സ്വര്‍ണാഭരണ ക്യാംപെയ്ന്‍ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും ജിജെഇപിസിയും കരാര്‍ ഒപ്പിട്ടു
1 min readന്യൂഡെല്‍ഹി: വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലും (ജിജെഇപിസി) 2021 ല്‍ ഇന്ത്യയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. കരാറിലെ വ്യവസ്ഥകള്‍ പ്രകാരം, രണ്ട് പങ്കാളികളും സംയുക്തമായി ഒരു മള്‍ട്ടി മീഡിയ മാര്‍ക്കറ്റിംഗ് കാംപെയ്നിന് ധനസഹായം നല്‍കും. ഇന്ത്യന്‍ ഉപഭോക്താക്കളില്‍, പ്രത്യേകിച്ച് 35 വയസിന് താഴെയുള്ളവരില്‍ സ്വര്‍ണ്ണാഭരണങ്ങളെ കുറിച്ച് അവബോധം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.
ഇന്ത്യയിലെ യുവതികള്‍ സജീവമായി സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നുണ്ടെങ്കിലും അടുത്ത ആഭരണ ഷോപ്പിംഗില്‍ അതിനുമുകളില്‍ നില്‍ക്കുന്ന ഒന്ന് വാങ്ങണമെന്ന് വലിയൊരു വിഭാഗം കരുതുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്‍റെ ‘റീട്ടെയില്‍ ഗോള്‍ഡ് ഇന്‍സൈറ്റ്സ്: ഇന്ത്യ ജ്വല്ലറി’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 18-24 വയസ് പ്രായമുള്ള ഇന്ത്യന്‍ സ്ത്രീകളില്‍ 33 ശതമാനം പേര്‍ 2019ല്‍ നടത്തിയ സര്‍വേയ്ക്ക് തൊട്ടുമുമ്പുള്ള 12 മാസത്തിനുള്ളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയെന്ന് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വര്‍ണത്തിന് മുകളില്‍ നില്‍ക്കുന്ന ഒന്ന് വാങ്ങുന്നതിനുള്ള അഭിവാഞ്ഛ നഗരപ്രദേശങ്ങളില്‍ പ്രകടമാണ്. സ്വയം വേറിട്ടു നില്‍ക്കുന്നതിനും പ്രൗഡി പ്രകടമാക്കുന്നതിനുമുള്ള ആഗ്രഹം മനസിലാക്കാന്‍ സ്വര്‍ണ്ണാഭരണ വ്യാപാരത്തിന് കഴിയുമെങ്കില്‍ പുതിയൊരു സാധ്യതയാണ് മുന്നിലുള്ളതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു.