സാമ്പത്തിക കുറ്റകൃത്യങ്ങള്‍; വേട്ടക്കാരനും ഇരകളും-ഒരു മനഃശാസ്ത്ര അവലോകനം
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും അതിലേക്ക് കുറ്റവാളികളെ നയിച്ച കാരണങ്ങള്‍ക്കും മനുഷ്യകുലത്തോളം തന്നെ പഴക്കമുണ്ടെന്ന് പറയാം. അതിനുള്ള പ്രധാന കാരണം മനുഷ്യന്‍റെ ആവശ്യങ്ങളും ആര്‍ത്തിയും വേര്‍തിരിച്ചറിയാനും ആര്‍ത്തിയെ ആവശ്യങ്ങളുമായി കൂട്ടി കുഴക്കാതെ അകറ്റി നിര്‍ത്തുന്നതില്‍ അത്തരം കുറ്റവാളികള്‍ പരാജയപ്പെട്ടതുകൊണ്ടുമാണ്. വരവും ചെലവും തമ്മിലുള്ള അന്തരം വലുതാകുംതോറും ഏതു വിധേനയും ചെലവിനൊപ്പിച്ച് ധനം സമ്പാദിക്കണമെന്ന ചിന്തയിലേക്ക് മനുഷ്യനെ വഴുതി വീഴ്ത്താന്‍ പ്രേരിപ്പിക്കുന്നു. ഫലമോ, അന്നോളം പുലര്‍ത്തിയിരുന്ന സാമ്പത്തിക അച്ചടക്കവും മൂല്യങ്ങളും എല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് അധാര്‍മിക മാര്‍ഗങ്ങളിലൂടെ സ്വത്ത് സമ്പാദിക്കുന്നതിനെ ന്യായീകരിക്കാന്‍ അവന്‍ സ്വയം കാരണങ്ങളും കണ്ടെത്തുന്നു.
— വി അഭിലാഷ്, ആശ എ
സുസ്ഥിര ഭാവിക്കും ശാശ്വത സാമ്പത്തിക അഭിവൃദ്ധിക്കും സാമ്പത്തിക ആസൂത്രണം (ഫിനാന്‍ഷ്യല്‍ പ്ലാനിംഗ്) എത്രമേല്‍ പ്രധാനമാണോ, അത്ര തന്നെ പ്രാധാന്യം അര്‍ഹിക്കുന്നു സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാവാതെയും അതിന്‍റെ ഭാഗഭാക്കാവാതെയും ജാഗ്രത പുലര്‍ത്തുക എന്ന കാര്യവും. അതുകൊണ്ടുതന്നെ ഈ ലക്കത്തില്‍ പ്രതിപാദിക്കുന്നത് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ മനശാസ്ത്രവും അതിലേക്ക് നയിക്കുന്ന പ്രേരക ശക്തികളുമാണ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും അതിലേക്ക് കുറ്റവാളികളെ നയിച്ച കാരണങ്ങള്‍ക്കും മനുഷ്യകുലത്തോളം തന്നെ പഴക്കമുണ്ടെന്ന് പറയാം. അതിനുള്ള പ്രധാന കാരണം മനുഷ്യന്‍റെ ആവശ്യങ്ങളും ആര്‍ത്തിയും വേര്‍തിരിച്ചറിയാനും ആര്‍ത്തിയെ ആവശ്യങ്ങളുമായി കൂട്ടി കുഴക്കാതെ അകറ്റി നിര്‍ത്തുന്നതില്‍ അത്തരം കുറ്റവാളികള്‍ പരാജയപ്പെട്ടതുകൊണ്ടുമാണ്. വരവും ചെലവും തമ്മിലുള്ള അന്തരം വലുതാകുംതോറും ഏതു വിധേനയും ചെലവിനൊപ്പിച്ച് ധനം സമ്പാദിക്കണമെന്ന ചിന്തയിലേക്ക് മനുഷ്യനെ വഴുതി വീഴ്ത്താന്‍ പ്രേരിപ്പിക്കുന്നു. ഫലമോ, അന്നോളം പുലര്‍ത്തിയിരുന്ന സാമ്പത്തിക അച്ചടക്കവും മൂല്യങ്ങളും എല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് അധാര്‍മിക മാര്‍ഗങ്ങളിലൂടെ സ്വത്ത് സമ്പാദിക്കുന്നതിനെ ന്യായീകരിക്കാന്‍ അവന്‍ സ്വയം കാരണങ്ങളും കണ്ടെത്തുന്നു.
