പയറ്റിതെളിയാന്‍ ടിവിഎസ് വണ്‍ മേക്ക് ചാമ്പ്യന്‍ഷിപ്പില്‍ റൂക്കി കാറ്റഗറി ആരംഭിച്ചു
പതിമൂന്ന് വയസ്സിനും 19 വയസ്സിനുമിടയില്‍ പ്രായമുള്ള പുതുമുഖ റൈഡര്‍മാര്‍ക്ക് മല്‍സരിക്കാം
ന്യൂഡെല്‍ഹി: ടിവിഎസ് വണ്‍ മേക്ക് ചാമ്പ്യന്‍ഷിപ്പില്‍ പുതുതായി റൂക്കി വിഭാഗം ആരംഭിച്ചതായി ടിവിഎസ് റേസിംഗ് പ്രഖ്യാപിച്ചു. പതിമൂന്ന് വയസ്സിനും 19 വയസ്സിനുമിടയില്‍ പ്രായമുള്ള പുതുമുഖ റൈഡര്‍മാര്‍ക്കുവേണ്ടിയാണ് പുതിയ കാറ്റഗറി ആരംഭിച്ചത്. ചാമ്പ്യന്‍ഷിപ്പിനുള്ള സെലക്ഷന്‍ ഓഗസ്റ്റ് 14 ന് ഇരുങ്ങാട്ടുകോട്ടൈയിലെ മദ്രാസ് മോട്ടോര്‍ റേസ്ട്രാക്കില്‍ നടക്കും. ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 200 മോട്ടോര്‍സൈക്കിളിലായിരിക്കും തെരഞ്ഞെടുക്കപ്പെട്ട റൈഡര്‍മാര്‍ മല്‍സരിക്കുന്നത്. 2021 ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ കൂടെ ഇവര്‍ക്കായി മല്‍സരം നടത്തും.
197.8 സിസി, 4 സ്‌ട്രോക്ക്, 4 വാല്‍വ്, എസ്ഒഎച്ച്‌സി, ഓയില്‍ ആന്‍ഡ് എയര്‍ കൂള്‍ഡ് എന്‍ജിന്‍ നല്‍കിയാണ് ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 200 മോട്ടോര്‍സൈക്കിള്‍ ടിവിഎസ് റേസിംഗ് വികസിപ്പിച്ചത്. എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. ഡ്രാഗ് കുറയ്ക്കുന്ന റേസ് ഫെയറിംഗുകള്‍, ക്രമീകരിക്കാവുന്ന സസ്‌പെന്‍ഷന്‍ എന്നിവയും നല്‍കി. കൗമാരപ്രായക്കാരായ റൈഡര്‍മാര്‍ക്കുവേണ്ടിയാണ് ഈ ട്രാക്ക് ബില്‍ഡ് മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്തത്. ടിവിഎസ് റേസിംഗ് ലിവറി, റേസ് എര്‍ഗണോമിക്‌സ്, ടിവിഎസ് യൂറോഗ്രിപ്പിന്റെ പ്രത്യേക ടയറുകള്‍ എന്നിവയും നല്‍കി.
തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ടിവിഎസ് റേസിംഗ് വിശദീകരിച്ചു. 19 വയസ്സിന് താഴെയുള്ളവര്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്. മാത്രമല്ല, ഏതെങ്കിലും റേസിംഗ് പരിശീലന സ്‌കൂളില്‍നിന്ന് ലെവല്‍ 1 എഫ്എംഎസ്‌സിഐ ട്രെയ്‌നിംഗ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. കൂടുതല്‍ പ്രായക്കാരിലേക്ക് ടിവിഎസ് റേസിംഗ് കടന്നുചെല്ലുന്നതിന്റെ ഭാഗമായാണ് പുതുതായി റൂക്കി കാറ്റഗറി ആരംഭിച്ചതെന്ന് ടിവിഎസ് റേസിംഗ് ടീം മാനേജര്‍ ബി ശെല്‍വരാജ് പറഞ്ഞു.