കര്‍ണാടക കേരളത്തിലേക്ക് ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു
1 min readബെംഗളൂരു: കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) ജൂലൈ 12 മുതല്‍ കേരളത്തിലേക്ക് അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് പുനരാരംഭിക്കുമെന്ന് അറിയിച്ചു. നേരത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെത്തുടര്‍ന്നാണ് സംസ്ഥാനം സര്‍വീസ് നിര്‍ത്തിവെച്ചിരുന്നത്. ജൂലൈ 5 മുതലാണ് അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരത്തിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത്. ഇതോടെ കേരളത്തിലുടനീളമുള്ള നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഒരു കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഏപ്രില്‍ മുതല്‍ മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയിലാണ്, വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ബെംഗളൂരു, മംഗളൂരു, മൈസൂരു, പുത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കോര്‍പ്പറേഷന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്നുറപ്പാക്കിയാകും സര്‍വീസ് നടത്തുക. കേരളത്തില്‍ ദിവസേന ഉയര്‍ന്ന കോവിഡ് കേസുകള്‍ കണക്കിലെടുത്ത്, സംസ്ഥാനത്തുനിന്ന് കര്‍ണാടകയിലേക്ക് എത്തുന്നവര്‍ക്ക് കോര്‍പ്പറേഷന്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ‘വാക്സിന്‍ ഒരു ഡോസ് ലഭിച്ച യാത്രക്കാര്‍ അന്തര്‍ സംസ്ഥാന ബസ്സുകളില്‍ കയറുന്നതിന് മുമ്പ് അതിന്‍റെ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണം, “ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിദ്യാഭ്യാസം, ബിസിനസ്സ്, മറ്റ് കാരണങ്ങള്‍ എന്നിവയ്ക്കായി കേരളത്തിലെ വിദ്യാര്‍ത്ഥികളും മറ്റുള്ളവരും ദിവസവും കര്‍ണാടക സന്ദര്‍ശിക്കുന്നു. 15 ദിവസത്തിലൊരിക്കല്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും നെഗറ്റീവ് കോവിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് കൈവശം വയ്ക്കുകയും വേണം. മാസ്ക് ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിവ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.