ഫോഡ് എന്‍ഡവര്‍ ബേസ് വേരിയന്റ് നിര്‍ത്തി
ടൈറ്റാനിയം 2 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് വേരിയന്റാണ് ഒഴിവാക്കിയത്
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഫോഡ് എന്‍ഡവര്‍ ഫുള്‍ സൈസ് എസ്‌യുവിയുടെ ബേസ് വേരിയന്റ് നിര്‍ത്തി. ടൈറ്റാനിയം 2 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് എന്ന വേരിയന്റാണ് ഒഴിവാക്കിയത്. ഈ വേരിയന്റിന് ഏകദേശം 30 ലക്ഷം രൂപയായിരുന്നു ഡെല്‍ഹി എക്‌സ് ഷോറൂം വില. ഇനി ടൈറ്റാനിയം പ്ലസ് 2 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്, ടൈറ്റാനിയം പ്ലസ് 4 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്, സ്‌പോര്‍ട്ട് 4 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് എന്നീ മൂന്ന് വേരിയന്റുകളില്‍ മാത്രമായിരിക്കും എസ്‌യുവി ലഭിക്കുന്നത്. യഥാക്രമം 33.80 ലക്ഷം രൂപ, 35.60 ലക്ഷം രൂപ, 36.25 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.
ടൈറ്റാനിയം പ്ലസ് വേരിയന്റിനേക്കാള്‍ 4 ലക്ഷം രൂപയോളം വില കുറവായിരുന്നു ടൈറ്റാനിയം 2 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് എന്ന ബേസ് വേരിയന്റിന്. അതുകൊണ്ടുതന്നെ ചില ഫീച്ചറുകള്‍ നല്‍കിയിരുന്നില്ല. പനോരമിക് സണ്‍റൂഫ്, മുന്നിലെ പാസഞ്ചറിന് എട്ട് വിധത്തില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റ്, വണ്‍ ടച്ച് അപ്പ് ആന്‍ഡ് ഡൗണ്‍ പവര്‍ വിന്‍ഡോകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നീ ഫീച്ചറുകളാണ് കമ്പനി വേണ്ടെന്നുവെച്ചത്. ഫോഡ് ഓട്ടോ പാര്‍ക്ക് അസിസ്റ്റ്, ഡ്രൈവറുടെ കാല്‍മുട്ടിന് എയര്‍ബാഗ്, മുന്നില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് ഐആര്‍വിഎം തുടങ്ങി ചില സുരക്ഷാ ഫീച്ചറുകളും ഒഴിവാക്കിയിരുന്നു.
2.0 ലിറ്റര്‍ ഇക്കോ ബ്ലൂ ഡീസല്‍ എന്‍ജിനാണ് നിലവിലെ മൂന്ന് വേരിയന്റുകള്‍ക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 168 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി ഫോഡിന്റെ 10 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു.