December 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരള ട്രാവല്‍ മാര്‍ട്ട് 11-ാം പതിപ്പ് 2022 മാര്‍ച്ച് 24 മുതല്‍ കൊച്ചിയില്‍

1 min read

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന ലോകത്തെ വരവേല്‍ക്കാന്‍ കേരളത്തിന്‍റെ വാതില്‍ തുറക്കുന്ന വിളംബരമായ കേരള ട്രാവല്‍മാര്‍ട്ട് 11-ാം പതിപ്പിന് 2022 മാര്‍ച്ച് 24ന് തിരിതെളിയും.
കൊച്ചി ഗ്രാന്‍റ് ഹയാത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററില്‍ 25 മുതല്‍ 27 വരെയാണ് ട്രാവല്‍മാര്‍ട്ട് എന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് പതിറ്റാണ്ടിനു ശേഷം കേരളം ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുന്ന സുപ്രധാന ടൂറിസം ഉത്പന്നമായ കാരവാന്‍ ടൂറിസവും സാഹസിക ടൂറിസവുമാകും ഇക്കുറി കേരള ട്രാവല്‍മാര്‍ട്ടിന്‍റെ പ്രമേയം. ഇതോടൊപ്പം കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഉത്തരവാദിത്ത ടൂറിസം ഇത്തവണയും പ്രധാന വിഷയമാകും. ആഭ്യന്തര ബയര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് കെടിഎം 11-ാം പതിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി ഗണ്യമായി കുറഞ്ഞുവെങ്കിലും വിദേശ ടൂറിസ്റ്റുകളുടെ വരവ് പഴയ രീതിയിലാകാന്‍ താമസം വരുമെന്നതിനാലാണിത്. ആഭ്യന്തര സഞ്ചാരികള്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത് ഗുണകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ സാദ്ധ്യതകൾ

കേരളത്തിന് ലോക ടൂറിസം ഭൂപടത്തില്‍ പ്രത്യേക സ്ഥാനം നേടിത്തന്ന പുരവഞ്ചി ടൂറിസത്തിനു ശേഷം സംസ്ഥാന ടൂറിസം വകുപ്പ് കൊണ്ടുവന്ന കാരവാന്‍ ടൂറിസത്തെ ഈ വ്യവസായം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട് കാരവാന്‍ ടൂറിസത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കുന്ന സര്‍ക്കാര്‍ നടപടി വ്യവസായത്തിന് ഊര്‍ജ്ജം പകരും. ഏതാണ്ട് ആയിരത്തോളം വിദേശ-ആഭ്യന്തര ബയര്‍മാരെയാണ് ഇക്കുറി കെടിഎമ്മില്‍ പ്രതീക്ഷിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ബയര്‍മാരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ എടുത്തിട്ടുണ്ട്.

ആഭ്യന്തര വിപണിയിലാണ് കേരള ട്രാവല്‍ മാര്‍ട്ട് വിശ്വാസമര്‍പ്പിച്ചിരിക്കുന്നതെന്നും ഇതിലൂടെ ഗുണപരമായ മാറ്റമുണ്ടാകുമെന്നും ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വേണു വി. പറഞ്ഞു. കൊവിഡില്‍ തകര്‍ന്ന ടൂറിസം വ്യവസായത്തെ തിരിച്ചുപിടിക്കാന്‍ ട്രാവല്‍ മാര്‍ട്ടിന്‍റെ പുതിയ പതിപ്പിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മൊത്തം വ്യവസായ രംഗത്തെ തിരിച്ചുകൊണ്ടുവരാന്‍ കേരള ട്രാവല്‍ മാര്‍ട്ടിന് സാധിക്കുമെന്ന് കെടിഎം പ്രസിഡന്‍റ് ബേബി മാത്യു പറഞ്ഞു.

  വിഴിഞ്ഞം തുറമുഖ വികസനം സംരംഭകര്‍ക്ക് വലിയ സാധ്യതകൾ

ടൂറിസം ഡയറക്ടര്‍ വി.ആര്‍.കൃഷ്ണതേജ, കെടിഎം സെക്രട്ടറി ജോസ് പ്രദീപ്, മുന്‍ പ്രസിഡന്‍റുമാരായ ഇ.എം.നജീബ്, എബ്രഹാം ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. കൊവിഡ് പശ്ചാത്തലത്തില്‍ 2021 മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ വെര്‍ച്വല്‍ കേരള ട്രാവല്‍ മാര്‍ട്ട് നടത്തിയിരുന്നു. കൊവിഡാനന്തര സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും സംസ്ഥാനത്തിന്‍റെ സല്‍പേര് വര്‍ധിപ്പിക്കാനും ടൂറിസം വ്യവസായത്തിന് നേതൃത്വപരമായ പങ്ക് വഹിക്കാനാകുമെന്ന് കെടിഎം ഈ വെര്‍ച്വല്‍ മീറ്റിലൂടെ തെളിയിച്ചു.

മുന്‍കാലങ്ങളില്‍ നടത്തിയതുപോലെ എല്ലാവര്‍ക്കും നേരിട്ട് പങ്കെടുക്കാവുന്ന കേരള ട്രാവല്‍ മാര്‍ട്ട് ഈ വര്‍ഷം തന്നെ നടത്തുന്ന കാര്യം ടൂറിസം വകുപ്പ് സജീവമായി പരിഗണിച്ചു വരികയായിരുന്നു. കൊവിഡിനു ശേഷമുള്ള കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ വേദിയാണ് കെടിഎമ്മെന്നും സംഘാടകര്‍ അറിയിച്ചു.

  കെഎസ്‌യുഎം 'ലീപ്എക്‌സ് എവിജിസി-എക്‌സ്ആര്‍ ആക്സിലറേറ്റര്‍ പ്രോഗ്രാം

ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് ബയേഴ്സ് വെര്‍ച്വല്‍ കെടിഎമ്മില്‍ പങ്കെടുത്തിരുന്നു. ഏറ്റവും കൂടുതല്‍ വിദേശ ബയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തത് യുഎസ്എയില്‍ നിന്നും യുകെയില്‍ നിന്നുമാണ്. ഇതു കൂടാതെ ബ്രസീല്‍, ജര്‍മ്മനി, സ്പെയിന്‍, കാനഡ, മെക്സിക്കോ, ഒമാന്‍, യുഎഇ, ആസ്ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സജീവ പങ്കാളിത്തം മാര്‍ട്ടിലുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ നിന്നാണ് ആഭ്യന്തരവിഭാഗത്തില്‍ ഏറ്റവുമധികം ബയര്‍മാരെത്തിയത്. ഡല്‍ഹി, ഗുജറാത്ത്, ഹൈദരാബാദ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ ബയര്‍ പ്രാതിനിധ്യം ഉണ്ടായത്.

Maintained By : Studio3