ഇന്ത്യ-ചൈന ചര്‍ച്ച 16 മണിക്കൂര്‍ നീണ്ടു
1 min readന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന ഒന്‍പതാം റൗണ്ട് കമാന്‍ഡര്‍ ലെവല്‍ ചര്‍ച്ചകള്‍ 16 മണിക്കൂര്‍ നീണ്ടുനിന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പക്ഷേ ഇതുവരെ അറിവായിട്ടില്ല.
രണ്ടുമാസങ്ങള്‍ക്കുശേഷമാണ് ഇരുരാജ്യങ്ങളുടെയും സൈനിക നേതൃത്വം മോള്‍ഡോയില്‍ കൂടിക്കാഴ്ച നടത്തുന്നത്. ഞായറാഴ്ച രാവിലെ 10.30 ന് ആരംഭിച്ച ഇത് തിങ്കളാഴ്ച പുലര്‍ച്ചെ 2.30 നാണ് അവസാനിച്ചു. ലേ ആസ്ഥാനമായുള്ള എച്ച്ക്യു 14 കോര്‍പ്‌സിന്റെ കമാന്‍ഡറായ ലഫ്റ്റനന്റ് ജനറല്‍ പി ജി കെ മേനോന്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചു. തര്‍ക്ക പ്രദേശങ്ങളില്‍ നിന്ന് സേനയെ പൂര്‍ണമായും പിന്‍വലിക്കണമെന്നും അതിര്‍ത്തിയിലെ സേനാവിന്യാസം കുറയ്ക്കണമെന്നുമുള്ള ആവശ്യമാണ് ഇന്ത്യ ഉന്നയിച്ചത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും സംഭാഷണത്തിന്റെ ഭാഗമായിരുന്നു.
എട്ടാമത് കോര്‍പ്‌സ് കമാന്‍ഡര്‍ ലെവല്‍ ചര്‍ച്ചകള്‍ നവംബര്‍ 6 നാണ് നടന്നത്. ചര്‍ച്ചകള്‍ പ്രതിസന്ധിയിലായിരുന്നെങ്കിലും, സൈനിക, നയതന്ത്ര ചാനലുകളിലൂടെ സംഭാഷണവും ആശയവിനിമയവും നിലനിര്‍ത്താനും ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനും മറ്റ് ഒത്തുതീര്‍പ്പിനായി ശ്രമിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളിലെ ശാന്തിയും സമാധാനവും ഉറപ്പാക്കുന്നതിനുള്ള സംയുക്തശ്രമങ്ങള്‍ തുടരാനും അവശേഷിക്കുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന്് ഇരുരാജ്യങ്ങളും അറിയിച്ചു.
[bctt tweet=”ഇന്ത്യ-ചൈന ചര്‍ച്ച 16 മണിക്കൂര്‍ നീണ്ടു” username=”futurekeralaa”]
യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ദീര്‍ഘകാലം തുടരുന്നതിന് സൈന്യം തയ്യാറാണെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ ഈ മാസം ആദ്യം പറഞ്ഞിരുന്നു. അതേസമയം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായുള്ള സംഘര്‍ഷത്തില്‍ സൗഹാര്‍ദ്ദപരമായ പരിഹാരം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും സൈന്യം എന്തിനും തയ്യാറാണ്” നരവനെ പറഞ്ഞു. അതിര്‍ത്തിയില്‍ സേനാവിന്യാസം കുയ്ക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറാകാത്തതിനാല്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസിലും പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 30 ന്, പാങ്കോംഗ് തടാകത്തിന്റെ തെക്കേ കരയിലുള്ള നിര്‍ണായകമായ പര്‍വതനിരകള്‍ ഇന്ത്യ പിടിച്ചെടുത്തിരുന്നു. ഇവിടെ മുന്‍പ് ഇന്ത്യ സേനാകാവല്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് ഇന്ത്യയും ബ്ലാക്ക് ടോപ്പിന് സമീപം ചില വിന്യാസങ്ങള്‍ നടത്തി.പക്ഷേ പ്രകോപനപരമായ സൈനിക നീക്കം നടത്താന്‍ ചൈനക്കാര്‍ ശ്രമിച്ചതിന് ശേഷമായിരുന്നു ഇത്. പ്രദേശത്തുള്ള കൊടുമുടികളിലെ ഇന്ത്യയുടെ നിയന്ത്രണം മേഖലയില്‍ ആധിപത്യം പുലര്‍ത്താന്‍ സഹായകമാണ്.