണ്. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ അനുഭവങ്ങള്‍ അതിഥികളുമായി പങ്കു വയ്ക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ തനത് കന്നുകാലി ഇനമായ കാസര്‍ഗോഡ് കുള്ളന്‍, വെച്ചൂര്‍ പശു എന്നിവയെയും ഇവിടെ സംരക്ഷിക്കുന്നു. ഇതിലൂടെയെല്ലാം കൃഷി, മല്‍സ്യബന്ധനം, ക്ഷീരോല്‍പ്പാദനം തുടങ്ങി  കേരളത്തിന്റെ തൊഴില്‍ സംസ്‌കാരത്തെ അടുത്തറിയാനും അനുഭവിച്ചു മനസ്സിലാക്കാനുമുള്ള അവസരമാണ് ഓരോ യാത്രികനും ലഭിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ സമാനമായ, അനുഭാവാധിഷ്ഠിത പദ്ധതികളാണ് ഹോസ്പിറ്റാലിറ്റി മേഖലയെ സമ്പുഷ്ടമാക്കുന്നത്. മാത്രമല്ല, നഗരവാസികളായ ആളുകള്‍ക്ക് പ്രകൃതിയിലേക്ക് മടങ്ങി ചെല്ലുന്നതിനുള്ള അവസരം കൂടിയാണ് ഇത് നല്‍കുന്നത്. ഇത്തരത്തില്‍ സമഗ്രമായ മാറ്റം ഈ മേഖലയില്‍ കൊണ്ട് വരണമെന്നുള്ള ആഗ്രഹമാണ് എന്നെ ഈ മേഖലയുടെ ഭാഗമാക്കിയതും. യാത്രകളില്‍ നിന്നുമാണ് എനിക്ക് ഇത്തരത്തിലുള്ള അറിവുകളും അനുഭവങ്ങളും ലഭിച്ചത്. എത്രമാത്രം യാത്രകള്‍ ചെയ്യാന്‍ കഴിയുന്നുവോ അത്രത്തോളം അറിവ് ലഭിക്കുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. വിവിധ ദേശങ്ങള്‍, ഭാഷകള്‍, സംസ്‌കാരങ്ങള്‍ ഇവയെല്ലാം അറിയാനും  ആസ്വദിക്കാനും കഴിയണം. യാത്രികര്‍ക്ക് അത്തരം സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുന്നിടത്താണ് ഹോസ്പിറ്റാലിറ്റി മേഖലയുടെ വിജയം.

  സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ്

കേരളത്തിന്റെ ഹോസ്പിറ്റാലിറ്റി രംഗത്തെ എങ്ങനെ വിലയിരുത്തുന്നു?

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഞാന്‍ ആദ്യമായി കേരളത്തിന്റെ ഹോസ്പിറ്റാലിറ്റി മേഖലയെ അടുത്തറിയുമ്പോള്‍ അനന്തമായ സാധ്യതകള്‍ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ 20 വര്‍ഷത്തിനിപ്പുറം ഹോസ്പിറ്റാലിറ്റി രംഗത്തുള്ള സ്ഥാപനങ്ങളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചു എന്നല്ലാതെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടതായി തോന്നുന്നില്ല. ഏതൊരു പ്രദേശത്തിന്റെയും ഹോസ്പിറ്റാലിറ്റി രംഗത്തിന്റെ വളര്‍ച്ച ആരംഭിക്കേണ്ടത് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടെയാണ്. എന്നാല്‍ ഇവിടെ അതുണ്ടായിട്ടില്ല. ശ്രീലങ്കയോ, മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളോ ആയി താരതമ്യം ചെയ്യുമ്പോള്‍ ഈ മേഖലയില്‍ കേരളം വളരെയേറെ ചെലവേറിയ ഒരു പ്രദേശമാണ്. താമസയോഗ്യമായ മുറികള്‍ വില്‍ക്കുക എന്നത് മാത്രമാണ് ഇവിടുത്തെ ഹോസ്പിറ്റാലിറ്റി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ നിക്ഷേപം, ശ്രദ്ധ എന്നിവ ഈ മേഖലയില്‍ അനിവാര്യമാണ്. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ഇവിടുത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും ഈ രംഗത്ത് മുന്നേറാനാകുകയും ചെയ്യും. കൃത്യമായ നയങ്ങള്‍, നിയമങ്ങള്‍ എന്നിവ അതിന് അനിവാര്യമാണ്. കെട്ടിടത്തിന്റെ ബലവും സൗകര്യവും നോക്കി മാത്രമാകരുത് സ്റ്റാര്‍ റേറ്റിങ് നല്‍കേണ്ടത്. സസ്റ്റൈനബിലിറ്റി എന്ന ഘടകം കൂടി കൃത്യമായി പരിഗണിക്കണം. ഹോസ്പിറ്റാലിറ്റി രംഗം അതിന്റെ പൂര്‍ണതയില്‍ നില്‍ക്കുന്ന കോസ്റ്റാറിക്ക പോലുള്ള ഇടങ്ങളിലെ നിര്‍മാണമാതൃകകള്‍, നിയമങ്ങള്‍ എന്നിവ ഇക്കാര്യത്തില്‍ പിന്തുടരാവുന്നതാണ്.

