കേരളത്തില്‍ 2 വനിതാ ഡെലിവറി കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട് ആമസോണ്‍
1 min readകൊച്ചി: സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തിന്‍റെ ഭാഗമായി ആമസോണ്‍ ഇന്ത്യ പൂര്‍ണമായും വനിതാ ജീവനക്കാരുള്ള രണ്ട് ഡെലിവറി സ്റ്റേഷനുകള്‍ കേരളത്തില്‍ ആരംഭിച്ചു. നേരത്തേ തമിഴ്നാട്ടിലും ഗുജറാത്തിലും ഇത്തരത്തില്‍ ഓരോ സ്റ്റേഷനുകള്‍ ആമസോണ്‍ തുടങ്ങിയിരുന്നു.
പത്തനംതിട്ട ജില്ലയിലെ ആറന്‍മുള, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലാണ് രണ്ട് പുതിയ വനിതാ ഡെലിവറി സ്റ്റേഷനുകള്‍ തുടങ്ങിയിട്ടുള്ളത്. ഡെലിവറി സര്‍വീസ് പാര്‍ട്ണര്‍മാര്‍ (ഡിഎസ്പി) ആണ് ഡെലിവറി സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നത്. പ്രദേശത്തെ 50ഓളം സ്ത്രീകള്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍
പാക്കേജുകളുടെ കൃത്യവും സമയബന്ധിതവുമായ വിതരണം ലക്ഷ്യമിട്ട്, ഡിഎസ്പികള്‍ക്കും അവര്‍ നിയമിക്കുന്ന അസോസിയേറ്റുകള്‍ക്കും വളര്‍ച്ചയും തൊഴില്‍ അവസരങ്ങളും പ്രാപ്യമാക്കുക എന്നതാണ് ഈ സ്റ്റേഷനുകളുടെ ലക്ഷ്യമെന്ന് ആമസോണ്‍ ഇന്ത്യ പറയുന്നു. രണ്ട് ഓള്‍-വുമണ്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും കൈകാര്യം ചെയ്യുന്നത് സ്ത്രീകളാകും.
സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒരു ജോലിസ്ഥലം സൃഷ്ടിക്കുകയെന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്, ഒപ്പം ജീവനക്കാര്‍ക്ക് അവരുടെ പ്രവര്‍ത്തന സമയങ്ങളില്‍ ആവശ്യമായ ഏത് പിന്തുണയ്ക്കും സഹായത്തിനും ആക്സസ് ചെയ്യാന്‍ കഴിയുന്ന ഒരു ഹെല്‍പ്പ്ലൈന്‍ നമ്പറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
വനിതാ ഡെലിവറി സ്റ്റേഷനുകള്‍ക്ക് പുറമേ, ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായും അവസരമൊരുക്കുന്ന ഡെലിവറി സ്റ്റേഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. ശ്രവണ വൈകല്യമുള്ള ജീവനക്കാര്‍ക്ക് മുംബൈയില്‍ സൈലന്‍റ് ഡെലിവറി സ്റ്റേഷനും ആമസോണ്‍ ഇന്ത്യ നടപ്പിലാക്കി. തങ്ങളുടെ തൊഴില്‍ സേനയുടെ വൈവിധ്യയവും ഉള്‍ച്ചേര്‍ക്കലും മെച്ചപ്പെടുത്താന്‍ ഇത്തരത്തിലുള്ള നടപടികള്‍ തുടരുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.