ആപ്പിളിനെ മറികടന്ന് രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായി ഷഓമി
1 min readന്യൂഡെല്‍ഹി: 2020 രണ്ടാം പാദത്തില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷഓമി മാറി. ആപ്പിളിനെ മറികടന്നാണ് ഷഓമി ഈ നേട്ടം സ്വന്തമാക്കിയതെന്ന് വിപണി ഗവേഷണ സ്ഥാപനമായ കാനാലിസിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍, പടിഞ്ഞാറന്‍ യൂറോപ്യന്‍ മേഖലകളിലെ കമ്പനിയുടെ കയറ്റുമതി യഥാക്രമം 300%, 150%, 50% എന്നിങ്ങനെ വര്‍ദ്ധിച്ചുവെന്ന് കനാലിസിലെ ഗവേഷണ മാനേജര്‍ ബെന്‍ സ്റ്റാന്‍റണ്‍ പറഞ്ഞു.
മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയുടെ 19 ശതമാനവും 15 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി സാംസങ് വിപണിയില്‍ മുന്നിലെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഷഓമി 83 ശതമാനം വളര്‍ച്ച നേടി വിപണി വിഹിതത്തിന്‍റെ 17 ശതമാനത്തിലേക്കെത്തി. ആപ്പിളിന് 14 ശതമാനം വിഹിതമാണ് ഇപ്പോഴുള്ളത്. ഓപ്പോയും വിവോയും യഥാക്രമം നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനങ്ങള്‍ നേടി, 10 ശതമാനം വീതം വിപണി വിഹിതം. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ സ്മാര്‍ട്ട് ഫോണുകളുടെ ആഗോള ചരക്കുനീക്കം മുന്‍പാദത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധിച്ചു.
മൂന്നാം പാദത്തില്‍ ആപ്പിള്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്ന പശ്ചാത്തലത്തില്‍ ആപ്പിള്‍ പ്രേമികള്‍ വാങ്ങലിനായി കാത്തിരിക്കുന്നതാണ് രണ്ടാം പാദത്തിലെ വില്‍പ്പന ഇടിയാന്‍ പ്രധാന കാരണമെന്നും കമ്പനിയെ സംബന്ധിച്ച് ഇതില്‍ വലിയ ആശങ്കയുടെ കാര്യമില്ലെന്നുമാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.