ഇവിടെ നടപ്പാക്കുന്ന ഓരോ പദ്ധതിയും യഥാര്‍ത്ഥത്തില്‍ നമുക്ക് അനിവാര്യമാണോ എന്ന കാര്യത്തില്‍ കൃത്യമായ പഠനം വേണം. കോവിഡിന് ശേഷം പല ഹോട്ടലുകളും റിസോര്‍ട്ടുകളും ആവശ്യത്തിന് അതിഥികള്‍ ഇല്ലാതെ അടഞ്ഞു കിടക്കുമ്പോള്‍ സഞ്ചരിക്കുന്ന റൂമുകളുമായെത്തുന്ന കാരവന്‍ ടൂറിസത്തിന് ഇവിടെ എന്ത് പ്രസക്തിയാണുള്ളത്? ആ തുക അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിച്ചാല്‍ കാലാകാലം ഗുണം ചെയ്തേക്കും. വിദേശരാജ്യങ്ങളില്‍ കേരളത്തെ പ്രതിനിദാനം ചെയ്യുന്ന കെട്ടുവള്ളങ്ങള്‍, കായലുകള്‍ എന്നിവയെല്ലാം വേണ്ട രീതിയില്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ? ചിന്തിക്കേണ്ടിയിരിക്കുന്നു!

കേരളത്തിന്റെ ഹോസ്പിറ്റാലിറ്റി രംഗത്തെ സംബന്ധിച്ചിടത്തോളം ഏത് തരത്തിലുള്ള അഴിച്ചുപണിയാണ് വേണ്ടത്?

സമഗ്രമായ ചിന്തയും പ്രവര്‍ത്തനവുമാണ് ഹോസ്പിറ്റാലിറ്റി  മേഖലയില്‍ ആവശ്യം.  ടൂറിസം രംഗത്തുള്ളവര്‍ മാത്രം കൂടിച്ചേര്‍ന്നല്ല നയപരമായ തീരുമാനങ്ങള്‍ ഈ വിഷയത്തില്‍ സ്വീകരിക്കേണ്ടത്. ടൂറിസം, ഐടി, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലെയും പരിചയസമ്പരായ ആളുകള്‍ ചേര്‍ന്നാണ് ഹോസ്പിറ്റാലിറ്റി മേഖലയെ മുന്നോട്ട് നയിക്കാനുള്ള നയങ്ങള്‍ കൈക്കൊള്ളേണ്ടത്. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ കൂടാതെ വേണം തീരുമാനങ്ങള്‍ എടുക്കാന്‍. കേരളത്തെ മികച്ച ഒരു ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കി എല്ലാത്തരത്തിലും മാറ്റുന്നതില്‍ ഹോസ്പിറ്റാലിറ്റി രംഗത്തിന് വലിയ പങ്കുണ്ട്. പോസിറ്റിവ് ആയ വാര്‍ത്തകള്‍ വേണം ഈ രംഗത്തെക്കുറിച്ച് പുറത്ത് വരാന്‍. അതിനു പോസിറ്റിവ് ആയ മാറ്റങ്ങള്‍ ഇവിടെ നടക്കണം. നയങ്ങളിലെയും നടപടികളിലെയും സമയബന്ധിതമായ  മാറ്റങ്ങള്‍ സമഗ്രമായ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്.

Maintained By : Studio3