വേട്ടക്കാരന്‍റെ (കുറ്റവാളി) മനശാസ്ത്രം
വിശ്വ വിഖ്യാത ക്രിമിനോളജിസ്റ്റ് ഡൊണാള്‍ഡ് ക്രെസ്സി (Donald Cressey) അദ്ദേഹത്തിന്‍റെ പ്രശസ്ത ഫ്രോഡ് ട്രയാങ്കിള്‍ (Fraud Triangle) തിയറിയിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പ്രേരക ശക്തികളായി നിലകൊള്ളുന്ന ഘടകങ്ങളെ തുറന്നുകാട്ടുന്നുണ്ട്. (ചിത്രം ശ്രദ്ധിക്കുക). ഏതൊരു കുറ്റകൃത്യത്തിന്‍റെ പിന്നിലും എന്ന പോലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും പ്രേരക ശക്തിയായി വര്‍ത്തിക്കുന്ന മൂന്ന് കാരണങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് അദ്ദേഹം മുന്നോട്ട് വച്ച തിയറിയാണ് ഫ്രോഡ് ട്രയാങ്കിള്‍. ഇത് പ്രകാരം ഒരു സാമ്പത്തിക കുറ്റവാളിയെ കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട മൂന്ന് കാരണങ്ങള്‍ ഇവയാണ്.
1. സമ്മര്‍ദം അഥവാ പ്രേരണ:
ഏതൊരു കുറ്റവാളിക്കും കുറ്റകൃത്യത്തിനും പിന്നില്‍ കൃത്യമായ പ്രേരണ ഉണ്ടാകും. മിക്കപ്പോഴും അതിന് ഒരു സമ്മര്‍ദത്തിന്‍റെ സ്വഭാവവും കാണും. ഇത്തരം സമ്മര്‍ദങ്ങള്‍ ഭൂരിഭാഗവും സാമ്പത്തിക ബാധ്യതയില്‍ നിന്നോ അരാജക ജീവിതശൈലി കൊണ്ടോ (ഉദാഹരണം: ലഹരി ഉപയോഗം, ചൂതാട്ടം, ധാരാളിത്തം മുതലായവ) ഉടലെടുക്കുന്നതാകും. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 95 ശതമാനം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുമുള്ള പ്രേരണ സ്വയം ക്ഷണിച്ചുവരുത്തുന്ന ഇത്തരം വിനകളാണ് എന്നാണ്.
2. അവസരം:
ശക്തമായ പ്രതിരോധ സംവിധാനങ്ങളുടെ അഭാവം, ഉള്ള സംവിധാനങ്ങളുടെ അലംഭാവം, ഒരിക്കല്‍ കുറ്റം ചെയ്ത് പിടിക്കപ്പെട്ടില്ലെങ്കില്‍ അത് നല്‍കുന്ന ധൈര്യം, കുറ്റവാളികളെ യഥാസമയം നിയമത്തിന് മുന്‍പില്‍ എത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതില്‍ ഭരണകൂടത്തിന്‍റെ അനാസ്ഥ തുടങ്ങിയ കാര്യങ്ങള്‍ എല്ലാം തന്നെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ പുതിയ കുറ്റവാളികള്‍ക്ക് പരോക്ഷമായെങ്കിലും പ്രേരണയായി വര്‍ത്തിക്കുന്നു.
