2021-22ലെ വളര്‍ച്ചാ നിഗമനം വീണ്ടും 10.5%ലേക്ക് ഉയര്‍ത്തി ആര്‍ബിഐ
1 min readഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇരട്ട അക്ക വളര്‍ച്ച പ്രകടമാക്കുമെങ്കിലും 2019-20 ആദ്യ പാദത്തെ ജിഡിപിയേക്കാള്‍ കുറവായിരിക്കുമെന്ന് ഐസിആര്‍എ
ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 10.5% വളര്‍ച്ച നേടുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പുതിയ നിഗമനം. ഏപ്രിലില്‍ നയ പ്രഖ്യാപനത്തിനിടെ റിസര്‍വ് ബാങ്കിന്‍റെ ധനനയ സമിതി ഈ നിഗമനം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം വളര്‍ച്ച സംബന്ധിച്ച പ്രവചനം 9.5 ശതമാനത്തിലേക്ക് കേന്ദ്ര ബാങ്ക് കുറച്ചിരുന്നു.
ജിഡിപി നിഗമനം താഴേക്ക് പരിഷ്കരിക്കാന്‍ നിലവില്‍ കേന്ദ്ര ബാങ്കിനു മുന്നില്‍ യാതൊരു കാരണവുമില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ-യുടെ റിപ്പോര്‍ട്ട് അനുസരിച്ച്, കോവിഡ് രണ്ടാം തരംഗത്തിനുശേഷം നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും എടുത്തുമാറ്റുന്നതിന്‍റെ ഫലമായി സാമ്പത്തിക വീണ്ടെടുക്കല്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. എങ്കിലും ഇത് അപൂര്‍ണമായ നിലയിലാണെന്നും ഐസിആര്‍എ ചൂണ്ടിക്കാണിക്കുന്നു.
കോവിഡ് 19 മൂലം ഇടിവ് നേരിട്ട 2020-21 സൃഷ്ടിക്കുന്ന താഴ്ന്ന അടിത്തറയുടെ ഫലമായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇരട്ട അക്ക വളര്‍ച്ച പ്രകടമാക്കുമെങ്കിലും 2019-20 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലുണ്ടായിരുന്ന ജിഡിപിയേക്കാള്‍ കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-22ലെ മൊത്തം ജിഡിപിയും 2019-20നേക്കാള്‍ കുറവായിരിക്കുമെന്നാണ് കണക്കാക്കുന്നത്. എങ്കിലും കളഴിഞ്ഞ വര്‍ഷവുമായുള്ള താരതമ്യത്തില്‍ ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ രാജ്യവ്യാപക ലോക്ക്ഡൗണിന്‍റെ ഫലമായി 23.7 ശതമാനം സങ്കോചമാണ് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ രേഖപ്പെടുത്തിയത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി 7.3 ശതമാനം ഇടിവ് രേഖപ്പെടുത്തുന്നതിന് പ്രധാന കാരണമായതും ഇതാണ്.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിച്ചതിന്‍റെ ഫലമായി മിക്ക റേറ്റിംഗ് ഏജന്‍സികളും തങ്ങളുടെ അവസാന നിഗമനത്തില്‍ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച പ്രതീക്ഷകള്‍ വെട്ടിക്കുറച്ചിരുന്നു. കോവിഡ് പൂര്‍വ കാലത്തെ നിലയിലേക്കുള്ള വീണ്ടെടുപ്പ് വൈകിക്കുന്നതിന് രണ്ടാം തരംഗം ഇടയാക്കിയിട്ടുണ്ട്. വാക്സിനേഷന്‍റെ വേഗം വര്‍ധിപ്പിക്കുന്നതും മൂന്നാം തരംഗത്തിന്‍റെ പ്രത്യാഘാതം കുറയ്ക്കുന്നതുമാകും സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് വേഗത നല്‍കുന്നതില്‍ നിര്‍ണായകമാകുക.