അസംഘടിത വായ്പാ വിപണി ഇന്ത്യയില്‍ 500 ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍
1 min readഈ വിപണിയുടെ വളര്‍ച്ചയെ പ്രധാനമായും ഇപ്പോള്‍ നയിക്കുന്നത് മൊബൈല്‍ പേയ്മെന്‍റുകളാണ്
ന്യൂഡെല്‍ഹി: പ്രധാനമായും നോട്ടുകളിലൂടെ ഇടപാട് നടത്തുന്ന അസംഘടിത വായ്പകളുടെയും ചെലവ് പങ്കിടലിന്‍റെയും വിപണിയുടെ മൂല്യം രാജ്യത്ത് 500 ബില്യണ്‍ ഡോളറിന്‍റെ മൂല്യത്തിലേക്ക് വളര്‍ന്നതായി പഠന റിപ്പോര്‍ട്ട്. ഒരു വലിയ അവസരമാണ് ഇത് സംരംഭകര്‍ക്ക് മുന്നില്‍ തുറക്കുന്നതെന്നും ഡിജിറ്റൈസേഷന് വലിയ സാധ്യത ഈ മേഖലയില്‍ ഉണ്ടെന്നും ബെംഗളൂരു ആസ്ഥാനമായുള്ള വിപണി ഗവേഷണ സ്ഥാപനമായ റെഡ്സീര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ സംഘടിത വായ്പാ വിപണി ഇപ്പോഴും അതിന്‍റെ സാധ്യതയുടെ വളരേ ചെറിയ ഒരു അളവില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, അനൗപചാരിക വായ്പാ വിപണി അതുമായി താരതമ്യം ചെയ്യുമ്പോള്‍ വളരേ വരുതാണ്. കണക്കനുസരിച്ച്, ഓരോ വര്‍ഷവും ഇന്ത്യയില്‍ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കുമായി 200 ബില്യണ്‍ ഡോളറിലധികം വായ്പകള്‍ അനൗപചാരികമായി നല്‍കപ്പെടുന്നു. ഇതിനൊപ്പം 300 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ചെലവിടല്‍ കുടുംബങ്ങളുടെയോ ആശ്രിതരുടേയോ പങ്കിടലിലൂടെയാണ് നടക്കുന്നത്. ഇത് ഒന്നിച്ച് രാജ്യത്ത് 500 ബില്യണ്‍ ഡോളറിന്‍റെ ‘പങ്കിട്ടുള്ള ചെലവിടല്‍ / വായ്പ’ വിപണി സൃഷ്ടിക്കുന്നു.
‘ഇന്ത്യയിലെ ഷെയേര്‍ഡ് വായ്പ, ചെലവ് വിപണിയെക്കുറിച്ച് കൂടുതല്‍ സംസാരിക്കപ്പെടുന്നില്ല, എന്നാല്‍ പല തരത്തില്‍ അത് സമ്പദ്വ്യവസ്ഥയുടെ അടിത്തറയാണ്. പരമ്പരാഗതമായി, ഈ വിപണി നേരിട്ടുള്ള പണത്തിന്‍റെ അടിസ്ഥാനത്തിലുള്ളതും അസംഘടിതവുമാണ്,’ റെഡ്സീറിലെ അസോസിയേറ്റ് പാര്‍ട്ണര്‍ മൃഗാംക് ഗുട്ട്ഗുടിയ പറഞ്ഞു. എന്നിരുന്നാലും, ടെക്നിക്കല്‍ സൊലൂഷനുകളുടെ ദ്രുതഗതിയിലുള്ള ഉയര്‍ച്ചയും ഡിജിറ്റല്‍ പേയ്മെന്‍റുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയും ഈ മേഖലയിലേക്കും എത്തേണ്ട സമയമാണിതെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂ ജെന്‍ ആപ്ലിക്കേഷനുകളായ സെയര്‍ (Xare), ഫാംപേ (Fampay) തുടങ്ങിയവ ഈ ഡിജിറ്റൈസേഷന്‍ കൊണ്ടുവരുന്നതിനെ നയിക്കുന്നുണ്ട്. ഉപയോഗിക്കാത്ത ക്രെഡിറ്റ് പരിധി, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവ ഗുണഭോക്താവിന് സ്വന്തം ബാങ്ക് എക്കൗണ്ട് ആവശ്യമില്ലാതെ തന്നെ ഒരു നിശ്ചിത പരിധി വരെ പങ്കെടുന്നതിന് സെയര്‍ അവസരമൊരുക്കുന്നു. ഫാമിലി ഫിനാന്‍സ് മാനേജ്മെന്‍റ്, വായ്പ നല്‍കല്‍, സൗജന്യമായി തല്‍ക്ഷണം പണമടയ്ക്കല്‍ എന്നിവ പോലുള്ളവയും ഈ പ്ലാറ്റ്ഫോമില്‍ സാധ്യമാകും.
ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഇടപാടുകള്‍ക്കായി പ്രീ-പെയ്ഡ് പാരന്‍റല്‍ കണ്‍ട്രോള്‍ കാര്‍ഡുകളാണ് ഫാംപേ നല്‍കുന്നത്. അങ്ങനെ, മറ്റൊരു ബാങ്ക് എക്കൗണ്ട് ആവശ്യമില്ലാതെ തന്നെ പണമിടപാടുകള്‍ സാധ്യമാക്കുന്നു.
“പങ്കിട്ട എല്ലാ ചെലവുകളും ട്രാക്കുചെയ്യാനും കൈകാര്യം ചെയ്യാനുമുള്ള ഒരു എന്‍ഡ്-ടു-എന്‍ഡ് പ്ലാറ്റ്ഫോമിന് വലിയ കാര്യക്ഷമത പ്രകടമാക്കാനും ഉപഭോക്തൃ അനുഭവം കാര്യമായി മെച്ചപ്പെടുത്താനും കഴിയും,” ഗുട്ട്ഗുടിയ പറഞ്ഞു. ചെലവ് പങ്കിടല്‍/വായ്പാ വിപണിയുടെ വളര്‍ച്ചയെ പ്രധാനമായും ഇപ്പോള്‍ നയിക്കുന്നത് മൊബൈല്‍ പേയ്മെന്‍റുകളാണ്. 250 ദശലക്ഷത്തിലധികം മൊബൈല്‍ പേയ്മെന്‍റ് ഉപയോക്താക്കളുള്ള ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ പേയ്മെന്‍റ് വിപണിയായി വളര്‍ന്നിട്ടുണ്ട്.