3. യുക്തിവല്‍ക്കരണം/ ന്യായീകരണം:
കുറ്റവാളി സ്വയമേ കണ്ടെത്തുന്ന ന്യായങ്ങള്‍ പലപ്പോഴും അയാളുടെ യുക്തിക്ക് ചേരുന്നതാവും. എന്നാല്‍ രാജ്യത്തിന്‍റെ നിയമവ്യവസ്ഥയ്ക്ക് മുന്‍പില്‍ അത് അശേഷം യുക്തിസഹമായിരിക്കുകയില്ല. എന്നിരുന്നാലും സ്വയം തീര്‍ക്കുന്ന ന്യായീകരണങ്ങള്‍ക്കും കാരണങ്ങള്‍ക്കും വഴിപെട്ട് അവര്‍ സ്ഥിരം കുറ്റവാളികളായി (habitual offenders) തീരാറുള്ള കാഴ്ച്ചയും വിരളമല്ല.
ഇരയുടെ മനശാസ്ത്രം
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് മനുഷ്യകുലത്തോളം തന്നെയോ പണത്തിന്‍റെ ഉല്‍പ്പത്തിയോളം തന്നെയോ പഴക്കമുണ്ടെന്ന് പറയുമ്പോഴും, ഇരകളുടെ കൃത്യമായ എണ്ണം നിര്‍ണയിക്കാന്‍ സാധ്യമാകാത്ത വിധം കുറ്റകൃത്യങ്ങള്‍ പെരുകിയത് സമീപകാലത്താണ്. ആഗോളവല്‍ക്കരണത്തോടെ അതിന്‍റെ വ്യാപ്തി ദേശാന്തരങ്ങള്‍ പിന്നിട്ടു. ഇന്ന് ഈ വിപത്തിന് വിധേയമല്ലാത്ത ഒരു രാഷ്ട്രവും ഇല്ലെന്ന് നിസംശയം പറയാന്‍ സാധിക്കും. ഏത് രാജ്യത്തും ചുരുങ്ങിയത് ഒരു സാമ്പത്തിക തട്ടിപ്പെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല എന്നതാണ് സ്ഥിതി.
ഈ ലേഖനത്തിന്‍റെ തുടക്കത്തില്‍ പ്രതിപാദിച്ചത് പോലെ ആര്‍ത്തി പൂണ്ട മനസാണ് ഇത്തരം കുറ്റവാളികളെ (വേട്ടക്കാരെ) സൃഷ്ടിക്കുന്നതില്‍ പ്രധാന വില്ലന്‍. അതേസമയം ഇരകളേയും സാമ്പത്തിക തട്ടിപ്പുകളിലേക്ക് ആകര്‍ഷിക്കുന്നത് ഇതേ വികാരം തന്നെയാണ്. നമുക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ തന്നെ ഇക്കാര്യം ബോധ്യപ്പെടും. കുറുക്കുവഴികളിലൂടെ പണം പെരുപ്പിക്കാനും മല്‍സര ബുദ്ധിയോടെ ആഡംബര ജീവിതം പുലര്‍ത്താനും സ്വന്തം മൂല്യങ്ങളും സാമ്പത്തിക അച്ചടക്കവും വിട്ടുവീഴ്ച്ച ചെയ്യുവാന്‍ വെമ്പല്‍ കൊള്ളുന്ന മനസുകളാണ് മിക്കപ്പോഴും വേട്ടക്കാരുടെ ഇരകളായി മാറുന്നത്. ഇതിനോടൊപ്പം ആവശ്യം വേണ്ടുന്ന സാമ്പത്തിക അവബോധം കൂടി ഇല്ലാതാകുന്നതോടെ ഇരകളുടെയും വേട്ടക്കാരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ച് സമൂഹത്തിനും സുസ്ഥിര സാമ്പത്തിക അടിത്തറ ഉള്ള രാഷ്ട്രത്തിന്‍റെ പുരോഗതിക്കുമെല്ലാം വെല്ലുവിളി ആയി തീരുന്നു.
വളരെ ചെറിയ രീതിയില്‍ തുടങ്ങുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍, പടിപടിയായി പടര്‍ന്ന് പന്തലിച്ച് മനുഷ്യ ജീവന്‍ തന്നെ തുലയ്ക്കുന്ന സഹസ്രകോടികളുടെ ഹവാല, ലഹരി, വ്യാജ കറന്‍സി, മനുഷ്യ കടത്ത്, തീവ്രവാദം തുടങ്ങി വന്‍ നശീകരണ ശക്തിയായി പരിണമിക്കുന്ന കാഴ്ച്ചയാണ് ഇന്ന് നാം കാണുന്നത്.
