ഇന്തോ-ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്സുമായി മന്ത്രി രാജീവ് ചര്‍ച്ച നടത്തി
1 min readജപ്പാന്‍ ബിസിനസ് ക്ലസ്റ്റര്‍ രൂപീകരിക്കുന്നതിന് കിന്‍ഫ്രയുടെ സഹകരണം ഉണ്ടാകും
കൊച്ചി: കേരളത്തിലെ ബിസിനസ്സിന്‍റെ വളര്‍ച്ചയെ സഹായിക്കുന്ന തരത്തില്‍ ഇന്തോ-ജാപ്പനീസ് ബന്ധം പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വ്യവസായ മന്ത്രി പി. രാജീവ് ഇന്തോ ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കേരള (ഇന്‍ജാക്ക്) സന്ദര്‍ശിച്ചു. ജപ്പാന്‍ മേള, കൊച്ചിയില്‍ ഒരു ജപ്പാന്‍ ബിസിനസ് ക്ലസ്റ്റര്‍ രൂപീകരണം, വിവിധ ബിസിനസ് മീറ്റകളുടെ സംഘാടനം എന്നിവയില്‍ ഇന്‍ജാക്കിന് സര്‍ക്കാര്‍ പിന്തുണ വാഗ്ദാനം ചെയ്തു.
ഷിപ്പിംഗ്, ടൂറിസം എന്നിവയ്ക്കൊപ്പം മറ്റു ബിസിനസുകളിലും ബിസിനസ് ക്ലസ്റ്റര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ക്ലസ്റ്റര്‍ രൂപീകരിക്കുന്നതിന് ഇന്‍ജാക്കുമായി സഹകരിക്കുന്നതിന് കേരള ഇന്‍ഡസ്ട്രിയല്‍ കിന്‍ഫ്രയോട് നിര്‍ദേശിക്കുമെന്നും മന്ത്രി അറിയിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഇന്‍ജാക്ക് പ്രസിഡന്‍റ് മധു എസ് നായരുമായും ഇന്‍ജാക്കിന്‍റെ മറ്റ് പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തി. ജപ്പാനിലെ വ്യവസായങ്ങളുമായി ബന്ധിപ്പിക്കുന്നതിന് കേരളത്തിലെ ബിസിനസുകളെ പിന്തുണയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചു.
കേരളവും ജപ്പാനും തമ്മിലുള്ള ബിസിനസ്സ് ബന്ധം വളര്‍ത്തിയെടുക്കുന്നതിനായി ജപ്പാന്‍കാരനായ ഒരു നോഡല്‍ ഓഫീസറെ ജപ്പാനില്‍ നിയമിക്കുന്നത് പരിഗണിക്കണമെന്ന് സംഘടനാ പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്‍ജാക്ക് സെക്രട്ടറി സിഎ ജേക്കബ് കോവൂര്‍, അലുമ്നി സൊസൈറ്റി ഓഫ് അസോസിയേഷന്‍ ഫോര്‍ ഓവര്‍സീസ് ടെക്നിക്കല്‍ സ്കോളര്‍ഷിപ്പ് (എഎസ്എ കേരളം) പ്രസിഡന്‍റ് ഇ വി ജോണ്‍, ഇന്‍ജാക്കിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.