എല്‍ജി സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് അവസാനിപ്പിച്ചേക്കും
സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് സംബന്ധിച്ച തീരുമാനം ഉടനെയുണ്ടാകുമെന്ന് ബോംഗ് സിയോക്ക് തന്റെ ജീവനക്കാര്‍ക്ക് സന്ദേശമയച്ചതായി കൊറിയ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു
സോള്‍: സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് അവസാനിപ്പിക്കാന്‍ എല്‍ജി ഒരുങ്ങുന്നു. എല്‍ജി ഇലക്ട്രോണിക്‌സ് സിഇഒ ക്വോണ്‍ ബോംഗ് സിയോക്ക് ഇതുസംബന്ധിച്ച സൂചന നല്‍കി. സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് വില്‍ക്കുകയോ വലുപ്പം വെട്ടിച്ചുരുക്കുകയോ ആണ് കമ്പനി മേധാവി ആലോചിക്കുന്നത്.
സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് സംബന്ധിച്ച തീരുമാനം ഉടനെയുണ്ടാകുമെന്ന് ബോംഗ് സിയോക്ക് തന്റെ ജീവനക്കാര്‍ക്ക് സന്ദേശമയച്ചതായി കൊറിയ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 തുടക്കത്തിലാണ് കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് ഉള്‍പ്പെടെയുള്ള ചുമതലകള്‍ എല്‍ജി സിഇഒ ഏറ്റെടുത്തത്. 2021 ഓടെ എല്‍ജി ലാഭവഴിയില്‍ പ്രവേശിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ ആറ് വര്‍ഷമായി നഷ്ടത്തിലോടുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ്സിനെ കരകയറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇപ്പോള്‍ ആകര്‍ഷകമായ പുതിയ ഫോണുകള്‍ അവതരിപ്പിക്കുന്നത്. രണ്ട് ഡിസ്‌പ്ലേകള്‍ നല്‍കിയ എല്‍ജി വിംഗ്, വെല്‍വറ്റ്, ഈയിടെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ അനാവരണം ചെയ്ത എല്‍ജി റോളബിള്‍ കണ്‍സെപ്റ്റ് എന്നിവ പുതിയ ഡിവൈസുകള്‍ക്കുള്ള ഉദാഹരണങ്ങളാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പ്രീമിയം സെഗ്മെന്റിലാണ് എല്ലാ പുതിയ സ്മാര്‍ട്ട്‌ഫോണുകളും എല്‍ജി അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ മോഡലുകളൊന്നും കമ്പനിക്ക് പ്രതീക്ഷിച്ച വരുമാനം നേടിക്കൊടുത്തില്ല. സാംസംഗ് കൂടാതെ ഓപ്പോ, വണ്‍പ്ലസ്, വിവോ, ഷവോമി, റിയല്‍മി ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനികളും എല്‍ജിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസിന് ഭീഷണിയായി മാറിയിരിക്കുകയാണ്.