സാമ്പത്തിക കുറ്റവാളികളെ എന്ന പോലെ അത്തരം കുറ്റവാളികളുടെ ആസൂത്രിത കുറ്റകൃത്യങ്ങള്‍ക്ക് വഴിപ്പെട്ട് ജീവിതം തന്നെ ഹോമിക്കേണ്ടി വരുന്ന ഇരകളെ(victims) കുറിച്ചും അവരെ ഇത്തരം തട്ടിപ്പുകളിലേക്ക് ആകൃഷ്ടരാക്കുന്ന ഘടകങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്ര ശാഖയാണ് വിക്റ്റിമോളജി (Victimology).
ഇരയുടെ മനശാസ്ത്രം-പ്രേരണയും സാഹചര്യങ്ങളും
വൈജ്ഞാനിക ശോഷണവും (cognitive deficiency), സാമൂഹ്യ ഇടപെടലുമാണ് വ്യക്തികളെ സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്കും കുറ്റവാളികളിലേക്കും അടുപ്പിക്കുന്ന പ്രധാന ഘടകം. ഇവ രണ്ടും ജീവശാസ്ത്രപരമായും സാമ്പത്തികമായും സാമൂഹികമായും മാനസികമായും ബന്ധപ്പെട്ട് നില്‍ക്കുന്ന ഘടകങ്ങളാണ്. വൈജ്ഞാനിക ശേഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചില വ്യക്തികളില്‍ വിവര ശേഖരണത്തിനും വിവരാവലോകനത്തിലും സംഭവിക്കുന്ന കുറവാണ്. മുതിര്‍ന്ന പൗരന്മാരും വേണ്ടുന്നത്ര അറിവും സാമ്പത്തിക അവബോധവും നേടാത്തവരും അനുഭവ സമ്പത്തില്ലാത്തവരുമാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇരകളായി തീരുന്നതില്‍ ഭൂരിഭാഗവും.
ഇരകളെ സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്ക് ആകര്‍ഷിക്കുന്ന ചില പ്രധാന കാരണങ്ങള്‍ ഇവയാണ്. ഇക്കാരണങ്ങളെ പ്രേരണാ ഘടകങ്ങള്‍ എന്നും കോഗ്നിറ്റീവ് ഫാക്ടർസ് എന്നും രണ്ടായി തരം തിരിക്കാം.
പ്രേരണാ ഘടകങ്ങള്‍:
- മനുഷ്യന്‍റെ അടിസ്ഥാന സ്വഭാവങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും (ഭയം, ആര്‍ത്തി, യുക്തിരഹിത സ്വാധീനം)
- ആവശ്യങ്ങള്‍ക്കും അപ്പുറം ആര്‍ത്തി പൂണ്ട് ആഡംബരത്തെ പുല്‍കാനുള്ള ത്വരയില്‍ അനാവശ്യമായ റിസ്ക് എടുക്കല്‍
- ആത്മനിയന്ത്രണം ഇല്ലാതാവുക
- അരുതാത്തതിനോട് വേണ്ട/ഇല്ല എന്ന് പറയാനുള്ള വിമുഖത
- വിവരശേഖരണവും വിവരഅവലോകനവും നടത്തുന്നതില്‍ വീഴ്ച
- ചുറ്റുപാടുമായി തുലനം ചെയ്ത് സാമ്പത്തിക നിലവാരവും സാമൂഹിക സ്റ്റാറ്റസും ക്രമാതീതമായി ഉയര്‍ത്തുവാനുള്ള അഭിവാഞ്ച
കോഗ്നിറ്റീവ് ഫാക്റ്റേഴ്സ്:
- വൈജ്ഞാനിക ബലഹീനത
- സാമ്പത്തിക വിഷയങ്ങളില്‍ പുലര്‍ത്തുന്ന നിസംഗത
- സാമ്പത്തിക അവബോധം ഇല്ലായ്മ
- സാമ്പത്തിക വിഷയങ്ങളില്‍ അമിതമായ ആത്മവിശ്വാസം