ജൂലൈ റിപ്പോര്‍ട്ട് : എഫ്പിഐകള്‍ നടത്തിയത് 4,515 കോടിയുടെ അറ്റ പിന്‍വലിക്കല്‍
1 min readരണ്ട് മാസത്തെ വിറ്റഴിക്കല്‍ പ്രവണതയ്ക്ക് ശേഷം ജൂണില്‍ എഫ്പിഐകള്‍ വാങ്ങലിലേക്ക് എത്തിയിരുന്നു
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റികളില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ജൂലൈയില്‍ വീണ്ടും അറ്റ വില്‍പ്പനയിലേക്ക് തിരിഞ്ഞു. ജൂലൈ 1-16 വരെയുള്ള കണക്ക് പ്രകാരം 4,515 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്പിഐകള്‍ നടത്തിയിട്ടുള്ളത്. കോവിഡ് -19 ന്‍റെ ഡെല്‍റ്റ വേരിയന്‍റിനെക്കുറിച്ചും എണ്ണവില ഉയരുന്നതിനെക്കുറിച്ചും ഉള്ള ആശങ്ക നിക്ഷേപകരുടെ വികാരത്തെ സ്വാധീനിച്ചതായി വിശകലന വിദഗ്ധര്‍ പറഞ്ഞു.
അതേസമയം, അവര്‍ 3,033 കോടി രൂപ ഡെബ്റ്റ് വിഭാഗത്തില്‍ നിക്ഷേപിച്ചു. അവലോകന കാലയളവില്‍ മൊത്തം അറ്റ പിന്‍വലിക്കല്‍ 1,482 കോടി രൂപയാണ്. ജൂണില്‍ 13,269 കോടി രൂപയാണ് ഇന്ത്യന്‍ മൂലധന വിപണിയില്‍ എഫ്പിഐകള്‍ നടത്തിയ അറ്റ നിക്ഷേപം ഇക്വിറ്റി വിഭാഗത്തില്‍ 17,215 കോടി രൂപയുടെ നിക്ഷേപമാണ് കഴിഞ്ഞ മാസം എഫ്പിഐകള്‍ നടത്തിയത്.
ഈ വര്‍ഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ എഫ്പിഐകള്‍ വാങ്ങലുകാരായിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന്‍റെ പ്രതികൂല പ്രത്യാഘാതത്തെക്കുറിച്ചുള്ള ആശങ്കകളെ തുടര്‍ന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ എഫ്പിഐകള്‍ വില്‍പ്പനയിലേക്ക് തിരിഞ്ഞു. ജൂണില്‍ ഇക്കാര്യത്തില്‍ വീണ്ടെടുപ്പ് ഉണ്ടായെങ്കിലും ജൂലൈയില്‍ വീണ്ടും നെഗറ്റിവ് മനോഭാവം പ്രകടമാകുകയാണ്.
2021ല്‍ ഇക്വിറ്റികളിലെ മൊത്തം എഫ്പിഐ നിക്ഷേപം 55,829 കോടി രൂപയാണ്, ജനുവരി-മാര്‍ച്ച് മാസങ്ങളിലെ ശക്തമായ നിക്ഷേപമാണ് ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഉയര്‍ന്ന പണപ്പെരുപ്പവും ഉദാരമായ ധന നയങ്ങളുടെ തുടര്‍ച്ച സംബന്ധിച്ച ആശങ്കയും നിക്ഷേപകരുടെ വികാരത്തെ ബാധിക്കും.