ഫൗജി രജിസ്ട്രേഷൻ 40 ലക്ഷം കടന്നു
1 min readനവംബറിലാണ് ഫൗജി ഗെയിമിന്റെ പ്രീരജിസ്‌ട്രേഷന്‍ ഇന്ത്യയില്‍ ആരംഭിച്ചത്
ന്യൂഡെല്‍ഹി: പബ്ജി മൊബീല്‍ ഗെയിമിന് പകരം വരുന്ന ഫൗജി ഈ മാസം 26 ന് ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കും. എന്നാല്‍ ഇതിനകം നാല് മില്യണ്‍ പ്രീരജിസ്‌ട്രേഷന്‍ ലഭിച്ചതായി ഡെവലപ്പര്‍മാരായ എന്‍കോര്‍ ഗെയിംസ് അറിയിച്ചു. പുതിയ ഗെയിമിന് ഇന്ത്യയില്‍ ഏറെ ആവശ്യക്കാരുള്ളതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
തല്‍ക്കാലം ഇടത്തരം, ഉയര്‍ന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്കുവേണ്ടി ഗെയിം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്രയും പ്രീരജിസ്‌ട്രേഷന്‍ ലഭിച്ചത് മികച്ച നേട്ടമാണെന്ന് എന്‍കോര്‍ ഗെയിംസ് സഹ സ്ഥാപകന്‍ വിശാല്‍ഗോണ്ടാല്‍ പറഞ്ഞു. ബജറ്റ് ഫോണുകള്‍ ഉപയോഗിക്കുന്ന വലിയൊരു വിഭാഗം ഗെയിമര്‍മാര്‍ക്ക് ഇപ്പോള്‍ ഫൗജി അന്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപയോക്താക്കളുടെ പ്രതികരണം, ആവശ്യകത എന്നിവ മനസ്സിലാക്കി താഴ്ന്ന വിഭാഗം ഫോണുകള്‍ക്കായി ലൈറ്റ് വേര്‍ഷന്‍ പുറത്തിറക്കുമെന്ന് എന്‍കോര്‍ ഗെയിംസ് നേരത്തെ സൂചിപ്പിച്ചിരുന്നു. നവംബറിലാണ് ഫൗജി ഗെയിമിന്റെ പ്രീരജിസ്‌ട്രേഷന്‍ ഇന്ത്യയില്‍ ആരംഭിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പത്ത് ലക്ഷം രജിസ്‌ട്രേഷന്‍ നേടാന്‍ മൊബീല്‍ ഗെയിമിന് കഴിഞ്ഞിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പബ്ജി മൊബീല്‍ ഗെയിമിന് പകരമാണ് ഫൗജി വരുന്നത് എന്ന പ്രചാരണത്തെ എന്‍കോര്‍ ഗെയിംസ് പിന്തുണയ്ക്കുന്നില്ല. പബ്ജിയുടെ മറ്റൊരു പതിപ്പോ ബദലോ അല്ല പുതിയ ഗെയിമെന്ന് ഗോണ്ടാല്‍ പറഞ്ഞു. ഗാല്‍വന്‍ വാലിയിലെ ഏറ്റുമുട്ടലാണ് പുതിയ ഗെയിം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ആദ്യ പതിപ്പ് മെച്ചപ്പെടുത്തുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍എന്‍കോര്‍ ഗെയിംസ്.
രാജ്യസുരക്ഷ മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പബ്ജി ഉള്‍പ്പെടെയുള്ള ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ഇതേതുടര്‍ന്ന് ഇന്ത്യയില്‍ പബ്ജി മൊബീല്‍ നിര്‍മാതാക്കള്‍ ചൈനയിലെ ടെന്‍സെന്റ് സ്റ്റുഡിയോസുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചിരുന്നു. പബ്ജി ഗെയിം ഇന്ത്യയില്‍ വീണ്ടും അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.