3-4 വര്‍ഷത്തില്‍ വായ്പാരഹിതമാകാന്‍ ലക്ഷ്യമിട്ട് പതഞ്ജലി ഗ്രൂപ്പ്
1 min readകഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ് 30,000 കോടിക്ക് മുകളില്‍
ന്യൂഡെല്‍ഹി: രുചി സോയയെ ഏറ്റെടുത്തതിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പതഞ്ജലി ഗ്രൂപ്പിന്‍റെ വിറ്റുവരവ് 30,000 കോടിയിലെത്തിയെന്ന് ബാബാ രാംദേവ് അറിയിച്ചു. പതഞ്ജലി ആയുര്‍വേദിനെ എപ്പോള് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യണം എന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും രാംദേവ് അറിയിച്ചു. അടുത്ത 3-4 വര്‍ഷത്തില്‍ വായ്പാ ബാധ്യതകള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ പ്രഖ്യാപിച്ചു.
പാപ്പരത്ത പ്രക്രിയയിലൂടെയാണ് രുചി സോയയെ ബാബാ രാംദേവ് നേതൃത്വം നല്‍കുന്ന കമ്പനി സ്വന്തമാക്കിയത്. ഗ്രൂപ്പിന്‍റെ മൊത്തത്തിലുള്ള വിറ്റുവരവിന് പകുതിയിലധികം സംഭാവന നല്‍കാന്‍ ഇപ്പോള്‍ രുചി സോയയ്ക്ക് സാധിച്ചു. കഴിഞ്ഞ വര്‍ഷം പതഞ്ജലി ഗ്രൂപ്പിന് 30,000 കോടി രൂപയുടെ വിറ്റുവരവുണ്ടായപ്പോള്‍ 16,318 കോടി രൂപ രുചി സോയയില്‍ നിന്നാണെന്ന് പത്രസമ്മേളനത്തില്‍ സംസാരിക്കവെ രാംദേവ് പറഞ്ഞു.
2015-20 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രൂപ്പിന് 25,000 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്നു, അതില്‍ 12,000 കോടി രൂപ പതഞ്ജലി ഗ്രൂപ്പ് കമ്പനികളില്‍ നിന്നും 13,117 കോടി രൂപയും രുചി സോയയില്‍ നിന്നുമാണ് എത്തിയത്. രുചി സോയയുടെ ഫോളോ ഓണ്‍ ഓഫറിലൂടെ സമാഹരണം നടത്തിയാകും വായ്പകളുടെ വലിയൊരു പങ്കും തീര്‍ക്കുക.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പതഞ്ജലി ആയുര്‍വേദ് 9,783.81 കോടി രൂപയുടെ വിറ്റുവരവാണ് സ്വന്തമാക്കിയത്.