റീട്ടെയ്ല്‍ പണപ്പെരുപ്പം ജൂണിലും 6%ന് മുകളില്‍
1 min readറീട്ടെയില്‍ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന് 2-6 ശതമാനം സഹിഷ്ണുതാ പരിധിയാണ് റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ളത്
ന്യൂഡെല്‍ഹി: രാജ്യത്തെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം ജൂണിലും ആറ് ശതമാനമെന്ന പരിധിക്ക് മുകളില്‍. മേയിനെ അപേക്ഷിച്ച് പണപ്പെരുപ്പത്തില്‍ ഇടിവുണ്ടായെങ്കിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച സഹിഷ്ണുതാ പരിധിക്ക് മുകളില്‍ തന്നെയാണ് ഇപ്പോഴും പണപ്പെരുപ്പമെന്ന്
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഉപഭോക്തൃ വില സൂചിക (സിപിഐ) മേയ് മാസത്തെ 6.30 ശതമാനത്തില്‍ നിന്ന് ജൂണില്‍ 6.26 ശതമാനമായി കുറഞ്ഞുവെന്നാണ് എന്‍എസ്ഒ വ്യക്തമാക്കുന്നത്.
നഗര മേഖലകളിലെ പണപ്പെരുപ്പം മേയിലെ 5.91 ശതമാനത്തില്‍ നിന്ന് ജൂണില്‍ 6.37 ശതമാനമായി ഉയര്‍ന്നു. ഗ്രാമീണ മേഖലയിലെ മേയിലെ 6.55 ശതമാനത്തില്‍ നിന്ന് ജൂണില്‍ 6.16 ശതമാനമായി താഴുകയാണ് ഉണ്ടായത്. എന്‍എസ്ഒയുടെ കണക്കനുസരിച്ച് ഉപഭോക്തൃ ഭക്ഷ്യ വില സൂചിക കഴിഞ്ഞ മാസം 5.15 ശതമാനമായി ഉയര്‍ന്നു. മേയില്‍ ഇത് 5.01 ശതമാനമായിരുന്നു.
റീട്ടെയില്‍ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന് 2-6 ശതമാനം സഹിഷ്ണുതാ പരിധിയാണ് റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ളത്. ജൂണിലും ഇതിനു പുറത്താണ് പണപ്പെരുപ്പത്തിന്‍റെ കണക്ക് എന്നതിനാല്‍ ധനനയം കൂടുതല്‍ ഉദാരമാക്കുന്നതിന് കേന്ദ്ര ബാങ്ക് ഉടന്‍ മുതിരില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുന്‍വര്‍ഷം ജൂണിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പയര്‍വര്‍ഗ്ഗങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും വില 2021 ജൂണില്‍ 10.01 ശതമാനം ഉയര്‍ന്നു. മാംസം, മത്സ്യം എന്നിവയുടെ വില 4.83 ശതമാനവും മുട്ടയുടെ വില 19.35 ശതമാനവും ഉയര്‍ന്നു. ഭക്ഷ്യ പാനീയ വിഭാഗങ്ങളുടെ മൊത്തത്തിലുള്ള വിലക്കയറ്റം 5.58 ശതമാനമാണ്. എന്നിരുന്നാലും, പച്ചക്കറി വില 0.70 ശതമാനം കുറഞ്ഞു. മൊത്തം പണപ്പെരുപ്പ ഡാറ്റയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ഇന്ധന, വൈദ്യുതി വിഭാഗങ്ങളിലെ പണപ്പെരുപ്പ നിരക്ക് 12.68 ശതമാനമാണ്.
‘ഭക്ഷ്യവിലക്കയറ്റവും ഇന്ധന വിലവര്‍ധനയും ഉണ്ടായിട്ടും ജൂണിലെ സിപിഐ പണപ്പെരുപ്പം മേയിലെ 6.3 ശതമാനത്തില്‍ നിന്ന് 6.26 ശതമാനമായി കുറഞ്ഞു. എന്നിരുന്നാലും, ഇത് ഉയര്‍ന്ന പരിധിക്ക് മുകളിലാണ്. തുടര്‍ച്ചയായ രണ്ടാം മാസമാണ് 6 ശതമാനത്തിന് മുകളില്‍ പണപ്പെരുപ്പം രേഖപ്പെടുത്തുന്നത്, “ഐസിആര്‍എ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായര്‍ പറഞ്ഞു.