2016ന് ശേഷം ആദ്യം ശരാശരി അപ്പാര്‍ട്ട്‌മെന്റ് വലുപ്പത്തില്‍ വര്‍ധന
1 min readശരാശരി അപ്പാര്‍ട്ട്‌മെന്റ് വലുപ്പം 2016 മുതല്‍ കുറയുകയായിരുന്നു
കോവിഡ് 19 സൃഷ്ടിച്ച സാഹചര്യങ്ങള്‍ ഉപഭോക്താക്കളുടെ മുന്‍ഗണന മാറ്റി
ന്യൂഡല്‍ഹി: 2016-ന് ശേഷം ഇന്ത്യയില്‍ ആദ്യമായി പുതിയ വാങ്ങളുകളിലെ ശരാശരി അപ്പാര്‍ട്ട്‌മെന്റ് വലുപ്പം വര്‍ദ്ധിച്ചുവെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് അനറോക്ക് നടത്തിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഡാറ്റ അനുസരിച്ച്, 7 മുന്‍നിര നഗരങ്ങളിലെ ശരാശരി അപ്പാര്‍ട്ട്‌മെന്റ് വലുപ്പം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം ഉയര്‍ന്നു. 2019-ല്‍ 1,050 ചതുരശ്ര അടി ആയിരുന്നു ശരാശരി അപ്പാര്‍ട്ട്‌മെന്റ് വലുപ്പം 2020-ല്‍ 1,150 ചതുരശ്ര അടിയിലേക്ക് എത്തി.
കഴിഞ്ഞ 4 വര്‍ഷത്തെ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്, ശരാശരി അപ്പാര്‍ട്ട്‌മെന്റ് വലുപ്പം 2016 മുതല്‍ കുറയുന്നു എന്നാണ്. എന്നാല്‍ കൊറോണയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാഹചര്യങ്ങള്‍ കൂടുതല്‍ വലുപ്പമുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. 2017ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മികച്ച 7 നഗരങ്ങളിലെ ശരാശരി അപ്പാര്‍ട്ട്‌മെന്റ് വലുപ്പങ്ങളില്‍ 13% ഇടിവ് പ്രകടമായിരുന്നു. 2016-ലെ 1,440 ചതുരശ്ര അടിയില്‍ നിന്ന് 2017-ല്‍ 1,260 ചതുരശ്ര അടിയിലേക്ക് ശരാശരി അപ്പാര്‍ട്ട്‌മെന്റ് വലുപ്പം കുറഞ്ഞിരുന്നു.
”മുന്‍ വര്‍ഷങ്ങളില്‍ അപാര്‍ട്ട്‌മെന്റ് വലുപ്പം കുറയ്ക്കുന്നതിനുള്ള രണ്ട് പ്രധാന കാരണങ്ങള്‍ താങ്ങാനാവുന്ന വിലയിലുള്ളതും കുറഞ്ഞ അറ്റകുറ്റപ്പണി മാത്രം ആവശ്യമായി വരുന്നതുമായ വീടുകള്‍ക്ക് മില്ലേനിയല്‍ വിഭാഗത്തിലുള്ളവര്‍ നല്‍കിയ മുന്‍ഗണനയാണ്. ചെറിയ വില മുന്നോട്ടുവെച്ച് വാങ്ങുന്നവരില്‍ കൂടുതല്‍ താല്‍പ്പര്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഡെവലപ്പര്‍മാര്‍ അവരുടെ ഫ്‌ലാറ്റ് വലുപ്പങ്ങള്‍ കുറയ്ക്കുകയും ചെയ്തു. 2020 ല്‍ കൊറോണ വാങ്ങുന്നവരുടെ മുന്‍ഗണനകള്‍ പെട്ടെന്ന് മാറ്റിമറിച്ചു. വീട്ടിലിരുന്നുള്ള ജോലിയും വീട്ടില്‍ നിന്ന് ക്ലാസുകള്‍ കാണുന്നതുമെല്ലാം അനിവാര്യമായതോടെ നാലുവര്‍ഷത്തിനിടെ ആദ്യമായി ഫ്‌ലാറ്റ് വലുപ്പങ്ങള്‍ വര്‍ദ്ധിച്ചുതുടങ്ങി, ”അനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്സ് ചെയര്‍മാന്‍ അനുജ് പുരി പറഞ്ഞു.
മുംബൈ മെട്രോപൊളിറ്റന്‍ റീജിയനില്‍ (എംഎംആര്‍) പരമാവധി 21 ശതമാനം വര്‍ധന അപ്പാര്‍ട്ട്‌മെന്റുകളുടെ വലുപ്പത്തില്‍ ഉണ്ടായി. 2019-ലെ 773 ചതുരശ്ര അടിയില്‍ നിന്ന് 2020-ല്‍ 932 ചതുരശ്ര അടിയിലേക്ക് എത്തിയെങ്കിലും മുംബൈയിലാണ് ഇപ്പോഴും ഏറ്റവും കുറഞ്ഞ ശരാശരി അപ്പാര്‍ട്ട്‌മെന്റ് വലുപ്പമുള്ളത്. പൂനെയില്‍ 12 ശതമാനം വാര്‍ഷിക വര്‍ധന പ്രകടമായി. ഹൈദരാബാദിലെ ശരാശരി അപ്പാര്‍ട്ട്‌മെന്റ് വലുപ്പമാണ് ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നത്, 1,750 ചതുരശ്ര അടി.
ബാംഗ്ലൂരിലെ ശരാശരി അപ്പാര്‍ട്ട്‌മെന്റ് വലുപ്പം 3 ശതമാനം വര്‍ദ്ധിച്ചു – 2019-ലെ 1,280 ചതുരശ്ര അടിയില്‍ നിന്ന് 2020-ല്‍ 1,320 ചതുരശ്ര അടി ആയി. ഡെല്‍ഹി എന്‍സിആറില്‍, ശരാശരി അപ്പാര്‍ട്ട്‌മെന്റ് വലുപ്പം 2020 ല്‍ 1,290 ചതുരശ്ര അടി ആയിരുന്നു, 2019 ല്‍ 1,250 ചതുരശ്ര അടിയില്‍ നിന്ന് 3 ശതമാനം വര്‍ധന. ചെന്നൈയില്‍ 2020ല്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ ശരാശരി വലുപ്പം 9 ശതമാനം വര്‍ധിച്ചു. 2019-ല്‍ 1,100 ചതുരശ്ര അടിയില്‍ നിന്ന് 2020-ല്‍ 1,200 ചതുരശ്ര അടിയിലേക്കെത്തി. കൊല്‍ക്കത്തയിലും ശരാശരി അപ്പാര്‍ട്ട്‌മെന്റ് വലുപ്പം 10 ശതമാനം വര്‍ധിച്ചു. 2019-ലെ 1,000 ചതുരശ്ര അടിയില്‍ നിന്ന് 2020-ല്‍ 1,100 ചതുരശ്ര അടിയിലേക്ക് എത്തി.